| Tuesday, 8th September 2026, 2:31 pm

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസെടുക്കാന്‍ ഇ.ഡിയുടെ കത്ത്; പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന ഡി.ജി.പിക്ക് കത്ത് നല്‍കി. മുഹമ്മദ് റിയാസിനെതിരെയും പിണറായിയുടെ മകള്‍ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും ഇ.ഡിയുടെ കത്തില്‍ ആവശ്യപ്പെടുന്നു.

കത്ത് ഡി.ജി.പിക്ക് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. കത്ത് സംബന്ധിച്ച് പരിശോധന നടത്തിയ ശേഷം തുടര്‍ നടപടികളിലേക്ക് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഇ.ഡിയുടെ കത്തില്‍ ഡി.ജി.പി നിയമോപദേശം തേടുമെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ഡി.ജി.പിയോട് ഞാന്‍ ചോദിച്ചപ്പോള്‍ ഡി.ജി.പി പറഞ്ഞത് അദ്ദേഹത്തിന് കത്ത് ലഭിച്ചിട്ടുണ്ട് എന്നുള്ളതാണ്. കത്ത് പരിശോധിക്കട്ടെ. പരിശോധിച്ചിട്ട് എന്താണ് ചെയ്യേണ്ടതെന്ന് നിയമപരമായി തീരുമാനിക്കും. ഡി.ജി.പിക്ക് ഒരു കത്ത് കിട്ടിയാല്‍ ഡി.ജി.പി അതിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യും,’ ചെന്നിത്തല വ്യക്തമാക്കി.

പിണറായി വിജയന്‍ സി.എം.ആര്‍.എല്ലില്‍നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കത്തില്‍ പറയുന്നതായാണ് വിവരം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം 66(2) വകുപ്പ് പ്രകാരമുള്ള കെസിലെ തെളിവുകളും ഇ.ഡി കൈമാറി.

ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫീസിലും ഉള്‍പ്പെടെ ഇ.ഡി പരിശോധന നടത്തിയിരുന്നു.

Content Highlight:CMRL_Exalogic Case-ED Letter to DIG, To Register FIR Against Pinarayi

Latest Stories

We use cookies to give you the best possible experience. Learn more