കോയമ്പത്തൂര്‍: ജാതിയുടെ പേരിലുള്ള പീഡനത്തെത്തുടര്‍ന്ന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് ദിവസത്തിന് ശേഷം രണ്ട് സഹപാഠികള്‍ അറസ്റ്റില്‍. അറസ്റ്റിലായ പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം നഗരത്തിലെ പാപനായ്ക്കന്‍ പാളയത്തുള്ള ജുവനൈല്‍ ഒബ്സര്‍വേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
എ.അകിലന്‍(16) എന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ബുധനാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ജാതിയുടെയും ആഹാരശീലത്തിന്റെയും പേരില്‍ തന്റെ മകനെ ക്ലാസിലെ ചില കുട്ടികളും അധ്യാപകനും ബുദ്ധിമുട്ടിച്ചിരുന്നു എന്ന് അകിലന്റെ അമ്മ കൗസല്യാദേവി പറഞ്ഞിരുന്നു.
തന്റെ മകനുള്‍പ്പെടെ അഞ്ച് കുട്ടികളെ രണ്ട് മാസം മുമ്പ് ബീഫ് കഴിക്കുന്നുവെന്ന് പറഞ്ഞ് അദ്ധ്യാപകനായ വിജയകുമാര്‍ ബെഞ്ചില്‍ കയറ്റി നിര്‍ത്തിയിരുന്നു എന്ന് കൗസല്യാദേവി പറഞ്ഞു. അതിനുശേഷം അകിലനെ രണ്ട് സഹപാഠികള്‍ നിരന്തരം അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും ഇവര്‍ക്കെതിരെ പ്രധാനാധ്യാപകന് നടപടിയെടുത്തില്ലെന്നും അവര്‍ ആരോപിച്ചു.
രണ്ട് വിദ്യാര്‍ഥികളോടൊപ്പം വിജയകുമാറിനെയും പ്രധാനാധ്യാപകന് അരുണ്‍കുമാറിനെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പീലമേട് പൊലീസ് കേസെടുത്തിരുന്നു.
അതേസമയം അകിലന്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിട്ടില്ലെന്നും അമ്മ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
അകിലനെ ഉപദ്രവിച്ചെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നും ആരോപിക്കപ്പെടുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും ബന്ധുക്കളും ഡി.എം.കെ, സി.പി.ഐ.എം, മെയ് 17 മൂവ്മെന്റ്, സമൂഗ നീതി കക്ഷി തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും കോയമ്പത്തൂര്‍ കളക്ടറേററ്റില്‍ ഒത്തുകൂടുകയുും കളക്ടര്‍ പവന്‍കുമാര്‍ ജി. ഗിരിയപ്പനവറിനെ കണ്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
സ്കൂള്‍ സെക്രട്ടറി വെള്ളിയാഴ്ച പ്രധാനാധ്യാപകനെയും സംഭവത്തില്‍ പ്രതിയായ അധ്യാപകനെയും സസ്പെന്‍ഡ് ചെയ്തു. ജോലിസ്ഥലത്ത് ജാതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടെന്നും നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തതെന്നും മാനേജ്മെന്റ് ഉത്തരവില്‍ വ്യക്തമാക്കി.
Content Highlight: Coimbatore student ends life; family alleges harassment by teacher, classmates over caste and beef consumption