തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ആര്‍ടിഫിഷ്യല്‍, കോഡിംഗ്, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയിലുള്ള അഭിരുചി വളര്‍ത്തുന്നതിനും ഭാവിയിലെ ഗവേഷകരെയും സാങ്കേതിക വിദഗ്ധരെയും വാര്‍ത്തെടുക്കുന്നതിനുമായി കൊക്കോസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (Kokos.ai) ടെക്‌നോപാര്‍ക്കിലെ ടെക്കി കൂട്ടായ്മയായ പ്രതിധ്വനിയുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന നേഡ്‌സ് 1.0 (NERDS 1.0) ഹാക്കത്തോണിന്റെ ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ 29 ഞായറാഴ്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടക്കും. വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തിലാണ് സംഘാടകര്‍ ഇക്കാര്യം അറിയിച്ചത്.
വെറും മത്സരങ്ങള്‍ക്കപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ പരിശീലനവും വിദഗ്ധ മാര്‍ഗനിര്‍ദേശവും നല്‍കുന്ന രീതിയിലാണ് നേഡ്‌സ് 1.0 വിഭാവനം ചെയ്തിരിക്കുന്നത്. ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഈ പരിപാടിയില്‍ പന്ത്രണ്ടോളം സ്‌കൂളുകള്‍ നാമനിര്‍ദ്ദേശം ചെയ്ത രണ്ടുമുതല്‍ നാല് വരെ അംഗങ്ങളടങ്ങുന്ന ടീമുകളാണ് പങ്കെടുക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ക്ക് വ്യവസായ പ്രമുഖരുടെയും സാങ്കേതിക വിദഗ്ധരുടെയും നേത്യത്വത്തില്‍ ഓറിയന്റേഷന്‍ സെഷനുകളും മാസ്റ്റര്‍ക്ലാസുകളും നല്‍കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിംഗ്, ഡിസൈന്‍ തിങ്കിംഗ്, പ്രോജക്ട് ഡെവലപ്‌മെന്റ് എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസത്തെ സമഗ്ര പരിശീലനം ലഭ്യമാക്കുകയും ചെയ്ത ശേഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നവംബര്‍ 29ന് ടെക്‌നോപാര്‍ക്കില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ തിരഞ്ഞെടുക്കപ്പെട്ട മികച്ച 30 ടീമുകള്‍ക്ക് എ.ഐ ഹാക്കത്തോണ്‍ ചാലഞ്ച് കൊടുക്കും. വിദ്യാഭ്യാസ വിചക്ഷണരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന ജൂറി ടീമുകളുടെ പ്രകടനം വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകള്‍ക്ക് പുരസ്‌കാരങ്ങളും അംഗീകാരങ്ങളും സമ്മാനിക്കും.
സാങ്കേതികവിദ്യയുടെ വെറും ഉപഭോക്താക്കളായി മാറുന്നതിന് പകരം, പുതിയ സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്നവരായി പുതുതലമുറയെ മാറ്റിയെടുക്കുക എന്നതാണ് നേഡ്‌സ് മുന്നോട്ടുവെക്കുന്ന ലക്ഷ്യം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ.ഐ, റോബോട്ടിക്‌സ് വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കൊക്കോസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.
Content Highlight: ‘Cocoz Needs 1.0’ Grand Finale to identify innovators among school students to be held at Technopark on November 29.