| Saturday, 31st May 2025, 4:52 pm

പാകിസ്ഥാനെ പിന്തള്ളി കൊളംബിയ, ഇന്ത്യക്ക് പിന്തുണ; തീരുമാനം തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം അതൃപ്തി അറിയിച്ചതോടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബൊഗോട്ട: ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാനികള്‍ക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ടുള്ള പ്രസ്താവന പിന്‍വലിച്ച് കൊളംബിയന്‍ സര്‍ക്കാര്‍.

പാകിസ്ഥാനെതിരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നിലെ വസ്തുത മനസിലായെന്നും ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും കൊളംബിയയുടെ വിദേശകാര്യ സഹമന്ത്രി റോസ യൊലാന്‍ഡ വില്ലവിസെന്‍സിയോ പറഞ്ഞു.

കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാജ്യത്തിന്റെ പാകിസ്ഥാന്‍ അനുകൂല നിലപാടില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് കൊളംബിയയുടെ തീരുമാനം. വ്യാഴാഴ്ച ബൊഗോട്ടയില്‍ നടന്ന പത്രസമ്മേളനത്തില്‍ കൊളംബിയയുടെ നിലപാടില്‍ ശശി തരൂര്‍ അതൃപ്തി അറിയിച്ചിരുന്നു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് പകരം ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ കൊളംബിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇന്ത്യ നിരാശ അറിയിക്കുന്നുവെന്നാണ് തരൂര്‍ പറഞ്ഞത്.

ഭീകരരെ അയക്കുന്നവരും അവരെ ചെറുക്കുന്നവരും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സ്വയം പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഇന്ത്യ ഉപയോഗിച്ചതെന്നും തരൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ കൊളംബിയന്‍ ഭരണാധികള്‍ അവ മാറ്റണമെന്നും ശശി തരൂര്‍ നിര്‍ദേശിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് കൊളംബിയ നിലപാടില്‍ മാറ്റം വരുത്തിയത്. തുടര്‍ന്ന് ഇന്ത്യയെ പിന്തുണക്കാനുള്ള കൊളംബിയയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

കൊളംബിയയുടെ നിലപാടിലുണ്ടായ മാറ്റത്തെ കുറിച്ച് ഇന്ത്യയുടെ മുന്‍ അംബാസിഡറും ബി.ജെ.പി നേതാവുമായ തരണ്‍ജീത് സിങ് സന്ധുവും വ്യക്തമാക്കി. കൊളംബിയ താമസിയാതെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗമാകുമെന്നും അതിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നതെന്നും സന്ധു പറഞ്ഞു.

അതേസമയം പനാമ, ഗയാന സന്ദര്‍ശത്തിന് ശേഷമാണ് തരൂറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൊളംബിയയിലെത്തിയത്. ഇന്ന് (ശനി) അമേരിക്ക അവിടെ നിന്ന് ബ്രസീല്‍ എന്നീ രാജ്യങ്ങളും പ്രതിനിധി സംഘം സന്ദര്‍ശിക്കും.

Content Highlight: Colombia change their statement and supports India

We use cookies to give you the best possible experience. Learn more