ബാലഘട്ട്: പകര്‍ച്ചവ്യാധികള്‍ ബാധിച്ച് 30ലേറെ കുട്ടികള്‍ മരിച്ച മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ആദിവാസിഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ. മരണങ്ങളുടെ ഉത്തരവാദിത്തം ഭരണകൂടം ഏറ്റെടുക്കണമെന്ന് ദീപ്‌കെ ആവശ്യപ്പെട്ടു.
കുട്ടികളുടെ മരണത്തെക്കുറിച്ച് മധ്യപ്രദേശ് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ദീപ്‌കെയുടെ സന്ദര്‍ശനം.
കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയില്‍ വാദം കേള്‍ക്കവെയാണ് സംസ്ഥാന ആരോഗ്യവകുപ്പിനും വനിതാശിശുക്ഷേമ വകുപ്പിനും ബാലഘട്ട് ജില്ലാ കളക്ടര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
പ്രദേശത്തെ തിങ്ങിനിറഞ്ഞ ആശുപത്രികള്‍, മലിനമായ ജലം, പോഘകാഹാരക്കുറവ് തുടങ്ങിയവയെക്കുറിച്ച് ഹരജിയില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
50 കിടക്കകളുള്ള ആശുപത്രിയില്‍ നാനൂറിലേറെ കുട്ടികളെയാണ് ചികിത്സിക്കുന്നതെന്ന് ഹരജിയില്‍ പറയുന്നു. പൊതു പൈപ്പുകളില്‍ നിന്നും മഞ്ഞ നിറമുള്ള വെള്ളമാണ് വരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
‘മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. അവര്‍ക്ക് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കുന്നു’, ദീപ്‌കെ മാധ്യമങ്ങളോട് പറഞ്ഞു.
പ്രദേശത്തെ യുവാക്കള്‍ ആവശ്യപ്പെട്ടതുപ്രകാരം അവരോടൊപ്പമാണ് ദീപ്‌കെ ശനിയാഴ്ച സ്ഥലം സന്ദര്‍ശിച്ചത്. അദോരി, കോര്‍ക, ബൊണ്ടാരി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് പ്രദേശത്തെ ചികിത്സാസൗകര്യങ്ങള്‍ വിലയിരുത്തിയ ദീപ്‌കെ കുട്ടികളുടെ മരണത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് വിവരം ശേഖരിച്ചു.
Content Highlight: Cockroach Party convenor Abhijit Dipke visits Balaghat villages over deaths of more than 30 children