| Sunday, 7th June 2026, 1:39 pm

വിദ്യാഭ്യാസ മന്ത്രിക്ക് അന്ത്യശാസനം; രാജ്യവ്യാപക പ്രതിിഷേധം, പുതിയ നീക്കങ്ങളുമായി കോക്രോച്ചുകള്‍

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഏഴ് ദിവസത്തിനകം രാജി വെക്കണമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി. ദല്‍ഹി ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പിന്നാലെയാണ് സി.ജെ.പി കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി എന്ന ആവശ്യം കടുപ്പിച്ചിരിക്കുന്നത്.

ധര്‍മേന്ദ്ര പ്രധാന്‍ ഏഴ് ദിവസത്തിനകം രാജി വെച്ചില്ലെങ്കില്‍ പ്രതിഷേധം രാജ്യവ്യാപകമാക്കുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ മുന്നറിയിപ്പ് നല്‍കി. നീറ്റ്, സി.ബി.എസ്.ഇ, സി.യു.ഇ.ടി അടക്കമുള്ള പരീക്ഷകളിലെ ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സി.ജെ.പി വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്.

വരും ദിവസങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലും സി.ജെ.പിയുടെ നേതൃത്വത്തില്‍ പുതിയ പ്രതിഷേധങ്ങള്‍ ആരംഭിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കഴിഞ്ഞ ദിവസം ജന്തര്‍ മന്ദിറിലെ പ്രതിഷേധത്തില്‍ പങ്കുചേരുകയും സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദീപ്‌കെയെ അറസ്റ്റ് ചെയ്താല്‍ ആറാഴ്ചത്തെ ഉപവാസം അനുഷ്ഠിക്കുമെന്ന് വാങ്ചുക് പ്രഖ്യാപിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് അനുയായികളുള്ള ജെന്‍-സി പ്രസ്ഥാനമായ സി.ജെ.പിയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ബോസ്റ്റണില്‍ നിന്നും നേരിട്ടെത്തിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

‘ധര്‍മേന്ദ്ര പ്രധാന്‍, രാജിവയ്ക്കൂ!’, ‘ഞങ്ങളുടെ നികുതിപ്പണം മന്ത്രിയുടെ ശമ്പളത്തിനായി ഉപയോഗിക്കരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു.

ജന്തര്‍ മന്ദിറില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയായിരുന്നു പ്രതിഷേധം. ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ഇടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സി.ജെ.പിയുടെ ആദ്യ ഓഫ്‌ലൈന്‍ പരിപാടിയാണ് ജന്തര്‍ മന്ദറിലേത്.

കഴിഞ്ഞ മാസം കോടതിയില്‍ നടന്ന ഒരു വിചാരണയ്ക്കിടെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ജെന്‍സികളെ ‘പാറ്റകള്‍’ എന്നും ‘പരാദങ്ങള്‍’ എന്നും വിശേഷിപ്പിച്ചതിനോടുള്ള ആക്ഷേപഹാസ്യ പ്രതികരണമായാണ് സി.ജെ.പി രൂപംകൊണ്ടത്.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇത് യുവാക്കളുടെ വലിയൊരു രാഷ്ട്രീയ മുന്നണിയായി പരിണമിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം സി.ജെ.പിക്ക് 22 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഇത് ബി.ജെ.പിയുടെ (9 ദശലക്ഷം) ഇരട്ടിയിലധികവും കോണ്‍ഗ്രസിന്റെ (13 ദശലക്ഷം) ഫോളോവേഴ്‌സിനേക്കാള്‍ വളരെ മുന്നിലുമാണ്.

Content Highlight: Cockroach Janata Party demands Union Education Minister Dharmendra Pradhan’s resignation within seven days

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more