| Thursday, 21st May 2026, 2:31 pm

എക്‌സില്‍ ബ്ലോക്ക് ചെയ്യപ്പെട്ടു: ഇന്‍സ്റ്റഗ്രാമില്‍ ബി.ജെ.പിയെ മറികടന്ന് സി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആക്ഷേപ ഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി)എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായി കൂട്ടായ്മയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. ‘പ്രതീക്ഷിച്ചത് പോലെ തന്നെ കോക്ക്രോച്ച് ജനതാ പാര്‍ട്ടിയുടെ അക്കൗണ്ട് ഇന്ത്യയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു,’ എന്ന് സി.ജെ.പി സ്ഥാപകന്‍ ദീപ്‌കെ വ്യക്തിഗത എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

ആക്ഷേപഹാസ്യത്തിലൂടെ സാമൂഹ്യ ഇടപെടല്‍ നടത്തുന്ന കോക്‌റോച്ച് ജനതാ പാര്‍ട്ടി എന്ന കൂട്ടായ്മയുടെ സാമൂഹ്യ മാധ്യമ പേജുകളും കണ്ടന്റുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലായിരുന്നു. സി.ജെ.പിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവര്‍മാരുടെ എണ്ണം രാജ്യത്തെ ഭരണകക്ഷിയായ ബിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവര്‍മാരുടെ എണ്ണത്തെ മറികടക്കുകയും ചെയ്തിട്ടുണ്ട്.

ഒരു കോടി ഒരു ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് സി.ജെ.പിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. എന്നാല്‍ ബി.ജെ.പിക്ക് 87 ലക്ഷം ഫോളോവര്‍മാര്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍.

നേരത്തെ ബി.ജെ.പിയുടെയും സി.ജെ.പിയുടെയും ഇന്‍സ്റ്റഗ്രാം പേജുകളുടെ സ്‌ക്രീന്‍ഷോട്ട് അഭിജീത് പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ബി.ജെ.പി ഫോളോവര്‍മാരുടെ എണ്ണത്തെ സി.ജെ.പി പേജ് മറികടന്നതിന് പിറകെയായിരുന്നു ഇത്. ഈ സ്‌ക്രീന്‍ഷോട്ടില്‍ ബി.ജെ.പി ഇന്‍സ്റ്റഗ്രാം പേജിന് 87 ലക്ഷം ഫോളോവര്‍മാരും സി.ജെ.പിയുടേതിന് 88 ലക്ഷം ഫോളോവര്‍മാരുമുള്ളതായി കാണാം.

ഈ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ‘ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി’ എന്ന ബി.ജെ.പിയുടെ അവകാശവാദത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു കാപ്ഷനും സി.ജെ.പി പങ്കുവച്ചിട്ടുണ്ട്. ‘ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണെന്നത്രേ അവര്‍ പറയുന്നത്,’ എന്നാണ് ആ കാപ്ഷന്‍.

നാല് ദിവസം മുമ്പാണ് കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ രൂപപ്പെട്ടത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സി.ജെ.പിയുടെ തുടക്കം.

തൊഴില്‍ രഹിതരായ യുവാക്കള്‍ പാറ്റയെ (കോക്ക്‌റോച്ച്) പോലെയാണെന്നായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടത്. അത്തരത്തിലുള്ളവര്‍ മാധ്യമപ്രവര്‍ത്തകരോ സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുകളോ ആയി മാറി സംവിധാനത്തെ ആക്രമിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും കണ്ടന്റുകളും പ്രത്യക്ഷപ്പെട്ടത്.

സി.ജെ.പി അവരുടെ വെബ്‌സൈറ്റും ആരംഭിച്ചിരുന്നു. ‘പാര്‍ട്ടി’യില്‍ ചേരാനുള്ള ഓപ്ഷനും വെബ് സൈറ്റിലുണ്ട്. തൊഴില്‍ രഹിതരായിരിക്കുക, മടിയുണ്ടായിരിക്കുക, ദിവസം മിനിമം 11 മണിക്കൂറെങ്കിലും ഓണ്‍ലൈനിലുണ്ടായിരിക്കുക, നന്നായി വിമര്‍ശിച്ച് സംസാരിക്കാന്‍ കഴിയുക എന്നിവയാണ് യോഗ്യതകളായി സി.ജെ.പി. മുന്നോട്ട് വയ്ക്കുന്നത്.

വിവിധ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളായ മഹുവ മൊയിത്ര, അഖിലേഷ് യാദവ്, മനീഷ് സിസോദിയ, കീര്‍തി ആസാദ്, സഞ്ജയ് സിങ് തുടങ്ങിയവരടക്കമുള്ളവര്‍ സി.ജെ.പി ഇന്‍സ്റ്റഗ്രാം പേഡ് ഫോളോ ചെയ്തിട്ടുണ്ട്.

അക്കൗണ്ട് ഫോളോ ചെയ്തതിന് പിന്നാലെ സി.ജെ.പി വേഴ്‌സസ് ബി.ജെ.പി എന്ന് അഖിലേഷ് യാദവ് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. എക്‌സില്‍ ഒന്നര ലക്ഷത്തിന് മുകളില്‍ ഫോളോവര്‍മാര്‍ സി.ജെ.പിക്കുണ്ട്.

Content Highlight: Cockroach Janata Party Account Suspended in X, CJP has More Followers than BJP in Instagram

We use cookies to give you the best possible experience. Learn more