കൊച്ചി: സി.എം.ആര്‍.എല്‍ പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് കുറ്റകൃത്യത്തിന് സഹായം നല്‍കുന്നതിന് തുല്യമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
കേസില്‍ കൃത്യമായ തെളിവുകള്‍ കൈമാറിയിട്ടും കേസെടുക്കാന്‍ മടിക്കുന്നത് കുറ്റക്കാരെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും, ഇത് ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പി.എം.എല്‍.എ.) കുറ്റകൃത്യമായി മാറുമെന്നും ഇ.ഡി. മുന്നറിയിപ്പ് നല്‍കി. കേരള പൊലീസ് മേധാവിക്ക് സെപ്റ്റംബര്‍ ഏഴിന് നല്‍കിയ കത്തിലാണ് ഇ.ഡി ഇക്കാര്യം പറഞ്ഞത്.
പിണറായി വിജയന്‍, മകള്‍ വീണ ടി, അവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് സൊല്യൂഷന്‍സ്, വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടത്.
അഴിമതിയിലൂടെ ലഭിച്ച പണം സംബന്ധിച്ച് നടപടിയെടുക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് കുറ്റകൃത്യത്തിന് സഹായിക്കുന്നതും ഇത്തരത്തിലുള്ള പണം കൈവശം വയ്ക്കുന്നതും മറച്ചുവയ്ക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഇ.ഡി വ്യക്തമാക്കി.
‘സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആരെങ്കിലും കൈക്കൂലിപ്പണം ഉണ്ടാക്കുന്നതിലോ മറച്ചുവെക്കുന്നതിലോ കൈവശം വെക്കുന്നതിലോ പ്രതികളെ ബോധപൂര്‍വം സഹായിച്ചാല്‍ അവര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ഉത്തരവാദികളായിരിക്കും,’ ഇ.ഡി കൂട്ടിച്ചേര്‍ത്തു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം നടത്തുകയും ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു.
ഈ നടപടിയെ കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമോപദേശം അഡ്വക്കേറ്റ് ജനറലും ഡി.ജി.പിയും നല്‍കിയിരുന്നതായും ഇ.ഡി കത്തില്‍ പറയുന്നു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നീട്ടുന്നത് തെളിവുകള്‍ നശിപ്പിക്കാനും കുറ്റകൃത്യത്തില്‍ നിന്നുള്ള പണം കൈകാര്യം ചെയ്തവര്‍ക്ക് അതില്‍ നിന്ന് പ്രയോജനം നേടാനും അവസരമൊരുക്കുമെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
സി.എം.ആര്‍എല്ലില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന് 13 ശതമാനം ഓഹരിയുണ്ടെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
Content Highlights: CMRL financial transaction case: ED terms failure to register FIR against Pinarayi, despite the handover of evidence, as an offense.