| Thursday, 6th August 2026, 11:27 pm

'എന്താണ് പറയുന്നത്'; കേള്‍ക്കാനായി സി.ജെ.പി; തെരഞ്ഞെടുപ്പ് കമ്മീഷനെയും ജുഡീഷ്യറിയെയും അടക്കം തിരുത്താനായി ജനങ്ങള്‍ക്കിടയിലേക്ക്

റെന്വര്‍ പി

ന്യൂദല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി സമരത്തിന്റെ വിജയത്തിന് പിന്നാലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി). രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് സി.ജെ.പി അറിയിച്ചു.

സി.ജ.പി അവരുടെ ദേശീയ പ്രവര്‍ത്തക സമിതി അംഗങ്ങളെ ഇന്ന് (ഓഗസ്റ്റ് ആറ്, വ്യാഴം) ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അടുത്ത ആറുമാസത്തിനുള്ളില്‍ സംസ്ഥാന ഏകോപന സമിതികളും ലോക്‌സഭാ മണ്ഡലം, നഗരം എന്നീ തലങ്ങളിലുള്ള ഏകോപന സമിതികളും ആരംഭിക്കുമെന്നും സി.ജെ.പി അറിയിച്ചു.

‘ക്യാ ബോല്‍തി (എന്താണ് പറയുന്നത്)’ എന്ന പേരിലുള്ള ജന സമ്പര്‍ക്ക പരിപാടി സി.ജെ.പി അടുത്ത മാസം ആരംഭിക്കും. കേള്‍ക്കാനായുള്ള യാത്ര എന്നാണ് ജന സമ്പര്‍ക്ക പരിപാടിയെ സി.ജെ.പി വിശേഷിപ്പിച്ചത്. രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളും ആശങ്കകളും ആശയങ്ങളും മനസ്സിലാക്കാനാണ് ഈ യാത്രയെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

‘ക്യാ ബോല്‍തി (എന്താണ് പറയുന്നത്) എന്ന പേരില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ കേള്‍ക്കാനായുള്ള യാത്ര ഈ സെപ്തംബറില്‍ ആരംഭിക്കും. ഈ പ്രസ്ഥാനത്തെ ഞങ്ങള്‍ ഗ്രാസ്‌റൂട്ട് തലത്തിലേക്ക് കൊണ്ടുപോവുകയാണ്. ഇന്ത്യയിലെ യുവതലമുറയുടെ അഭിലാഷങ്ങള്‍, ഉത്കണ്ഠകള്‍, ആശയങ്ങള്‍ എന്നിവ കേള്‍ക്കാനും നല്ല ഒരു ഭാവിയിലേക്ക് മുന്നേറാനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ സൗരവ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

തൊഴിലില്ലായ്മ പരിഹരിക്കലും വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണവുമാണ് തങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന വിഷയങ്ങളെന്നും സി.ജെ.പി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍, മാധ്യമങ്ങള്‍, ജുഡീഷ്യറി എന്നിവയുടെ വിശ്വാസ്യത സംബന്ധിച്ച പ്രശ്‌നങ്ങളും തങ്ങള്‍ വിഷയമാക്കും എന്നും സി.ജെ.പിയുടെ പ്രസ്താവന വ്യക്തമാക്കുന്നു.

‘വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതും തൊഴിലില്ലായ്മ പരിഹരിക്കലുമാണ് ഞങ്ങളുടെ മുന്‍ഗണനകളില്‍ ഏറ്റവും മുകളിലുള്ളത്.

ഭരണ സ്ഥാപനങ്ങള്‍ അവയുടെ പ്രവര്‍ത്തനങ്ങളിലോ പ്രവര്‍ത്തനമില്ലായ്മയിലോ ഉത്തരം പറയേണ്ടി വരാതാവുമ്പോള്‍ ഒരു ജനാധിപത്യത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയാതാവും എന്നതിനാല്‍ അവയുടെ ഉത്തരവാദിത്ത ബോധം ഉറപ്പാക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെയും, ജുഡീഷ്യറിയുടെയും, മാധ്യമങ്ങളുടെയും വിശ്വാസ്യതയെ ചുറ്റിപ്പറ്റി ഒരു വലിയ ചോദ്യചിഹ്നം നിലനില്‍ക്കുന്നുണ്ട്. അവയുടെ ഉത്തരവാദിത്ത ബോധം പുനസ്ഥാപിക്കണം,’ പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ പണം, ഇ.ഡി, സി.ബി.ഐ മുതലായവ ഉപയോഗിച്ച് തകര്‍ക്കുന്ന അവസ്ഥയുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത എം.പി ഏത് പാര്‍ട്ടിയിലാവണമെന്നും ജനം ആര്‍ക്ക് വോട്ട് ചെയ്യണമെന്നും സര്‍ക്കാര്‍ തീരുമാനിക്കുന്ന അവസ്ഥയാണ് രാജ്യത്തെന്നും സി.ജെ.പി ചുണ്ടിക്കാട്ടി.

‘നിലവിലുള്ള പാര്‍ട്ടികള്‍ പണം, ഇ.ഡി, സി.ബി.ഐ മുതലായവ ഉപയോഗിച്ച് തകര്‍ക്കപ്പെടുന്നു. ആര്‍ക്ക് വോട്ട് ചെയ്യാം, ആര്‍ക്ക് വോട്ട് ചെയ്യരുത് എന്ന് സര്‍ക്കാരിലുള്ളവര്‍ ഇപ്പോള്‍ തീരുമാനിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഏത് എം.പി ഏത് പാര്‍ട്ടിയിലായിരിക്കണമെന്ന് അവര്‍ തീരുമാനിക്കുന്നു. അതിനാല്‍ ഞങ്ങളുടെ അടിയന്തര ദൗത്യം താഴെത്തട്ടിലുള്ള അണിനിരത്തലാണ്, ജനാധിപത്യ പരിഷ്‌കാരങ്ങളാണ്, ബഹുജന പൊതുജന ഉണര്‍വാണ്,’ സി.ജെ.പി പഞ്ഞു.

രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയിലേക്ക് പോകാനുദ്ദേശിക്കുന്നില്ലെന്ന മുന്‍ നിലപാട് ഇന്നത്തെ പ്രസ്താവനയിലും സി.ജെ.പി ആവര്‍ത്തിച്ചു. ഇപ്പോള്‍, ഞങ്ങള്‍ ഒരു ജനങ്ങളുടെ സമ്മര്‍ദ്ദ ഗ്രൂപ്പായി തുടരുന്നു. ഞങ്ങള്‍ ആരംഭിക്കുന്നതേയുള്ളൂവെന്നും സംഘടന വ്യക്തമാക്കി.

‘നിങ്ങളില്‍ പലരും ഞങ്ങളോട് ഒരു രാഷ്ട്രീയ പാര്‍ട്ടിയാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ കാണിക്കുന്ന വിശ്വാസത്തിന് ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്. എന്നാല്‍ ഈ നിമിഷത്തില്‍ ഞങ്ങളുടെ ഊര്‍ജം വിനിയോഗിക്കേണ്ടത് മാറ്റം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നിടത്താണ്. ജനങ്ങള്‍ക്കിടയിലാണ്,’ പ്രസ്താവനയില്‍ പറയുന്നു.

വ്യത്യസ്ത മുന്നണികളില്‍ നീതിക്കായി പോരാടുന്ന പ്രസ്ഥാനങ്ങളെയും, സംഘടനകളെയും, പൗരന്മാരെയും ഒരുമിച്ച് കൊണ്ടുവരാനും തങ്ങള്‍ ശ്രമിക്കുന്നതായും സി.ജെ.പി വ്യക്തമാക്കി. ‘ ഒരു സംഘടനയ്ക്കും ഒറ്റയ്ക്ക് ഒരു രാഷ്ട്രത്തെ മാറ്റിമറിക്കാന്‍ കഴിയില്ല. നമ്മുടെ ഏറ്റവും വലിയ ശക്തി ഐക്യത്തിലാണ്,’ എന്നും സി.ജെ.പി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് കരുതുന്ന ഓരോ വ്യക്തിയും ഇതിനകം തന്നെ ഒരു നേതാവാണ്. ജനാധിപത്യം, ഉത്തരവാദിത്തം, ഭരണഘടനാ മൂല്യങ്ങള്‍, യുവാക്കള്‍ക്കായുള്ള മികച്ച ഭാവി എന്നിവയില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, ഞങ്ങളോടൊപ്പം ഈ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാം,’ എന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് വൈകിട്ടോടെയായിരുന്നു സി.ജെ.പി ദേശീയ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചത്. സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയാണ് ദേശീയ കണ്‍വീനര്‍. സി.ജെ.പി വക്താക്കളായിരുന്ന അഷുതോഷ് റാങ്കയും സൗരവ് ദാസുമാണ് കോ കണ്‍വീനര്‍ മാര്‍.

സംഘടനാ ഇന്‍ചാര്‍ജായി അജിങ്ക്യ ഷിണ്‍ഡെയും കോ ഇന്‍ചാര്‍ജായി ദീപക് ബല്യാനും ചുമതലയേറ്റു. ആഫ്രീന്‍ നവാസാണ് ദേശീയ സെക്രട്ടറി. രത്‌ന സിങ് നിയമകാര്യ നേതാവാകും.

മാധ്യമ വിഭാഗം നേതാവായി വിജയ് റെഡ്ഡി മല്ലങ്കിയും ഗവേഷണ-നയ വിഭാഗം നേതാവായി വൈഷ്ണവി ഗൗറും ചുമതലയേറ്റു. രോഹന്‍ ദേശ്പാണ്ഡെ സാങ്കേതിക വിഭാഗത്തിനും യോഗേഷ് ഇങ്കാലെ ധനകാര്യ വിഭാഗത്തിനും നേതൃത്വം നല്‍കും.

Content Highlight: Cockroach Janta Party (CJP ) to begin ‘Kya Bolti Public’ listening tour.

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more