| Thursday, 2nd April 2026, 1:31 pm

മില്ലറേ നീ അവിടെയിരി, സ്റ്റബ്‌സേ നീ ഇറങ്ങ്; ദല്‍ഹിയുടെ വിജയത്തിന് കാരണമായ കോച്ചിന്റെ മാസ്റ്റര്‍ സ്‌ട്രോക്

ആദര്‍ശ് എം.കെ.

കഴിഞ്ഞ ദിവസം ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ ദല്‍ഹി സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയമാഘോഷിക്കുമ്പോള്‍ പരിശീലകന്‍ ഹേമാംഗ് ബദാനിയുടെ തന്ത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലറിന് പകരം ട്രിസ്റ്റണ്‍ സ്റ്റബ്‌സിനോട് ബാറ്റിങ്ങിനിറങ്ങാനുള്ള പരിശീലകന്റെ നിര്‍ദേശമാണ് ചര്‍ച്ചാ വിഷയം.

സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി ഒരു ഘട്ടത്തില്‍ 26 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു. കെ.എല്‍. രാഹുലും ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും ഗോള്‍ഡന്‍ ഡക്കായും പാതും നിസങ്ക ഒറ്റ റണ്‍സിനും പുറത്തായി ടോപ്പ് ഓര്‍ഡര്‍ തകര്‍ന്ന നിലയിലായിരുന്നു ക്യാപ്പിറ്റല്‍സ്.

ആറാം നമ്പറില്‍ ദല്‍ഹിക്കായി തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങാന്‍ ഡേവിഡ് മില്ലര്‍ തയ്യാറെടുക്കവെയാണ് നാടകീയമായ ആ നീക്കം നടന്നത്. ഡ്രസിങ് റൂമില്‍ നിന്നും ഓടിയെത്തിയ കോച്ച് ബദാനി ഡഗ്ഔട്ടിലെത്തി മില്ലറെ തടയുകയും പകരം ട്രിസ്റ്റന്‍ സ്റ്റബ്‌സിനോട് ബാറ്റിങ്ങിനിറക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

മത്സരത്തിന്റെ ഗതിയെ പൂര്‍ണമായും മാറ്റി മറിച്ച തീരുമാനമായിരുന്നു അത്. അഞ്ചാം വിക്കറ്റില്‍ സമീര്‍ റിസ്വിക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സ്റ്റബ്‌സ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. അപരാജിത 119 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. റിസ്വി 70 റണ്‍സും സ്റ്റബ്‌സ് 39 റണ്‍സും നേടി പുറത്താകാതെ നിന്നു.

മില്ലറിന് പകരം സ്റ്റബ്‌സിനെ കളത്തിലിറക്കാനുള്ള ബദാനിയുടെ തീരുമാനത്തെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പ്രശംസിച്ചിരുന്നു. സീനിയര്‍ താരമായ ഡേവിഡ് മില്ലറെ തടഞ്ഞ് മറ്റൊരു താരത്തെ അയക്കുന്നത് വലിയൊരു നീക്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അതൊരു വലിയ നിമിഷമായിരുന്നു. ബദാനി ഡ്രസിങ് റൂമില്‍ നിന്നും ഓടിയെത്തി ഡേവിഡ് മില്ലറോട് സംസാരിക്കുന്നു. ആ സമയം മില്ലറിന് ബാറ്റ് ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടല്ല, മറിച്ച് ആ പ്രത്യേക സാഹചര്യത്തില്‍ സ്റ്റബ്‌സിന് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അവര്‍ക്ക് തോന്നിയതുകൊണ്ടാണ്.

ആ നിമിഷത്തില്‍ തന്നെ അവര്‍ വിജയം ഉറപ്പിച്ചിരുന്നു. മില്ലറെപ്പോലൊരു സീനിയര്‍ താരത്തോട് ഇപ്പോള്‍ പോകേണ്ട, ഞങ്ങള്‍ മറ്റൊന്നാണ് ചിന്തിക്കുന്നത് എന്ന് പറയുമ്പോള്‍ അത് ആ താരത്തിന് വിഷമമാകാത്ത രീതിയില്‍ അവതരിപ്പിക്കുക എന്നത് വലിയ കാര്യമാണ്, ബദാനി അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്തു’ പത്താന്‍ പറഞ്ഞു.

‘ഞാന്‍ പൂര്‍ണമായും പാഡ്അപ് ചെയ്തിരുന്നില്ല. പെട്ടെന്ന് തന്നെ എനിക്ക് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നു. ഞങ്ങള്‍ക്ക് ചെയ്യേണ്ടതെന്തോ, അത് തീര്‍ത്തും ലളിതമായ കാര്യമായിരുന്നു, കൃത്യമായ സമയം ബാറ്റ് ചെയ്യുക, ഒരു പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കുക. റിസ്വി മികച്ച രീതിയില്‍ കളിച്ചു,’ എന്നായിരുന്നു മത്സരശേഷം സ്റ്റബ്‌സ് പറഞ്ഞത്.

‘എപ്പോഴും സ്‌കോര്‍ ചെയ്യാനാണ് നമ്മള്‍ നോക്കുന്നത്, എന്നാല്‍ സാഹചര്യം എന്താണോ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്. പന്തില്‍ സ്വിങ്ങും സീമും ഏറെനേരമുണ്ടായിരുന്നു. സാധാരണ രീതിയില്‍ ബാറ്റിങ് തുടരാനും സ്‌കോര്‍ ചെയ്യാനും ഞങ്ങള്‍ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു. റിസ്വി സ്പിന്നിനെ സ്വാഭാവികമായി നേരിട്ടു, അത് എന്റെ ജോലി എളുപ്പമാക്കി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight:  Coach Hemang Badani suggests Tristan Stubbs to bat in place of David Miller

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more