| Wednesday, 23rd September 2026, 6:38 pm

കേരളത്തില്‍ സി.ജെ.പിയുടെ ഫ്യൂച്ചര്‍ പ്ലാന്‍: ഏതെല്ലാം വിഷയം ഏറ്റെടുക്കും, സ്‌കൂള്‍ ഠീക് കരോ എവിടെയെല്ലാം

റെന്വര്‍

കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) രാജ്യത്താകെ അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം സി.ജെ.പിയുടെ സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റികള്‍ രൂപകരിച്ചിട്ടുണ്ട്. സെപ്തംബര്‍ 27ന് കേരളത്തിലെ സംസ്ഥാന കമ്മിറ്റിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സി.ജെ.പി ഔട്ട്‌റീച്ച് ആന്‍ഡ് സ്റ്റേറ്റ് ടൂറിന്റെ ഭാഗമായി സെപ്തംബര്‍ അവസാനത്തോടെ കമ്മിറ്റികളെ പ്രഖ്യാപിക്കും.

നിലവില്‍ സി.ജെ.പിയുടെ സൗത്ത് സോണ്‍ കമ്മിറ്റിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെയും പുതുച്ചേരി, ലക്ഷദ്വീപ്, അന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണങ്ങളുടെയും ചുമതലയുള്ള സോണല്‍ കമ്മിറ്റിയെ ഈ മാസം 11നായിരുന്നു സി.ജെ.പി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സി.ജെ.പി ദേശീയ മീഡിയ സെല്‍ തലവന്‍ വിജയ് മല്ലംഗിയുടെ ചുമതലയിലുള്ള സൗത്ത് സോണ്‍ കോഡിനേഷന്‍ കമ്മിറ്റിയില്‍ നാല് മലയാളികളടക്കം 22 അംഗങ്ങളാണുള്ളത്. അംബേദ്കറൈറ്റും എല്‍.ജി.ബി.ടി.ക്യു അവകാശ പ്രവര്‍ത്തകനായ സനൂപ് ദേവ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറും പൊളിറ്റിക്കല്‍ കമന്റേറ്ററുമായ നിതിന്‍ നോബിള്‍, സംരംഭകനായ ഫിറോസ് ഖാന്‍, നിയമ വിദ്യാര്‍ത്ഥിയായ ഇഷ മറിയം ഹാരിസ് എന്നിവരാണ് സമിതിയിലെ മലയാളികള്‍.

CJP South Zone Members

കേരളത്തില്‍ തങ്ങള്‍ കൃത്യമായ കാഴ്ചപ്പാടോടെ മുന്നോട്ട് പോകുമെന്ന് സൗത്ത് സോണ്‍ നേതൃത്വത്തിലുള്ള മലയാളി അംഗങ്ങള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ സ്‌കൂള്‍ ഠീക് കരോ ക്യാമ്പയിനുമായി തന്നെ മുന്നോട്ട് പോകുമെന്നും സമീപ ഭാവിയില്‍ ഏറ്റെടുക്കാനുള്ള വിഷയങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തിയെന്നും അവര്‍ അറിയിച്ചു. ജന്തര്‍ മന്തറിലുള്ള തുടക്കത്തിന് കേരളത്തിലും തുടര്‍ച്ചയുണ്ടാക്കുമെന്നും കൂടുതല്‍ സാമൂഹ്യ വിഭാഗങ്ങളിലുള്ള മനുഷ്യരുടെ വിഷയങ്ങള്‍ ഏറ്റെടുക്കുമെന്നും സൗത്ത് സോണ്‍ നേതാക്കള്‍ വ്യക്തമാക്കി.

ആദിവാസി മേഖലകളിലെ സ്‌കൂളുകള്‍

കേരളത്തില്‍ ആദിവാസി മേഖലകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് സ്‌കൂള്‍ ഠീക് കരോ ക്യാമ്പയിനുമായി മുന്നോട്ട് പോവുകയെന്ന് സനൂപ് ദേവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇതിന്റെ ഭാഗമായി ആദിവാസി മേഖലകളിലെ സ്‌കൂളുകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കും. സര്‍ക്കാരിനെ അതില്‍ ഉത്തരവാദിത്തമേറ്റെടുപ്പിച്ചുകൊണ്ട് പ്രശ്‌നം പരിഹരിക്കുന്നത് വരെ ഇടപെടും.

സ്‌കൂള്‍ ഠീക്ക് കരോ ക്യാമ്പയിനില്‍ കേരളത്തിലെ എല്ലാ ജില്ലകളിലെയും ആദിവാസി മേഖലകളിലെ സ്‌കൂളുകള്‍ ഉള്‍പ്പെടുത്തും. കേരളത്തിലെ വിദ്യാഭ്യാസ രംഗം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭേദമാണ് എന്നാണ് പറയുന്നത്. അത് ഏറെക്കുറെ ശരിയുമാണ്. എന്നാല്‍ കേരളത്തിലെ ആദിവാസി മേഖലകള്‍ സ്‌കൂളുകളുടെ കാര്യത്തില്‍ അവഗണിക്കപ്പെടുകയാണെന്നും സനൂപ് കൂട്ടിച്ചേര്‍ത്തു.

ആദ്യം സ്‌കൂള്‍ ഠീക് കരോ

സി.ജെ.പിയുടെ സ്‌കൂള്‍ ഠീക് കരോ ക്യാമ്പയിനാണ് കേരളം അടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളിലും ആദ്യഘട്ടത്തില്‍ ആരംഭിക്കുകയെന്ന് സൗത്ത് സോണ്‍ കമ്മിറ്റി നേതാക്കള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നോര്‍ത്തില്‍ ഇപ്പോള്‍ സ്‌കൂള്‍ ഠീക് കരോ ക്യാമ്പയിനുമായി സി.ജെ.പി മുന്നോട്ട് പോവുകയാണ്. ക്യാമ്പയിന്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആരംഭിക്കും. നിലവില്‍ രാജ്യത്ത് നടക്കുന്ന ക്യാമ്പയിനായതിനാല്‍ ആദ്യഘട്ടത്തില്‍ സ്‌കൂള്‍ ഠീക്ക് കരോയ്ക്ക് തന്നെ കേരളത്തിലും സൗത്ത് ഇന്ത്യയില്‍ പ്രാധാന്യം ലഭിക്കുമെന്ന് ഫിറോസ് അറിയിച്ചു.

Abhijeet Dipke at School Tik Karo Campaigh at Aurangabad

സ്‌കൂളുകളുടെ കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഭേദപ്പെട്ടിട്ടുണ്ടെന്ന് നിതിന്‍ നോബിള്‍ പറഞ്ഞു. കേരളം ഒരു വിധം അച്ചീവ് ചെയ്തിട്ടുണ്ട്. പക്ഷേ മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെയല്ല. കേരളം നമ്മള്‍ കാണിക്കാന്‍ ഉദ്ദേശിക്കുന്നത് ഒരു മോഡല്‍ പോലെ തന്നെയാണ്.

സ്‌കൂള്‍ ഠീക്ക് കരോയെക്കുറിച്ച് പറയുമ്പോള്‍ കേരളത്തില്‍ തീര്‍ച്ചയായും പ്രശ്നമുള്ള സ്‌കൂളുകള്‍ ഉണ്ട്. സ്‌കൂള്‍ ഠീക് കരോ സി.ജെ.പി ഇപ്പോള്‍ കൊണ്ട് വന്നതാണെങ്കിലും കേരളം പത്തിരുപത് വര്‍ഷമായി ആ കാര്യത്തില്‍ ഏറ്റവും ഫോക്കസ്ഡ് ആയിട്ട് വര്‍ക്ക് ചെയ്തതാണ്. കോണ്‍ഗ്രസ് ഗവണ്‍മെന്റ് ആകട്ടെ സി.പി.ഐ.എം ഗവണ്‍മെന്റ് ആവട്ടെ അവര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത് സ്‌കൂളുകളിലും ആശുപത്രികളിലും ആണെന്നും നിതിന്‍ പറഞ്ഞു.

‘ഒരു സ്‌കൂള്‍ ഭയങ്കര മോശമായിട്ട് കിടക്കുകയാണെങ്കില്‍ വര്‍ഷങ്ങള്‍ കഴിയുംതോറും അത് നോര്‍മലൈസ്ഡ് ആയി പോവും. ഇവിടെ ഒരു മാറ്റവും വരാന്‍ പോകുന്നില്ല എന്നുള്ളത് വരുമ്പോള്‍ മാറ്റം വരുത്താന്‍ പറ്റും എന്നുള്ളത് പറയാനാണ് തങ്ങള്‍ നില്‍ക്കുന്നത്,’ നിതിന്‍ കൂട്ടിച്ചേര്‍ത്തു.

ഉന്നത വിദ്യാഭ്യാസ രംഗം

നിലവില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളില്‍ സി.ജെ.പി ഇതിനകം തന്നെ ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് സര്‍വകലാശാലയിലെ റീ വാല്യുവേഷനുമായി ബന്ധപ്പെട്ട വിഷയം, കേരള സര്‍വകലാശാലയിലെ ബി.ഫാം വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയില്‍ സംഘടന ഇടപെടുമെന്ന് സനൂപ് ദേവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ പല എക്‌സാമുകളുടെയും കോഴ്‌സുകളുടെയും കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നുണ്ടെന്ന് നിതിന്‍ നോബിള്‍ പറഞ്ഞു.

‘എക്സാമുകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നു. പല കോഴ്സിന്റെ കാര്യത്തിലും കണ്‍ഫ്യൂഷനുണ്ട്. ബി.ഫാം കോഴ്സില്‍ പ്രശ്നങ്ങളുള്ളതായാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അപ്പൊ ഇങ്ങനെയുള്ള ഇഷ്യൂസിലൊക്കെ ഇനി ഭാവിയില്‍ ഇടപെടാനാണ് തങ്ങളുടെ പ്ലാന്‍,’ നിതിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇ ഗ്രാന്റ്‌സ് പ്രശ്‌നം

ഇ ഗ്രാന്റ്‌സ് പ്രശ്‌നത്തിലും സി.ജെ.പി ഇടപെടുമെന്ന് സനൂപ് ദേവ് അറിയിച്ചു. ദളിത്, ആദിവാസി സമുദായങ്ങളിലെ കുട്ടികള്‍ക്ക് ഇ ഗ്രാന്റ്‌സ് കിട്ടാത്ത പ്രശ്‌നം ഇവിടെ നിലനില്‍ക്കുന്നു. പ്രോപ്പര്‍ ആയി അവര്‍ക്ക് ഇ ഗ്രാന്‍ഡ്‌സ് കിട്ടുന്നില്ല.

ആദിശക്തി സമ്മര്‍ സ്‌കൂള്‍ എന്ന സംഘടന ഈ ഗ്രാന്‍ഡ്‌സ് വിഷയത്തില്‍ വര്‍ഷങ്ങളായി സമരത്തിലുണ്ട്. ഈ വിഷയം ഒരു മാധ്യമങ്ങളും വാര്‍ത്തയാക്കുന്നില്ലെന്നും സനൂപ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം നിറത്തിന്റെയും ജാതിയുടെയും പേരില്‍ ഒഴിവാക്കപ്പെടേണ്ട കാര്യമല്ല. വിവേചനമില്ലാതെ അത് എല്ലാവര്‍ക്കും ലഭിക്കണമെന്നും സനൂപ് കൂട്ടിച്ചേര്‍ത്തു.

ആദിവാസി- ദളിത് -ബഹുജന്‍, എല്‍.ജി.ബി.ടി.ക്യ.ഐ പ്ലസ് വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍

നിലവില്‍ വിദ്യാര്‍ത്ഥികളുടെ വിഷയങ്ങളിലാണ് ഇടപെടുകയെങ്കിലും സമീപ ഭാവിയില്‍ മറ്റ് മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും സി.ജെ.പി കേരള ഘടകത്തിന് പദ്ധതിയുണ്ട്. ആദിവാസി- ദളിത് -ബഹുജന്‍ സമുദായാംഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മുന്നോട്ട് കൊണ്ടുവരാനും പരിഹരിക്കാനുമായി ഇടപെടല്‍ നടത്തുമെന്ന് സനൂപ് ദേവ് പറഞ്ഞു. ക്വിയര്‍ സമൂഹാംഗങ്ങള്‍ അനുഭവിക്കുന്ന വിഷയങ്ങളിലും പ്രസ്ഥാനത്തിന്റെ ഇടപെടലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദളിത്-ആദിവാസി- ബഹുജന്‍ വ്യക്തികളും ക്വിയര്‍ വ്യക്തികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സംഘടന പ്രാധാന്യം നല്‍കും. ഇക്കാര്യം ദേശീയ നേതൃത്വത്തോട് സംസാരിച്ചിട്ടുണ്ട്. മാര്‍ജിനല്‍ കമ്യൂണിറ്റി ആയത് കൊണ്ട് ദളിത് ആദിവാസി സമുദായാംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇവിടെ അവഗണിക്കപ്പെടുന്നു. ഭരിക്കുന്നവരും പാര്‍ട്ടികളും മാധ്യമങ്ങളും അടക്കമുള്ളവര്‍ ഈ നിലപാടാണ് സ്വീകരിക്കുന്നതെന്നും സനൂപ് ചൂണ്ടിക്കാട്ടി.

ജനകീയ സമരങ്ങളും മറ്റു വിഷയങ്ങളും

കേരളത്തിലെ ജനകീയ സമരങ്ങളിലും സി.ജെ.പി പങ്കാളികളാവും. ഇനി വരുന്ന ജനകീയ സമരങ്ങളില്‍ സി.ജെ.പി പങ്കെടുക്കും. ആ സമരത്തിന്റെ മുഖമെന്ന തരത്തില്‍ തന്നെ സി.ജെ.പിയുടെ ഇടപെടലുണ്ടാവുമെന്ന് സനൂപ് ദേവ് പറഞ്ഞു. തൊഴിലില്ലായ്മയും, യുവജന പ്രശ്‌നങ്ങളിലും ഇടപെടും. ഇക്കാര്യത്തില്‍ പഠനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ സിസ്റ്റം ശരിയല്ലാത്തതിന്റെ പേരില്‍ പ്രശ്നം അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് സി.ജെ.പിയുടെ ലക്ഷ്യമെന്ന് നിതിന്‍ നോബിള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ മാത്രമല്ല ഏറ്റെടുക്കുക. ഇന്ത്യയില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന പലരുമുണ്ട്. നമ്മുടെ സിസ്റ്റം ശരിയല്ലാത്തതിന്റെ പേരില്‍ പ്രശ്നം അനുഭവിക്കുന്ന പലരുമുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍ നില്‍ക്കും.

CJP Protest

ചിലര്‍ക്ക് ശബ്ദം ഉയര്‍ത്താന്‍ പറ്റാത്തപ്പോള്‍, അല്ലെങ്കില്‍ മീഡിയ പ്രൊജക്ട് ചെയ്യേണ്ട കാര്യങ്ങള്‍ മീഡിയ പ്രൊജക്ട് ചെയ്യാതിരിക്കുമ്പോള്‍ ഞങ്ങള്‍ അത് സമൂഹത്തിന് മുന്നിലെത്തിക്കും. സമൂഹത്തില്‍ സംസാരിക്കാന്‍ പറ്റാതെ ആയവര്‍ക്ക് വേണ്ടിയിട്ടുള്ള ഒരു ശബ്ദമാവുക എന്നതാണ് സി.ജെ.പി ഉദ്ദേശിക്കുന്നത്.

ഇത്തരം വിഷയങ്ങള്‍ ശരിക്കും മീഡിയ ഏറ്റെടുക്കേണ്ട കാര്യമാണ്. മീഡിയ അവിടെ പലപ്പോഴും ഗവണ്‍മെന്റിന്റെ കയ്യാളുകളായി മാറുന്നു. അല്ലെങ്കില്‍ പാര്‍ട്ടികളുടെ കയ്യാളുകളായി മാറുന്നു. ബി.ജെ.പിയുടെ മാത്രമല്ല മറ്റ് പാര്‍ട്ടികളുടെയും കൈയാളുകളായി മാറുന്നുവെന്നും നിതിന്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പാര്‍ട്ടി ആവാന്‍ പ്ലാനില്ല

സി.ജെ.പിക്ക് രാഷ്ട്രീയ പാര്‍ട്ടി ആയി മാറാന്‍ പ്ലാനില്ലെന്നും സൗത്ത് സോണ്‍ നേതാക്കള്‍ പറഞ്ഞു. ‘ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലല്ല സി.ജെ.പി നിലനില്‍ക്കതുന്നതും, ഇനി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നതും. ഒരു പൊളിറ്റിക്കല്‍ മൂവ് മെന്റ് എന്ന തരത്തിലാണ് സി.ജെ.പി പ്രവര്‍ത്തിക്കുന്നത്. ആ രീതിയില്‍ തന്നെയാണ് സി.ജെ.പി മുന്നോട്ട് പോവുക,’ സനൂപ് ദേവ് പറഞ്ഞു.

ഒരു പാര്‍ട്ടി ആവാനോ രാഷ്ട്രീയത്തിലേക്ക് വരാനോ രാഷ്ട്രീയ സംഘടനയായി മാറാനോ തനിക്ക് താത്പര്യമില്ലെന്നും തന്റെ ഒപ്പമുള്ളവരുടെ നിലപാടും അങ്ങനെയാണന്ന് കരുതുന്നുവെന്നും നിതിന്‍ നോബിള്‍ വ്യക്തമാക്കി.

സി.ജെ.പി ആം ആദ്മി പാര്‍ട്ടിയെ പോലെയാണെന്ന് പലരും പറഞ്ഞ് കളിയാക്കാറുണ്ട്. ആം ആദ്മി തുടങ്ങിയപ്പോഴുള്ള ഒരു കോര്‍ ഐഡിയയാണ് തീര്‍ച്ചയായും ഞങ്ങള്‍ക്കും ഉള്ളത്. പക്ഷേ ആം ആദ്മിയെ പോലെ ഒരു പാര്‍ട്ടി ആവാനോ രാഷ്ട്രീയത്തിലേക്ക് വരാനോ രാഷ്ട്രീയ സംഘടനയായി മാറണമെന്നോ എനിക്ക് വ്യക്തിപരമായിട്ട് താല്പര്യമില്ല. ഇപ്പോള്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും അവരുടേതായ ചില ഒളിച്ചുകളികളുണ്ട്. ആ ഒളിച്ചുകളി സി.ജെ.പിയില്‍ വരാന്‍ പാടില്ല.

CJP National Leaders

സി.ജെ.പിയില്‍ നില്‍ക്കുന്നവര്‍ക്കും രാഷ്ട്രീയമുണ്ടെന്നും എന്നാല്‍ അത് ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കുന്ന തരത്തിലല്ലെന്നും നിതിന്‍ വ്യക്തമാക്കി.

എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. പക്ഷേ സി.ജെ.പിയില്‍ ഞങ്ങള്‍ നില്‍ക്കുന്ന സമയത്ത് അതിനകത്ത് രാഷ്ട്രീയമല്ല കോസ് ആണ് നമ്മള്‍ നോക്കുന്നത്. അവിടെ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കതിരെയും വിമര്‍ശനം ഉന്നയിക്കാന്‍ നമുക്ക് ധൈര്യം ഉണ്ടെങ്കില്‍ മാത്രം നിന്നാല്‍ മതിയെന്ന് തങ്ങള്‍ പറയാറുണ്ട്

ഇലക്ഷന് നില്‍ക്കാന്‍ വേണ്ടിയിട്ടോ ഒരു പാര്‍ട്ടിയായി ഭരണത്തില്‍ എത്താനോ അങ്ങനെ ഒരു താല്പര്യവും വ്യക്തിപരമായിട്ട് എനിക്കില്ല. എന്റെ ഒപ്പം നില്‍ക്കുന്നവര്‍ക്കും ഇല്ല എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നിതിന്‍ പറഞ്ഞു.

സി.ജെ.പി പാര്‍ട്ടി ആയി കഴിഞ്ഞാല്‍ ജെന്‍ സീ തലമുറയിലെ പലരും ഇതില്‍ നിന്ന് ഇറങ്ങും. അവര്‍ പാര്‍ട്ടി ആകാനോ തെരഞ്ഞെടുപ്പില്‍ നില്‍ക്കാനോ അല്ല വന്നിരിക്കുന്നത്. കോര്‍ ടീമില്‍ നില്‍ക്കുന്നവരോ ഈ മൂവ്മെന്റിന് വേണ്ടിയിട്ട് കാര്യമായിട്ട് അധ്വാനിച്ചിട്ടുള്ളവരോ പാര്‍ട്ടി ആയി മാറാന്‍ താല്പര്യപ്പെടുന്നില്ല.

ഇപ്പോഴത്തെ യുവാക്കളോട് സി.ജെ.പി വരുന്നതിനു മുമ്പ് രാഷ്ട്രീയം ഏതാണെന്ന് ചോദിച്ചാല്‍ വലിയൊരു വിഭാഗം പറഞ്ഞിരുന്നത് തങ്ങള്‍ക്ക് രാഷ്ട്രീയം ഇല്ലെന്നായിരുന്നു. യുവാക്കള്‍ക്ക് രാഷ്ട്രീയം വേണം. പക്ഷേ ഒരു കക്ഷി രാഷ്ട്രീയത്തിലേക്ക് അത് പോകണമെന്നില്ലെന്നും നിതിന്‍ വ്യക്തമാക്കി.

ജന്തര്‍ മന്തറിലെ തുടക്കത്തിന് തുടര്‍ച്ചയുണ്ടാവും

ജന്തര്‍ മന്തര്‍ ഒരു തുടക്കം മാത്രമാണെന്നും അതിന് ഒരു തുടര്‍ച്ചയുണ്ടാവുമെന്നും നിതിന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അവിടെ ഉന്നയിച്ചത് പോലുള്ള ഒരുപാട് പ്രശ്നങ്ങള്‍ നമ്മുടെ ഗവണ്‍മെന്റ് സൈഡില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ അത് പലതും അവഗണിക്കപ്പെട്ട് പോകുന്നു.

ഇപ്പോള്‍ പെട്രോള്‍ വിലയുടെ പ്രശ്‌നം പലരും നോര്‍മലൈസ് ചെയ്യുകയാണ്. ഇനി അങ്ങോട്ട് കുറച്ചു ദിവസം കഴിയുമ്പോള്‍ ഇങ്ങനെ ഒരു വിഷയത്തെപ്പറ്റി ആരും സംസാരിക്കാത്ത തരത്തിലേക്കാണ് ആ അവഗണന പോകുന്നത്. ആ വിഷയം അത്രക്കും നോര്‍മല്‍ ആവും. ആ വിഷയം സംസാരിക്കാതെ ആകുമ്പോള്‍ സംസാരിച്ചു തുടങ്ങണം. അല്ലെങ്കില്‍ ആ സംസാരം അവസാനിപ്പിക്കാതെ നോക്കണം. അതിനുവേണ്ടിയിട്ടാണ് തങ്ങള്‍ നില്‍ക്കുന്നത്.

Jantar Mantar Protest

ബലാത്സംഗങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും പൊലുള്ള വിഷയങ്ങള്‍ വരെ ഇവിടെ നോര്‍മലൈസ് ചെയ്യപ്പെട്ട് പോവുന്നുവെന്നും ഡൂള്‍ന്യൂസിന്റെ ചോദ്യത്തിന് മറുപടിയായി നിതിന്‍ പറഞ്ഞു. വുമണ്‍ സേഫ്റ്റിയെ പറ്റിയിട്ട് കുറേ സംസാരിച്ചിട്ടുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. അവര്‍ ഭരിക്കുമ്പോള്‍ നാലു മണിക്കൂര്‍ ഇടവിട്ട് ഒരു സ്ത്രീ പീഡനം നടക്കുകയാണ് ഇന്ത്യയില്‍. അതില്‍ കൂടുതലും കുട്ടികളാണ്. പക്ഷേ ഇന്ന് ആരും സംസാരിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരു നിര്‍ഭയ മാത്രമല്ല ഇവിടെ ഉണ്ടായിട്ടുള്ളത്. ഒരു അഖ്ലാക്ക് കൊല്ലപ്പെട്ടപ്പോള്‍ അതൊരു വാര്‍ത്തയായി. അത്തരത്തില്‍ ഒരാള്‍ മാത്രമല്ല ഇന്ത്യയില്‍ മരിച്ചിട്ടുള്ളത്. ഒരാളുടെ കാര്യം മാത്രം വാര്‍ത്തയാക്കി അവസാനിപ്പിക്കുന്നു. പിന്നെ അങ്ങനെ ആ പ്രശ്‌നമേ ഇല്ല എന്നാണ് മാധ്യമങ്ങള്‍ കരുതുന്നത്,’
നിതിന്‍ പറഞ്ഞു.

മാധ്യമങ്ങളുടെ സമീപനം

മാധ്യമങ്ങളുടെ സമീപനത്തെക്കുറിച്ചും സി.ജെ.പി സൗത്ത് സോണ്‍ നേതാക്കള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മാധ്യമങ്ങള്‍ അവര്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ അവഗണിക്കുന്നുവെന്നും ‘ഞങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായിട്ട് ഞങ്ങള്‍ മനസ്സില്‍ കാണുന്നത് മാധ്യമങ്ങളെയാണ്,’ എന്നും നിതിന്‍ നോബിള്‍ പറഞ്ഞു.

മലയാളം മാധ്യമങ്ങള്‍ക്ക് അടക്കം സി.ജെ.പി പോലുള്ള ഒരു പ്രസ്ഥാനത്തിനെതിരായ സമീപനം ഉണ്ടെന്നും നിതിന്‍ നോബിള്‍ പറഞ്ഞു. സോനം വാങ്ചുക്കിന്റെ ഒരു പ്രസ്താവന സി.ജെ.പിക്കെതിരായി വളച്ചൊടിക്കുകയും സി.ജെ.പി പിളര്‍ന്നെന്ന് തെറ്റായ വാര്‍ത്ത കൊടുക്കുകയും ചെയ്ത മാധ്യമങ്ങളുടെ നിലപാടിനെക്കുറിച്ചുള്ള ഡൂള്‍ന്യൂസിന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റ മറുപടി.

ഗോദി മീഡിയയുടെ ഒരു വേര്‍ഷന്‍ തന്നെയാണ് മലയാളം മീഡിയയെന്നും നിതിന്‍ പറഞ്ഞു. അന്നത്തെ വാര്‍ത്ത ശ്രദ്ധിച്ചാല്‍ വളരെ വ്യക്തമായിട്ട് മനസ്സിലാവും ‘സി.ജെ.പി പിളര്‍പ്പിലേക്ക്’ അല്ലെങ്കില്‍ ‘സോനം വാങ്ചുക്ക് പറഞ്ഞിരിക്കുകയാണ് സി.ജെ.പിക്ക് ഇങ്ങനത്തെ ലക്ഷ്യങ്ങളുണ്ട്’ എന്ന് മാധ്യമങ്ങള്‍ ഒരേ പോലെ പറയുന്നു. അതായത് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത് ഒരേ സോഴ്സില്‍ നിന്നാവാമെന്നും നിതിന്‍ പറഞ്ഞു.

നമ്മുടെ മലയാളം മീഡിയ ഭയങ്കര സംഭവമാണെന്ന് പലരും പറയും. പക്ഷേ മലയാളം മീഡിയയില്‍ ഇന്ന് കാണുന്ന ബ്രേക്കിംഗ് ന്യൂസ് നാളെ ഒരു ബ്രേക്കേ അല്ല. ഒരു ഫോളോ അപ്പും അവരില്‍ നിന്നുണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരിക്കുന്ന പാര്‍ട്ടിക്ക് ഒപ്പം കൂടുക എന്ന നയമാണ് മാധ്യമങ്ങള്‍ക്കുള്ളത്. കേരളത്തിലും അതുപോലെയാണ്. കമ്മ്യൂണിസ്റ്റ് ഭരിച്ചപ്പോഴും കോണ്‍ഗ്രസ് ഭരിച്ചപ്പോളും ഭരിക്കുന്ന പാര്‍ട്ടിക്ക് ഒപ്പം കൂടുക എന്നുള്ള ഒരു കാര്യം ഇവിടുത്തെ പ്രമുഖ മാധ്യമങ്ങളില്‍ ഒട്ടുമിക്കതും കാര്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരിക്കുന്നവര്‍ അക്കൗണ്ടബിള്‍ ആവണം

കേരളത്തിലും ഭരിക്കുന്നവര്‍ അക്കൗണ്ടബിള്‍ ആവണമെന്ന് നിതിന്‍ നോബിള്‍ പറഞ്ഞു. അക്കൗണ്ടബിള്‍ ആവുക എന്നതാണ് കാര്യം. ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാന്‍ തെരഞ്ഞെടുത്തു വിട്ടിരിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്സ് ആണ് ജനപ്രതിനിധികള്‍. അപ്പോള്‍ അവിടെ അവര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ജനങ്ങളോടാണ്.

അവര്‍ ജനങ്ങളോട് റിപ്പോര്‍ട്ട് ചെയ്യാതെ അവരുടെ ഇഷ്ടത്തിന് ചെയ്തിട്ട് മീഡിയയില്‍ വന്ന് രണ്ട് സ്റ്റേറ്റ്മെന്റ് കൊടുക്കുന്നു. അത് ഫൈനല്‍ ആയി, പിന്നെ ഒന്നുമില്ല എന്ന് പറയുന്നിടത്തു നിന്ന് കൃത്യമായി ജനങ്ങള്‍ക്ക് മറുപടി വേണമെന്ന് ശബ്ദിക്കാനായിട്ടാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്.

ഇപ്പോള്‍ കോണ്‍ഗ്രസ് വീട് വെച്ച് കൊടുക്കാത്തതോ സ്പോണ്‍സര്‍ പരിപാടിയോ ഒരു ദിവസത്തിനപ്പുറം വാര്‍ത്തയാവുന്നില്ല. അത് വാര്‍ത്ത ആവേണ്ടതല്ലേ? അല്ലെങ്കില്‍ അതിന് കൃത്യമായി നേതാക്കന്മാരും മറുപടി പറയേണ്ടതില്ലേ? ഇപ്പോള്‍ മുഖ്യമന്ത്രി എല്ലാ ബുധനാഴ്ചയും എന്തോ ഒരു കാര്യം വായിച്ച് പോകുന്നതല്ലാതെ വിഷയങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നത് താന്‍ കേട്ടിട്ടില്ലെന്നും നിതിന്‍ വ്യക്തമാക്കി.

മറ്റ് സംഘടനകള്‍

മറ്റ് വിദ്യാര്‍ത്ഥി സംഘടനകളോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും മറ്റ് പാര്‍ട്ടിക്കാര്‍ തങ്ങളോട് ഏത് നിലപാടാണ് സ്വീകരിക്കാന്‍ സാധ്യതയെന്നതിനെക്കുറിച്ചും സി.ജെ.പി സോണല്‍ നേതാക്കള്‍ ഡൂള്‍ന്യൂസിനോട് സംസാരിച്ചു.

സംഘപരിവാര്‍ ബന്ധമുള്ളവ ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥി സംഘടനകളുമായി സഹകരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സനൂപ് ദേവ് പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകം അല്ല. അതിനപ്പുറം പലതും ചെയ്യാന്‍ സാധിക്കും. നാളെ സമൂഹത്തില്‍ എങ്ങനെയെല്ലാം ഇടപെടണം എന്നതിനുള്ള പരിശീലനം വിദ്യാര്‍ത്ഥി രാഷട്രീയത്തിലൂടെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റുപാര്‍ട്ടികളില്‍ നിന്ന് എതിര്‍പ്പ് വരാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നതായി നിതിന്‍ നോബിളും പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും തങ്ങളെ നല്ല രീതിയില്‍ എതിര്‍ക്കാനായിട്ട് വലിയ ശ്രമം ഉണ്ട്. അത് ബി.ജെ.പിക്കാര് മാത്രമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. കാരണം സി.ജെ.പി നാളെ ഒരു പാര്‍ട്ടി ആയി മാറി കമ്യൂണിസ്റ്റിനെയും കോണ്‍ഗ്രസിനെയും ഉപദ്രവിക്കും എന്ന് വിചാരിച്ചിട്ട് അവരും എതിര്‍ക്കാന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനം വ്യാപിപ്പിക്കല്‍

ദേശീയമായി സി.ജെ.പിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമമായാണ് കേരളത്തില്‍ അടക്കം ഘടകം തുടങ്ങുന്നതെന്ന് ഫിറോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ജില്ലാ കമ്മിറ്റികളും ഭാവിയില്‍ രൂപീകരിക്കും. നിലവില്‍ പാലക്കാട്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ വളണ്ടിയര്‍മാരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇത് പിന്നീട് പരിശോധിച്ച ശേഷം ഔദ്യോഗിക കമ്മിറ്റിയാക്കി മാറ്റുന്നത് അടക്കമുള്ള നടപടികളിലേക്ക് പോകും.

സംസ്ഥാന കമ്മിറ്റി അംഗങ്ങളാക്കുന്നതിന് ആദ്യ പ്രയോറിറ്റി നല്‍കുക ജന്തര്‍ മന്തര്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്കായിരിക്കും. മാധ്യമങ്ങളില്‍ സി.ജെ.പി വക്താക്കളായിരുന്ന വ്യക്തികള്‍ക്കും സമിതിയില്‍ പ്രാധാന്യമുണ്ടാവും. ഫ്രെഡ്ഡി ഫ്രാന്‍സിസും നിലവിലെ സൗത്ത് സോണ്‍ കമ്മിറ്റി അംഗം നിതിന്‍ നോബിളും അടക്കമുള്ള വക്താക്കളെ ഇത്തരത്തില്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രയോരിറ്റി നല്‍കും. സംസ്ഥാന തലത്തില്‍ നടന്ന സമരങ്ങളില്‍ പങ്കെടുത്തവരെയും കമ്മിറ്റിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

CJP Protest

പ്രൈമറി ലെവലില്‍ ഇപ്പോള്‍ സ്‌കൂള്‍ ഠീക് കരോ ക്യാമ്പയിനുമായാണ് മുന്നോട്ട് പോകുന്നത്. മറ്റു വിഷയങ്ങളിലും ഇടപെടും. പ്രാദേശികമായി വളണ്ടിയര്‍മാരുടെ അതത് പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തും. ആ വിഷയങ്ങള്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. അവര്‍ ആലോചിച്ച് ആ വിഷയങ്ങളില്‍ തീരുമാനമെടുക്കും.

നിലവില്‍ സംസ്ഥാന സമിതി രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് സൗത്ത് ഇന്ത്യന്‍ ഘടകങ്ങള്‍. അത് കഴിഞ്ഞ് ഇത്തരം വിഷയങ്ങള്‍ പരിഗണിച്ച് തുടങ്ങുമെന്നും ഫിറോസ് വ്യക്തമാക്കി.

തിരുത്തല്‍ ശക്തി

ഒരു തിരുത്തല്‍ ശക്തി എന്ന തരത്തില്‍ തന്നെയാവും കേരളത്തിലും സി.ജെ.പിയുടെ പ്രവര്‍ത്തനമെന്നും സോണല്‍ കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിനോട് ആ തരത്തില്‍ ഇടപെടും. സ്റ്റേറ്റിന് ഇടപെടാന്‍ പറ്റുന്ന വിഷയങ്ങളില്‍ എന്തുകൊണ്ട് ഇടപെടാന്‍ പറ്റുന്നില്ല എന്ന് ചോദിക്കുമെന്നും അവര്‍ വ്യക്തമാക്കി.

റിസര്‍ച്ചിന് പ്രാധാന്യം നല്‍കുന്ന രീതി തന്നെയാണ് സി.ജെ.പിയുടെ ദക്ഷിണേന്ത്യന്‍ ഘടകങ്ങളും പിന്തുടരുകയെന്ന് സനൂപ് ദേവ് പറഞ്ഞു. പലപ്പോഴും ഇവിടെ സംഘടനകള്‍ക്ക് വിഷയങ്ങളില്‍ പഠിച്ച് ഇടപെടാന്‍ സാധിക്കുന്നില്ല. അവര്‍ ആ വിഷയങ്ങള്‍ പഠിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെറുതെ സര്‍ക്കാരിനോട് ഒരു വിഷയം ഉന്നയിക്കുക മാത്രമല്ല സി.ജെ.പി ചെയ്യുന്നത്. ആ പ്രശ്‌നത്തിന്റെ പരിഹാരം എന്തെന്നും ആ വിഷയത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും എന്ത് വിഴ്ചയുണ്ടായെന്നും പഠിക്കും. എന്ത് ചെയ്യാമെന്ന് സര്‍ക്കാരിനോട് പറയും. അതാണ് സി.ജെ.പിയുടെ ശൈലിയെന്നും സനൂപ് വ്യക്തമാക്കി.

Content Highlight: Cockroach Janata Party (CJP) South India Zonal Leaders Talk about Future Plans in Kerala-

റെന്വര്‍

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more