| Monday, 6th July 2026, 8:26 am

ട്രംപും ഫിഫയും ഒത്തുകളി? സസ്പന്‍ഷനുള്ള അമേരിക്കന്‍ താരത്തെ കളത്തിലിറക്കാന്‍ സമ്മതിച്ച് ഫിഫ

ശ്രീരാഗ് പാറക്കല്‍

ഫുട്ബോള്‍ ലോകകപ്പിന്റെ നടത്തിപ്പിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ ആതിഥേയരായ യു.എസ്.എയ്ക്ക് അനുകൂലമായ മറ്റൊരു വിവാദ തീരുമാനവുമായി ഫിഫ. നോക്കൗട്ട് ഘട്ടത്തിലെ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ യു.എസ് സ്ട്രൈക്കര്‍ ഫോളറിന്‍ ബലോഗന് ബെല്‍ജിയത്തിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ ഫിഫ അനുമതി നല്‍കി.

സാധാരണ സാഹചര്യത്തില്‍ ചുവപ്പുകാര്‍ഡ് ലഭിക്കുന്ന ഏതൊരു താരത്തിനും അടുത്ത മത്സരം സസ്പെന്‍ഷനിലായിരിക്കും. ഫിഫയുടെ അച്ചടക്കച്ചട്ടങ്ങളിലും ഇക്കാര്യം വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ മുമ്പില്ലാത്ത രീതിയില്‍ ഒരു ആതിഥേയ രാജ്യത്തിന് ഇളവ് നല്‍കിയെന്നാണ് വിമര്‍ശനം.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ നേരിട്ട് ബന്ധപ്പെട്ട് ബലോഗന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ബോസ്നിയക്കെതിരായ മത്സരത്തിലാണ് ബലോഗന് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ആ മത്സരത്തില്‍ ഒരു ഗോള്‍ നേടിയ താരം ടൂര്‍ണമെന്റില്‍ യു.എസിനായി മൂന്നാം ഗോളും സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ താരിക് മുഹറമോവിച്ചിനെ ചവിട്ടിയ സംഭവത്തെ തുടര്‍ന്നാണ് റഫറി ബലോഗനെ ചുവപ്പുകാര്‍ഡ് കാട്ടിയത്.

സംഭവത്തിന് പിന്നാലെ, അത് നേരിട്ട് ചുവപ്പുകാര്‍ഡ് നല്‍കേണ്ട തരത്തിലുള്ള ഫൗളായിരുന്നില്ലെന്ന് യു.എസ് പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോ തുറന്നടിച്ചിരുന്നു. തീരുമാനം പുനപരിശോധിക്കാന്‍ കഴിയുമോയെന്ന് ട്രംപ് ഇന്‍ഫാന്റിനോയെ വിളിച്ച് അന്വേഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ചുവപ്പുകാര്‍ഡ് റദ്ദാക്കാതെയാണ് ബലോഗന് കളിക്കാന്‍ ഫിഫ അനുമതി നല്‍കിയിരിക്കുന്നത്. ബലോഗനുള്ള സസ്പെന്‍ഷന്‍ താത്ക്കാലികമായി മരവിപ്പിക്കുകയാണെന്നാണ് ഫിഫ അറിയിച്ചത്. ഈ കാലയളവില്‍ സമാനമായ ഫൗള്‍ താരം വീണ്ടും ആവര്‍ത്തിച്ചാല്‍ സസ്പെന്‍ഷന്‍ വീണ്ടും പ്രാബല്യത്തിലാക്കുമെന്നും അത്തരമൊരു സാഹചര്യത്തില്‍ മത്സരങ്ങളില്‍നിന്ന് താരത്തെ വിലക്കുമെന്നും ഫിഫ വ്യക്തമാക്കി.

തീരുമാനത്തിന് പിന്നാലെ ഫിഫയ്ക്ക് നന്ദി അറിയിച്ച് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റും പങ്കുവെച്ചു. ‘ശരിയായ തീരുമാനം എടുത്തതിന് ഫിഫയ്ക്ക് നന്ദി. കടുത്ത അനീതിയാണ് അവര്‍ തിരുത്തിയിരിക്കുന്നത്,’ എന്നാണ് ട്രംപ് കുറിച്ചത്.

യു.എസ് സോക്കറും ഫിഫയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. അതേസമയം, റോയല്‍ ബെല്‍ജിയം ഫുട്ബോള്‍ അസോസിയേഷന്‍ ഇതിനെതിരെ രംഗത്തെത്തി. ടൂര്‍ണമെന്റിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്ന് അവര്‍ ആരോപിച്ചു.

ജൂലൈ എട്ടിന് സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് യു.എസ്.എ ബെല്‍ജിയത്തെ നേരിടുന്നത്.

Content Highlight: Collusion between Trump and FIFA? FIFA agrees to let suspended American player take the field

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more