തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ തനിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ പിണറായി വിജയൻ സുപ്രീം കോടതിയെ സമീപിക്കും.
ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയ പിണറായി, എഫ്.ഐ.ആറിലെ തുടർനടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ഹരജിയിലൂടെ ആവശ്യപ്പെടും.
അപ്പീൽ ഇന്ന് തന്നെ അടിയന്തരമായി കോടതിയുടെ പരിഗണനയിൽ കൊണ്ടുവരാനാണ് പിണറായി വിജയന്റെ അഭിഭാഷകരുടെ നീക്കം. സുപ്രീം കോടതിയിൽ പിണറായിക്കായി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് രുദ്ര ഹാജരാകും. കേസിലെ മറ്റ് പ്രതികളായ വീണ. ടി, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കായി മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരനും ഹാജരാകും.
സിംഗിൾ ബെഞ്ചിന്റെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകൾക്കെതിരെ നൽകിയ അപ്പീൽ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പിണറായി വിജയൻ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിന്റെ അടിസ്ഥാനത്തിൽ, എഫ്.ഐ.ആർ ഇടാതെ പ്രാഥമിക അന്വേഷണം നടത്താനായിരുന്നു വിജിലൻസ് നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് വിജിലൻസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിൽ സി.എം.ആർ.എല്ലും എക്സാലോജിക്കും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത ആദ്യ കേസിലാണ് പിണറായി വിജയൻ പ്രതിയായിട്ടുള്ളത്.
Content Highlight:CMRL–Exalogic case: Chief Minister Vijayan approaches the Supreme Court against the High Court verdict; seeks a stay on FIR proceedings.