| Thursday, 17th September 2026, 10:40 am

സി.എം.ആര്‍.എല്‍ കേസ്; ഇ.ഡി ബലം പ്രയോഗിച്ച് മൊഴിയില്‍ ഒപ്പുവെപ്പിച്ചു, അത് പിന്‍വലിക്കണമെന്ന് ശശിധരന്‍ കര്‍ത്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സി.എം.ആര്‍.എല്‍-എക്സാലോജിക് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. 2024ലെ ഒരു സത്യവാങ്മൂലത്തിലാണ് കര്‍ത്ത ഈ കാര്യം ആവശ്യപ്പെട്ടത്. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ലഭിച്ചതായി മലയാളം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശശിധരന്‍ കര്‍ത്തയ്ക്ക് വേണ്ടി സഹോദരന്‍ ആണ് 2024 മെയ് 15ന് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരുടെ മൊഴിയില്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചെന്നാണ് കര്‍ത്ത സത്യവാങ്മൂലത്തില്‍ പറയുന്നത്.

ആശുപത്രിക്കിടക്കയില്‍ വെച്ച് ചോദ്യം ചെയ്തുവെന്നും കര്‍ത്തയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. ബലം പ്രയോഗിച്ചാണ് വിരലടയാളം പതിപ്പിച്ചത്. ഇ.ഡി തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശശിധരന്‍ കര്‍ത്ത സത്യവാങ്ങ്മൂലത്തില്‍ ആരോപിക്കുന്നുവെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തനിക്ക് അന്ന് ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ, ഗുരുതരമായ കിഡ്‌നി രോഗം എന്നിവയുണ്ടായിരുന്നു. ഇത്രയും രോഗങ്ങളുള്ള 72-കാരനായ തന്നെ ചോദ്യം ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടും ഇ.ഡി അവഗണിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെയാണ് മൊഴി നല്‍കിയത്. ”ഈ പീഡനത്തിലും ഭേദം മരിക്കുന്നതാണ്” എന്ന് ചോദ്യം ചെയ്യലിനിടെ കര്‍ത്ത ഇ.ഡി ഉദ്യോഗസ്ഥരോട് പറഞ്ഞതായും സത്യവാങ്മൂലത്തിലുണ്ട്.

2024 ഏപ്രില്‍ മാസത്തിലായിരുന്നു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഇസി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കര്‍ത്തയ്ക്ക് ഇ.ഡി നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹാജരാകാതിരുന്നത്.

ഇതിന് പിന്നാലെ കര്‍ത്തയുടെ വീട്ടിലെത്തി ഇ.ഡി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഈ മൊഴിയാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് 2024 മെയില്‍ സത്യവാങ്മൂലം നല്‍കിയത്.

കര്‍ത്തക്ക് പുറമെ സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരും മൊഴി പിന്‍വലിക്കാന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സി.എം.ആര്‍.എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, ചീഫ് ജനറല്‍ മാനേജര്‍ പി. സുരേഷ് കുമാര്‍ എന്നിവരായിരുന്നു മൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.

Content Highlight: CMRL- Exalogic Case- Sasidharan Kartha Reportedly Submitted Affidavit to withdraw his statement taken by ED

We use cookies to give you the best possible experience. Learn more