| Friday, 26th June 2026, 10:02 pm

'പ്രധാന്‍ ഗോ ബാക്ക്' : ധര്‍മേന്ദ്ര പ്രധാനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി സി.ജെ.പി

സിജൊ

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യ വ്യാപകമായി ‘പ്രധാന്‍ ഗോ ബാക്ക്’ കാമ്പയിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി). കാമ്പയിന്റെ ഭാഗമായി ഞായറാഴ്ച ജന്ദര്‍ മന്തറില്‍ പ്രതിഷേധത്തിനും സി.ജെ.പി ആഹ്വാനം ചെയ്തു. സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയാണ് ‘പ്രധാന്‍ ഗോ ബാക്ക്’ കാമ്പയിന്‍ പ്രഖ്യാപിച്ചത്.

‘ഇന്ന് ഞങ്ങള്‍ പ്രധാന്‍ ഗോ ബാക്ക് കാമ്പയില്‍ ആരംഭിക്കുകയാണ്,’ എന്ന് ദീപ്‌കെ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തര്‍ മന്ദറിലെ പ്രതിഷേധത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും കര്‍ഷക സംഘടനകളും സിവില്‍ സൊസൈറ്റി അംഗങ്ങളും അണി നിരക്കണമെന്നും സി.ജെ.പി അഭ്യര്‍ത്ഥിച്ചു.

ധര്‍മേന്ദ്ര പ്രധാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ഞായറാഴ്ച നിരാഹാര സമരം ആരംഭിക്കുമെന്ന് സി.ജെ.പി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സോനം വാങ്ചുക് നിരാഹാര സമരം ആരംഭിക്കുന്നതിനൊപ്പം പ്രധാന്‍ ഗോ ബാക്ക് കാമ്പയിനും ഉദ്ഘാടനം ചെയ്യുമെന്ന് അഭിജീത് ദീപ്‌കെ ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ ഈ മാസം 20 മുതല്‍ ജന്തര്‍ മന്ദറില്‍ സി.ജെ.പിയുടെ പ്രതിഷേധം തുടര്‍ന്നു വരികയാണ്. ജന്തര്‍ മന്ദറിലെ പ്രതിഷേധം ഒരാഴ്ചയാവാനായിട്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ ഒരു ഉത്തരവാദിത്തവും ധര്‍മേന്ദ്രപ്രധാന്‍ ഏറ്റെടുത്തിട്ടില്ലെന്ന് അഭിജീത് ദീപ്‌കെ പറഞ്ഞു.

സോനം വാങ്ചുക് ഞായറാഴ്ച മുതല്‍ പ്രതിഷേധത്തില്‍ പങ്കാളിയാവും. 20 വിദ്യാര്‍ത്ഥികളാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ഈ വിഷയത്തില്‍ പ്രതിഷേധിച്ച് വാങ്ചുക്കിനെ പോലെ ഒരു വിദ്യാഭ്യാസ വിദഗ്ധനും ശാസ്ത്രജ്ഞനുമായ വ്യക്തി നിരാഹാര സമരത്തിലേക്ക് പോയിട്ടും ഈ ആത്മഹത്യകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്നും ധര്‍മേന്ദ്ര പ്രധാനെക്കുറിച്ച് ദീപ്‌കെ പറഞ്ഞു.

‘ഇപ്പോഴും വൈകിയിട്ടില്ല. ഈ വിദ്യാര്‍ത്ഥികളുടെ ചോരയുടെ കറ കൈയിലുള്ളതിനാല്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം. അയാള്‍ ഞങ്ങളെ ഭീകരവാദികളെന്നാണ് വിളിക്കുന്നത്. പക്ഷേ അയാളാണ് യഥാര്‍ത്ഥ ഭീകരവാദി. കാരണം അയാളാണ് ഈ വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ കാരണം,’ ദീപ്‌കെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉറപ്പ് വരുത്തണമെന്നും ദീപ്‌കെ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ മരണത്തിന് നേരിട്ട് ഉത്തരവാദിയാണ് ധര്‍മേന്ദ്ര പ്രധാന്‍. ധര്‍മേന്ദ്ര പ്രധാനെതിരെ പ്രധാനമന്ത്രിക്ക് നടപടിയൊന്നും എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാവാനുള്ള കഴിവ് അദ്ദേഹത്തിനില്ലെന്ന് പറയേണ്ടി വരുമെന്നും ദീപ്‌കെ പറഞ്ഞു.

നീറ്റ് ചോദ്യച്ചോര്‍ച്ചയടക്കമുള്ള വിഷയങ്ങളില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം മുതല്‍ സി.ജെ.പി ഓണ്‍ലൈനില്‍ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഈ മാസം ആറിനാണ് സി.ജെ.പി ഈ വിഷയത്തില്‍ ആദ്യ ഓഫ്‌ലൈന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ദല്‍ഹി ജന്തര്‍ മന്ദറിലായിരുന്നു ആദ്യ ഓഫ് ലൈന്‍ പ്രതിഷേധം.

പിന്നീട് ഈ മാസം 11 മുതല്‍ 18 വരെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി പ്രതിഷേധിച്ചിരുന്നു. പുനെ, ലക്നൗ, അമൃത്സര്‍, ഹൈദരാബാദ്, ജയ്പുര്‍ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധ പരിപാടികള്‍. ഇതിന് പിറകെയാണ് ഈ മാസം 20ന് മന്ദറില്‍ പ്രതിഷേധം ആരംഭിച്ചത്.

Content Highlight: Cockroach Janata Party (CJP) Launches Pradhan Go Back Nation Wide Campaign Demanding Resignation of Education Minister Dharmendra Pradhan

   
സിജൊ

Latest Stories

We use cookies to give you the best possible experience. Learn more