തിരുവനന്തപുരം: മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സമര നേതാവായിരുന്ന കോഴിക്കോട് സ്വദേശി സി എം വിദ്യാധരനെ(70) ലോഡ്ജ് മുറിയില്‍ മരിച്ചനിലിയില്‍ കണ്ടെത്തി.
മന്ത്രി എളമരം കരീമിനെതിരെ പുസ്തകമെഴുതി വിവാദം സൃഷ്ടിച്ചയാളാണ് വിദ്യാധരന്‍.
ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ ചികിത്സയ്ക്കായി എത്തിയ വിദ്യാധരനെ ഇന്നു രാവിലെ തമ്പാനൂരിലെ കാവേരി ലോഡ്ജിലെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കസേരയില്‍ ചാരിയിരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തമ്പാനൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
ഗ്വാളിയര്‍ റയോണ്‍സ് കമ്പനിയുടെ തുടക്കകാലം മുതല്‍ അവിടുത്തെ ജീവനക്കാരനായിരുന്നു അദ്ദേഹം. “ബിര്‍ളകൂട്ടം” എന്ന പേരില്‍ തൊഴിലാളി സംഘടന രൂപീകരിച്ച് നേതൃരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇത് എ ഐ ടി യു സിയായി മാറുകയും ഒടുവില്‍ സംഘടന പിളര്‍ന്നപ്പോള്‍ സി ഐ ടിയുവിലേക്ക് പോവുകയും ചെയ്തു.
പില്‍ക്കാലത്ത് സി.പി.ഐ.എമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് വി എസ് പക്ഷക്കാരനായി മാറി. അങ്ങനെ പാര്‍ട്ടി നടപടിക്ക് വിധേയനായി. തുടര്‍ന്ന് യൂണിറ്റി സെന്റര്‍ രൂപീകരിച്ചു. കുറേക്കാലം കഴിഞ്ഞ് ഈ സംഘടനയും പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് ഇടതുപക്ഷ ഏകോപനസമിതിയുടെ സജീവ പ്രവര്‍ത്തകനായി.