തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കോച്ചിന് രണ്ടാം പീഡന കേസില്‍ 35 വര്‍ഷം കഠിന തടവ്.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വള്ളക്കടവ് സ്വദേശി മനുവാണ് പ്രതി. ആറ് കേസുകളായിരുന്നു മനുവിനെതിരെ ഉണ്ടായിരുന്നത്. ആദ്യ കേസില്‍ മനുവിനെ പതിനാറ് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. മൂന്നാം കേസിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ആദ്യ കേസിലെ ശിക്ഷയ്ക്ക് ശേഷമെ രണ്ടാം കേസിലെ ശിക്ഷ തുടങ്ങൂ എന്നും കോടതി ഉത്തരവിലുണ്ട്. മുപ്പത്തിയഞ്ച് വര്‍ഷത്തെ കഠിന തടവ് കൂടാതെ 65000 രൂപ പിഴയും ശിക്ഷാ വിധിയിലുണ്ട്. പിഴ ഒടുക്കാത്ത പക്ഷം 6 വര്‍ഷവും ഒമ്പത് മാസവും അധികതടവ് അനുഭവിക്കണം.
2018 ലാണ് രണ്ടാം കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തെ ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ പരിശീലനത്തിന് എത്തിയ കുട്ടിയെ ജിമ്മിലേക്കും ശുചിമുറിയിലേക്കും കൊണ്ടു പോയി ലൈംഗികമായി പീഡിപ്പെച്ചെന്നാണ് കേസ്. കൂടാതെ കുട്ടിയുടെ നഗ്‌ന ഫോട്ടോ എടുത്തെന്നും പരാതിയുണ്ട്.
മാത്രമല്ല താത്പര്യത്തിന് വഴങ്ങാതിരുന്ന പെണ്‍കുട്ടിക്ക് പിന്നീട് മനു പരിശീലനം നിഷേധിച്ചെന്നും പരാതിയില്‍ പറയുന്നു. 2019 ഇല്‍ കുട്ടി കോച്ചിങ് സെന്റര്‍ വിട്ടു. പീഡനം പുറത്ത് പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് മനു ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല.
2024ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടി പ്രതിയെ കണ്ട് ഭയന്ന് ബഹളം വെച്ചതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. പിന്നാലെ നിരവധി കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു. എല്ലാ കേസുകളിലും വിചാരണ പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം കേസില്‍ നാളെ ശിക്ഷ വിധിക്കും.
Content Highlight: Coach Manu gets 35 years in prison for molesting student during cricket practice