| Wednesday, 27th May 2026, 8:36 am

സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസ്: പിണറായിയുടെ വീട് അടക്കം 10 ഇടത്ത് റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലും ഇ.ഡി സംഘം തിരച്ചില്‍ നടത്തി. നിലവില്‍ ബേക്കറി ജങ്ഷനിലെ വാടക വീട്ടിലാണ് പിണറായിയുള്ളത്. അവിടെ ഇന്ന് പുലര്‍ച്ചെയോടെ തന്നെ ഇ.ഡി. സംഘം തിരച്ചിലിനെത്തിയതായാണ് വിവരം.

കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിറകെയാണ് റെയ്ഡ്. ആകെ 10 ഇടങ്ങളില്‍ റെയ്ഡ് തുടരുന്നതായി മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സി.എം.ആര്‍.എലിന്റെ ഓഫീസിലും ഇ.ഡി. പരിശോധന നടക്കുന്നുണ്ട്. മുന്‍ മന്ത്രിയും പിണറായിയുടെ മകള്‍ വീണ വിജയന്റെ ഭര്‍ത്താവുമായ പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലുള്ള വീട്ടിലും ഇ.ഡി സംഘം റെയ്ഡിനെത്തി.

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസുകളാണ് ഇ.ഡി അന്വേഷിക്കുന്നത്.

കേസില്‍ ഇ.ഡി അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഇന്നലെ (ചൊവ്വ) തള്ളിയിരുന്നു. സി.എം.ആര്‍.എല്‍ കമ്പനിയും ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹരജിയായിരുന്നു തള്ളിയത്.

ഇ.ഡി സമന്‍സയച്ചതിനെയും ഹരജിയില്‍ എതിര്‍ത്തിരുന്നു. അന്വേഷണത്തിന്റെ തുടക്കഘട്ടത്തില്‍ തന്നെ സമന്‍സിനെ ചോദ്യം ചെയ്ത് ഹരജി നല്‍കുന്ന്ത് അപക്വ നടപടിയാണെന്ന് ഹരജി തള്ളവെ കോടതി നിരീക്ഷിച്ചിരുന്നു.

എക്‌സലോജികുമായുള്ള ഇടപാടില്‍ സമന്‍സ് അയക്കുന്നതിനുള്ള ഇ.ഡിയുടെ അധികാര പരിധി ഹരജിക്കാര്‍ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നടപടികള്‍ ആരംഭിക്കാനുള്ള കുറ്റകൃത്യങ്ങള്‍ കേസില്‍ നിലവിലില്ലെന്നും ഹരജിക്കാര്‍ വാദിച്ചിരുന്നു.

കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) അന്വേഷണവും നടക്കുന്നുണ്ട്. മുഖ്യമന്ത്രിയയായിരുന്ന പിണറായി വിജയന്‍ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിന് വഴിവിട്ട സേവനം നല്‍കിയതിനാലാണ് മകള്‍ വീണ വിജയന്റെ കമ്പനിക്ക് സി.എം.ആര്‍.എല്‍ ഒരു സേവനവും നല്‍കാതെ പണം നല്‍കിയെന്നാണ് കേസ്.

സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത വീണാ തൈക്കണ്ടിയുടെ എക്‌സാലോജിക്കിന് 1.72 കോടി രൂപ നല്‍കിയെന്ന് 2019ല്‍ ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ സി.എം.ആര്‍.എല്‍ 2013-14 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ 135 കോടിയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

Content Highlight: CMRL Exalogic Case: ED Raid At Pinarayi Vijayan Home and other places

We use cookies to give you the best possible experience. Learn more