തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സി.എം.പി നേതാവ് സി.പി ജോണും ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമ ചന്ദ്രനും
കേരളത്തിന്റെ വിപ്ലവ പ്രസ്ഥാന ചരിത്രത്തില്‍ ആര്‍ക്കും മായിച്ച് കളയാന്‍ പറ്റാത്ത ഒരു പേരാണ് വി.എസ്. അച്യുതാനന്ദന്റേതെന്ന് സി.പി. ജോണ്‍ പറയുന്നു. ദാരിദ്ര്യം പിടിച്ച അന്തരീക്ഷത്തില്‍ ദാരിദ്ര്യത്തോടും, അസമത്വങ്ങളോടും പൊരുതിയ ആളാണ് അച്യുതാനന്ദന്‍ എന്ന ബാലനെന്നും അദ്ദേഹം പറയുന്നു.
പിന്നീട് നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യം മാറ്റുന്നതിന് വേണ്ടി, അവര്‍ക്ക് ജീവിക്കാന്‍ അവസരം ഉണ്ടാക്കുന്നതിന് വേണ്ടി ഐതിഹാസികമായ നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അതുല്യനായ മഹത് വ്യക്തിയാണ് അച്യുതാനന്ദനെന്നും സി.എം.പി നേതാവ് സി.പി ജോണ്‍ വ്യക്തമാക്കി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാധാരണ സമൂഹത്തിന്റെ താത്പര്യങ്ങളുടെ മുമ്പില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന യഥാര്‍ത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു വി.എസ്. എന്ന് ആര്‍.എസ്.പി നേതാവ് പ്രേമചന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രീയ തീരുമാനവും ഭരണപരമായ തീരുമാനവും എടുക്കുമ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച പ്രധാനപ്പെട്ട ഘടകം ആ തീരുമാനം എത്രമാത്രം സാധാരണ സമൂഹത്തിന് ഗുണകരമാകുമെന്നതിനെ ആശ്രയിച്ചുകൊണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെ നിലപാട് സ്വീകരിക്കുന്നതാണ് മുല്ലപെരിയാര്‍ വിഷയത്തില്‍ പോലും കേരളം കണ്ടതെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
Content Highlight: CMP leader CP John and RSP leader NK Prema Chandran expressed their condolences on the demise of Chief Minister VS Achuthanandan.