| Saturday, 25th June 2016, 10:00 am

കലക്ട്രേറ്റിലെ മലാപ്പറമ്പ് സ്‌കൂളിനും താഴ് വീഴും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് കളക്ട്രേറ്റിലെ എഞ്ചിനീയേഴ്‌സ് ഹാളില്‍ ഒരുക്കിയ മലാപ്പറമ്പ് എ.യു.പി സ്‌കൂളിന്റെ ഭാവിയും അനിശ്ചിതത്വത്തില്‍. സ്വകാര്യ കെട്ടിടമായ എഞ്ചിനീയേഴ്‌സ് ഹാളില്‍ ക്ലാസ് മുറി ഒരുക്കിയത് സര്‍ക്കാര്‍ കെട്ടിടമെന്ന് തെറ്റിദ്ധരിച്ചാണ്.

വിവിധ സര്‍ക്കാര്‍ വകുപ്പിലെ എഞ്ചിനീയര്‍മാരുടെ അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണികഴിപ്പിച്ച കെട്ടിടമാണ് ഇത്. അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് കേരളുടെ ജില്ലാ കേന്ദ്രമാണിത്.

കുട്ടികളെ എങ്ങനെയെങ്കിലും ഹാളില്‍ നിന്നും ഒഴിപ്പിച്ചുതരണമെന്ന ആവശ്യവുമായി അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ കളക്ടറെ കണ്ടിട്ടുണ്ട്. കളക്ട്രേറ്റ് വളപ്പിലായതിനാല്‍ പൊതുകെട്ടിടമെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടികളെ ഇവിടേക്ക് മാറ്റിയത്.

കളക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം പഠന സൗകര്യമൊരുക്കിയത്. എന്നാല്‍ കൂടുതല്‍ വിശാലമായ സ്ഥലം എന്ന നിലയ്ക്കാണ് എഞ്ചിനീയേഴ്‌സ് ഹാളിലേക്ക് മാറ്റാന്‍ തീരുമാനമായത്.

പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയറെ വിളിച്ചാണ് അധികൃതര്‍ ഹാളിലേക്ക് മാറ്റാനുള്ള അനുമതി തേടിയിരുന്നത്. സര്‍ക്കാരില്‍ നിന്നും വിലകൊടുത്ത് വാങ്ങിയ ഭൂമിയിലായിരുന്നു കെട്ടിടം പണിതത്.

ഓഫീസിനോടു ചേര്‍ന്നുള്ള വിശാലമായ ഹാള്‍ ഓണാഘോഷം കുടുംബസംഗമം തുടങ്ങിയ പരിപാടികള്‍ക്കാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. വിശാലമായ വേദിയുള്ള ഹാള്‍ ബാസ്‌ക്കറ്റ്‌ബോള്‍ പോലുള്ള വിനോദത്തിനും ഉപയോഗിച്ചിരുന്നു.

മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാനായി ജൂണ്‍ എട്ടിനാണ് വിദ്യാര്‍ത്ഥികളെ ഇവിടേക്ക് മാറ്റിയത്. എഞ്ചിനീയേഴ്‌സ് ഹാളില്‍ അന്ന് രാത്രി തന്നെ ഏഴ് മുറികളുള്ള സ്‌കൂള്‍ തയ്യാറാക്കുകയായിരുന്നു. പ്ലൈവുഡ് കൊണ്ടാണ് ക്ലാസുകളാക്കി തിരിച്ചത്.

എഞ്ചിനീയേഴ്‌സ് ഹാള്‍ ഒഴിയണമെന്ന ആവശ്യം വന്നതോടെ മറ്റ് സ്ഥലങ്ങള്‍ പരിഗണനയിലുണ്ട്. മലാപ്പറമ്പിലെ എ.ഡി.എം ബംഗ്ലാവാണ് പ്രധാനമായും പരിഗണിക്കുന്നത്.

We use cookies to give you the best possible experience. Learn more