| Friday, 27th February 2026, 2:43 pm

സര്‍വ്വം മായക്ക് ശേഷം ഉറങ്ങിപോയ തിയേറ്ററുകള്‍; മലയാള സിനിമകളുടെ കഴിഞ്ഞ രണ്ട് മാസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

അശ്വിന്‍ രാജേന്ദ്രന്‍

ഏറെ ആവേശത്തോടെയായിരുന്നു കേരളത്തിലെ സിനിമാ പ്രേക്ഷകരും ബോക്‌സ് ഓഫീസും 2025 എന്ന വര്‍ഷം അവസാനിപ്പിച്ചത്. എമ്പുരാനില്‍ ലാലേട്ടന്‍ തുടങ്ങിവെച്ച തേരോട്ടം ലോകഃയിലൂടെ നിവിന്‍ പോളിയുടെ സര്‍വ്വം മായ അതിഗംഭീരമായി തന്നെ അവസാനിച്ചപ്പോള്‍ അവിസ്മരണീയമായ വര്‍ഷമായിരുന്നു സിനിമാ പ്രേക്ഷകര്‍ക്ക് ലഭിച്ചത്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ ശക്തമായി തിരിച്ചെത്തിയ നിവിന്‍ പോളിയുടെ സര്‍വ്വം മായ ഫീല്‍ ഗുഡ് ഴോണറായിട്ട് കൂടി നേടിയത് 150 കോടിയോളമായിരുന്നു.

സുഖമാണോ സുഖമാണ് . Photo: onmanorma

എന്നാല്‍ ഈ ചിത്രങ്ങള്‍ നല്‍കിയ ആവേശം പുതുവര്‍ഷത്തില്‍ തിയേറ്ററിലെത്തിയ ചിത്രങ്ങള്‍ക്ക് തുടരാന്‍ സാധിക്കുന്നില്ലെന്ന സൂചനയാണ് പുറത്തുവരുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമൂഹമാധ്യമമായ എക്‌സിലെ സിനിമാ പേജായ എബി ജോര്‍ജാണ് ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കേരള ബോക്‌സ് ഓഫീസില്‍ നിന്നുമുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കൂട്ടത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത് അദ്വൈത് നായര്‍ സംവിധാനം ചെയ്തിരിക്കുന്ന ചത്താ പച്ചയാണ്. വന്‍ ഹൈപ്പിലെത്തിയ ചിത്രം തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടിയെങ്കിലും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. അതിഥി വേഷത്തിലെത്തിയ മമ്മൂട്ടിയുടെ കഥാപാത്രം വാള്‍ട്ടറിന് നെഗറ്റീവ് റിവ്യൂ വരികയും ചെയ്തതോടെ ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിക്കുകയായിരുന്നു. റിലീസ് ചെയത് ഒരു മാസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ നിന്നും ചിത്രം പതിനേഴ് കോടിയാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.

രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് വലിയ ഹൈപ്പില്ലാതെ തിയേറ്ററിലെത്തിയ പ്രകമ്പനമാണ്. ഗണപതിയും സാഗര്‍ സൂര്യയും ഒരുപറ്റം പുതുമുഖങ്ങളും പ്രധാനവേഷത്തിലെത്തിയ ചിത്രം 28 ദിവസം കൊണ്ട് 14 കോടി തിയേറ്ററുകളില്‍ നിന്നും നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ഹിന്ദി ചിത്രമായ ധുരന്ധറാണ്. ഇന്ത്യയൊട്ടാകെ അലയടിച്ച ചിത്രം കേരളത്തിലെ ലോങ് റണ്ണില്‍ നേടിയത് എട്ടരകോടി രൂപയാണ്.

പിന്നീട് അല്പമെങ്കിലും ചലനം സൃഷ്ടിക്കാനായത് ജയറാം-കാളിദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആശകള്‍ ആയിരത്തിനായിരുന്നു. ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയിനര്‍ വിഭാഗത്തില്‍ പെട്ട ചിത്രം റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ ഏഴുകോടി നേടിയതായാണ് കണക്കുകള്‍. ഏറെ പ്രതീക്ഷകളോടെയെത്തിയ വലതുവശത്തെ കള്ളന്‍ എന്ന ജിത്തു ജോസഫ് ചിത്രത്തിന് അഞ്ചു കോടിക്കപ്പറുത്തേക്ക് കടക്കാന്‍ സാധിച്ചിട്ടില്ല.

വലതുവശത്തെ കള്ളന്‍. Photo: Goodwill entertainments

അതേസമയം ഏറ്റവും പരിതാപകരമായ പ്രകടനം കാഴ്ച്ചവെച്ചത് ആശാനും, പെണ്ണും പൊറാട്ടും, മാത്യൂ തോമസിന്റെ സുഖമാണോ സുഖമാണ് എന്നീ ചിത്രങ്ങളാണ്. ആശാന്‍ കഷ്ടിച്ച് ഒന്നരകോടി നേടിയപ്പോള്‍ രണ്ടാഴ്ച്ച മുമ്പ് റിലീസ് ചെയ്ത മറ്റ് രണ്ട് ചിത്രങ്ങള്‍ക്കും കോടിയിലേക്കെത്താന്‍ സാധിച്ചിട്ടില്ല. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സ്പാക്ക് അരക്കോടി നേടാന്‍ സാധിച്ചിട്ടില്ലെന്ന വസ്തുതയും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം ഏറെ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന മാസങ്ങളെ തിയേറ്റര്‍ ഉടമകളും പ്രേക്ഷകരും നോക്കി കാണുന്നത്. വമ്പന്‍ ക്ലാഷായി യഷിന്റെ ടോക്‌സിക്കും ധുരന്ധര്‍ 2വും മാര്‍ച്ച് 19ന് തിയേറ്ററിലെത്തുമ്പോള്‍ കേരളത്തില്‍ ഇവര്‍ക്ക് ശക്തമായ പോരാട്ടം നല്‍കാന്‍ ആട് 3യും കൂട്ടത്തിലുണ്ട്. തൊട്ടടുത്ത മാസം ഏപ്രിലില്‍ മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 3യും ഹാഷിറും ടീമും പ്രധാനവേഷങ്ങളിലെത്തുന്ന വാഴ 2വും ടൊവിനോയുടെ പള്ളിച്ചട്ടമ്പിയും തിയേറ്ററില്‍ ആളെ കയറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Collection reports of malayalam films released in 2026

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more