| Wednesday, 14th October 2026, 4:01 pm

'കാഞ്ചനയ്ക്ക് മൊയ്തീനോടുള്ളതിനേക്കാൾ വലിയ സ്നേഹമാണ് സതീശന് പിണറായിയോട്'; സി.എം.ആർ.എൽ കേസിൽ ഒത്തുകളിയെന്ന് ബി.ജെ.പി

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിക്കുന്നതെന്നും ഇത് മുന്നണികൾ തമ്മിലുള്ള രഹസ്യധാരണ വ്യക്തമാക്കുന്നതാണെന്നും ബി.ജെ.പി നേതാവ് ബി.ബി. ഗോപകുമാർ ആരോപിച്ചു.

പ്രമാദമായ അഴിമതി കേസുകളിൽ ഇരുമുന്നണികളും പരസ്പരം വിട്ടുവീഴ്ച ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശിച്ചു.

പിണറായി വിജയനെതിരായ എഫ്.ഐ.ആറും കേസുകളും ഒഴിവാക്കാനാണ് വി.ഡി. സതീശൻ ശ്രമിക്കുന്നത്.
‘കാഞ്ചനയ്ക്ക് മൊയ്തീനോടുള്ള സ്നേഹത്തേക്കാൾ വലുതാണ് സതീശന് പിണറായിയോടുള്ള സ്നേഹമെന്ന്’ അദ്ദേഹം പരിഹസിച്ചു.

പ്രതിയുടെ വാദം കൂടി കേട്ടിട്ടാണോ സാധാരണ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘ഇരുവർക്കുമിടയിലുള്ള ഈ അവിഹിത ബന്ധം തുടർന്നാൽ, വീണ്ടും അഭിഭാഷക വേഷമണിഞ്ഞ് ഹൈക്കോടതിയിൽ പിണറായിക്കുവേണ്ടി സതീശൻ ഹാജരാകുന്ന സ്ഥിതി വരുമെന്നും’ ഗോപകുമാർ പറഞ്ഞു.

ഇരുമുന്നണികളും ചേർന്നാണ് നിയമസഭയിൽ പ്രമേയങ്ങൾ കൊണ്ടുവരുന്നതെന്നും, സഭയ്ക്കുള്ളിൽ നടത്തുന്ന ആരോപണ-പ്രത്യാരോപണങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും അഴിമതി വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള നാടകം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരം കയ്യാളുന്ന ഭരണകൂടവും പ്രതിപക്ഷവും ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight:CMRL-Exalogic case: V.D. Satheesan trying to shield Pinarayi; BJP alleges LDF-UDF collusion.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more