| Tuesday, 4th November 2025, 6:43 am

കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു; ഇന്ത്യക്കാര്‍ പല്ല് തേക്കാന്‍ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്ന് കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വില്‍പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നാം പാദത്തിലും കമ്പനിയുടെ വില്‍പന കുത്തനെ ഇടിയുകയായിരുന്നു. ജി.എസ്.ടിയിലുണ്ടായ കുറവും കമ്പനിയുടെ വില്‍പനയില്‍ മാറ്റങ്ങളുണ്ടാക്കിയില്ലെന്നാണ് വിവരം.

അടുത്തിടെ ടൂത്ത് പേസ്റ്റ് ഉള്‍പ്പെടെയുള്ള ദന്ത സംരക്ഷണ ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ ഇത് കോള്‍ഗേറ്റ് കമ്പനിയ്ക്ക് സഹായകമായില്ലെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ മുന്‍നിര ടൂത്ത് പേസ്റ്റ് നിര്‍മാതാക്കളാണ് കോള്‍ഗേറ്റ്-പാമോലിവ്.

2024 സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ വരുമാനത്തില്‍ 6.3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ നഗരമേഖലയിലാണ് കോള്‍ഗേറ്റ് ഇടിവ് നേരിട്ടിരിക്കുന്നത്.

ഗ്രാമീണ മേഖലയിലും കോള്‍ഗേറ്റ് നേരിയ തോതില്‍ തിരിച്ചടി നേരിട്ടുണ്ട്. ഗ്രാമീണ വിപണിയെ ലക്ഷ്യമിട്ട് അടുത്തിടെ പുറത്തിറക്കിയ കോള്‍ഗേറ്റ് സ്ട്രോങ് ടീത്ത് വിജയം കണ്ടിരുന്നില്ല. മാത്രമല്ല കമ്പനിയുടെ വിതരണ മേഖലയില്‍ പാളിച്ചകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

കൂടാതെ ഡാബര്‍, പതഞ്ജലി പോലുള്ള ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇടംപിടിച്ചതും കോള്‍ഗേറ്റിന് തിരിച്ചടിയായി.

എന്നാല്‍ ഇന്ത്യക്കാരെ പഴിച്ചുകൊണ്ടാണ് കോള്‍ഗേറ്റ് കമ്പനി വിഷയത്തില്‍ പ്രതികരിച്ചത്. ഇന്ത്യക്കാര്‍ പല്ല് തേക്കാന്‍ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കമ്പനിയുടെ വാദം. നേരത്തെ ഇന്ത്യയിലെ ഉപഭോക്താക്കള്‍ കുറച്ച് ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുളൂവെന്ന് കോള്‍ഗേറ്റ് പറഞ്ഞിരുന്നു.

ഈ അടുത്ത കാലത്തൊന്നും മാര്‍ക്കറ്റ് തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നാണ് കോള്‍ഗേറ്റ് ചെയര്‍മാനും ഗ്ലോബല്‍ സി.ഇ.ഒയുമായ നോയല്‍ വലയ്‌സ് പറയുന്നത്. ഗ്രാമീണ മേഖലയില്‍ വലിയ പ്രശ്‌നം അഭിമുഖീകരിക്കുന്നില്ലെങ്കിലും നഗരങ്ങള്‍ കേന്ദ്രീകരിച്ച് കമ്പനിയുടെ ഡിമാന്‍ഡ് കുറയുകയാണെന്നും വലയ്‌സ് പറഞ്ഞു.

വില്‍പനയില്‍ തുടര്‍ച്ചയായി നേരിടുന്ന ഇടിവില്‍ വിശദമായ അവലോകനം നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയിലെ 16,700 കോടി രൂപയുടെ ടൂത്ത് പേസ്റ്റ് വിപണിയില്‍ കോള്‍ഗേറ്റിന് 46.1 ശതമാനം വിഹിതമുണ്ടായിരുന്നു. ഇത് 42.6 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

അതേസമയം ഡാബര്‍ അതിന്റെ വിഹിതം 13.9 ശതമാനമായും പതഞ്ജലി 10.9 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ആയുര്‍വേദ, പ്രകൃതിദത്ത ബ്രാന്‍ഡുകളെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlight: Colgate sales plummet; company says Indians are not buying toothpaste to brush their teeth

We use cookies to give you the best possible experience. Learn more