| Friday, 5th June 2026, 8:32 pm

ഒറ്റയ്ക്ക് വരരുത്, പൊലീസിന് പൂക്കള്‍ നല്‍കുക: പ്രതിഷേധത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി കോക്രോച്ച് ജനതാ പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി). പ്രതിഷേധ പരിപാടിക്കായി ഒറ്റയ്ക്ക് വരരുതെന്നും കൂട്ടമായി മാത്രമേ വരാവൂ എന്നും സി.ജെ.പി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച നിര്‍ദേശങ്ങളില്‍ പറയുന്നു.

പ്രതിഷേധ പരിപാടികള്‍ മുഴുവനും കാമറയോ മൊബൈല്‍ഫോണോ ഉപയോഗിച്ച് ചിത്രീകരിക്കണമെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. പൊലീസിനോട് മര്യാദയോട് കൂടിയാണ് ഇടപെടേണ്ടതെന്നും അവര്‍ക്ക് പൂക്കള്‍ നല്‍കണമെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.

പങ്കെടുക്കുന്നവര്‍ ഭക്ഷണം കഴിച്ച ശേഷമേ വരാന്‍ പാടുള്ളൂവെന്നും സി.ജെ.പി നിര്‍ദേശിക്കുന്നു. വിപ്ലവത്തിന് പ്രഭാത ഭക്ഷണം ആവശ്യമാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ സി.ജെ.പി പങ്കുവച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.

ത്രിവര്‍ണ പതാകയും ഒരു പുസ്തകവുമായി വേണം പ്രതിഷേധ പരിപാടിക്ക് എത്തേണ്ടത്. പ്രശ്‌നമുണ്ടാക്കാന്‍ വരുന്നവരോട് നേരിട്ട് എതിരിടാതെ അവരെ പൊലീസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.

ദല്‍ഹിയിലെ കാലാവസ്ഥയെ നേരിടാനുള്ള മാര്‍ഗനിര്‍ദേശവും സി.ജെ.പി നല്‍കുന്നു. ദല്‍ഹിയിലെ ഇപ്പോഴത്തെ ചൂട് കാലാവസ്ഥ നേരിടാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയോ തൊപ്പി ധരിക്കുകയോ വേണം. വെള്ളം നന്നായി കുടിച്ചിരിക്കണമെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. ട്രോളുകള്‍ക്ക് മറുപടി നല്‍കേണ്ടെന്നും അവ അവഗണിക്കണമെന്നുമുള്ള നിര്‍ദേശവും സി.ജെ.പി മുന്നോട്ട് വയ്ക്കുന്നുണ്ട്.

നാളെ രാവിലെ ഒമ്പതിന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്‍പിലാണ് പ്രതിഷേധക്കാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. തുടര്‍ന്ന് ജന്തര്‍ മന്ദറിലേക്ക് തിരിക്കും. പ്രതിഷേധ പരിപാടി സമാധാനപരമായും ജനാധിപത്യപരമായും അച്ചടക്കത്തോടെയും പൂര്‍ത്തിയാക്കണമെന്നും സി.ജെ.പി നിര്‍ദേശിക്കുന്നു.

അതേ സമയം ജന്തര്‍ മന്ദറില്‍ പ്രതിഷേധത്തിനായി അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയൊന്നും ഇതുവരെ സി.ജെ.പിയില്‍ നിന്ന് ലഭിച്ചില്ലെന്ന് ദല്‍ഹി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. അവര്‍ അനുതി തേടിയാല്‍ അപ്പോള്‍ പരിശോധിക്കാമെന്നും ദല്‍ഹി പൊലീസ് വ്യക്തമാക്കി.

നീറ്റ് ചോദ്യച്ചോര്‍ച്ച സി.ബി.എസ്.ഇ പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അടക്കമുള്ള പ്രശ്നങ്ങളുന്നയിച്ചാണ് ഓണ്‍ലൈന്‍ കൂട്ടായ്മയായ സി.ജെ.പി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യമുന്നയിക്കുന്നത്. ഈ വിഷയത്തില്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധ പരിപാടി സംഘടിക്കുന്നതായി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സി.ജെ.പി സ്ഥാപകനായ അഭിജിത് ദീപ്‌കെ പഖ്യാപിച്ചത്.

ഇതുവരെ ഓണ്‍ലൈന്‍ ഇടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സി.ജെ.പിയുടെ ആദ്യ ഓഫ് ലൈന്‍ പരിപാടിയാവും ജന്തര്‍ മന്ദറിലേക്ക്. നിരവധി പേര്‍ ഇതിനകം സി.ജെ.പി പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

യു.എസിലെ ബോസ്റ്റണിലായിരുന്ന അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ അദ്ദേഹം ദല്‍ഹി വിമാനത്താവളത്തിലിറങ്ങും. ഇതിന് ശേഷം പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുമുന്നില്‍ റിപ്പോര്‍ട്ട് ചെയ്യും എന്നാണ് ദീപ്‌കെ അറിയിച്ചിട്ടുള്ളത്.

Content Highlight: Cockroach Janata Party Guidelines for Delhi Jantar Mandar Protest

Latest Stories

We use cookies to give you the best possible experience. Learn more