| Sunday, 12th April 2026, 12:50 pm

ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാകാൻ ശുപാർശ നൽകി കൊളീജിയം

മുഹമ്മദ് നബീല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിപറഞ്ഞ ആലപ്പുഴ ജില്ലാ ജഡ്ജി ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ നൽകി കൊളീജിയം.

ഹണിയടക്കം അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്.

തൃശ്ശൂർ ജില്ലാ ജഡ്ജി പി.എസ്. ശശികുമാർ, എറണാകുളം ജില്ലാ ജഡ്ജി കെ.കെ ബാലകൃഷ്ണൻ, പത്തനംതിട്ട ജില്ലാ ജഡ്ജി എൻ. ഹരികുമാർ, തിരുവനന്തപുരം ജില്ലാ ജഡ്ജി എസ്. നസീറ എന്നിവരാണ് ഹണിക്കുപുറമെ ഹൈക്കോടതി കൊളീജിയം സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്തവർ.

അനുഭവസമ്പത്ത് പരിഗണിച്ചുള്ള കൊളീജിയം പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹണി എം. വർഗീസുള്ളത്.

നടിയെ ആക്രമിച്ച കേസിലെ ഹണി എം. വർഗീസിന്റെ വിധി വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. നടിയുടെ അപേക്ഷ പരിഗണിച്ച് വനിതാ ജഡ്ജിയെ വിചാരണയ്ക്ക് നിയോഗിച്ചത്.

എന്നാൽ വിചാരണക്കിടെ നടി ഹണിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ജഡ്ജിയുടെ ഇടപെടൽ നീതിപൂർവമല്ലെന്ന് ചൂണ്ടിക്കാട്ടി ജഡ്ജിയെ മാറ്റാൻ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷെ കേസിൽ വിധി പറഞ്ഞ ശേഷമായിരുന്നു ജഡ്‌ജി ആലപ്പുഴയിലേക്ക് സ്ഥലം മാറിപോയത്.

ഈ കേസിൽ സർക്കാർ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ നൽകിയിരിക്കുന്നത്.

സുപ്രീം കോടതി കൊളീജിയമാണ് സ്ഥാനക്കയറ്റത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.

Content Highlight: Collegium recommends Honey M Varghese to be appointed as High Court judge

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more