| Tuesday, 26th May 2026, 6:08 pm

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: ജൂണിൽ ധവളപത്രം, കടമെടുപ്പ് പരിധിയിൽ ഇളവ് തേടി: മുഖ്യമന്ത്രി വി.ഡി. സതീശൻ

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജൂൺ ആദ്യവാരത്തിൽ ധവളപത്രം പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രധാനമന്ത്രിയുമായും കേന്ദ്ര ധനകാര്യമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും വികസന പദ്ധതികളും വിശദമായി ചർച്ച ചെയ്തതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഇളവ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ കേരളം നൽകിയ 25 ശതമാനം തുക (ഏകദേശം 5,580 കോടി രൂപ) കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ ജി.എസ്.ഡി.പിയുടെ 3.5 ശതമാനം മാത്രമാണ് കടമെടുപ്പ് പരിധി. ഇതിൽ കിഫ്ബിയും പെൻഷൻ ഫണ്ടും വരുത്തിയ ബാധ്യതകൾ കൂടി ഉൾപ്പെടുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിവിധ വകുപ്പുകൾക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട തുക നിയമപരമായ തടസങ്ങൾ മൂലം തടസപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും, ഓഡിറ്റഡ് അക്കൗണ്ട്‌സും യൂട്ടിലിറ്റി സർട്ടിഫിക്കറ്റുകളും കൃത്യമായി നൽകി ഈ തുക നേടിയെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.

വഖഫ് ബോർഡ് രാഷ്ട്രീയ നിയമനങ്ങളിലൂടെ എടുത്ത തെറ്റായ തീരുമാനമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. മുൻ സർക്കാർ പോകുന്ന സമയത്ത് വഖഫ് ബോർഡ് സ്വയം എടുത്ത തീരുമാനമാണിത്. ഈ വിഷയം ഉപയോഗിച്ച് രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ സംഘപരിവാർ ശ്രമിച്ചപ്പോൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇടപെട്ട് അത് തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വരാപ്പുഴ ബിഷപ്പുമാരുമായി ചർച്ച നടത്തി ആരെയും പുറത്താക്കില്ലെന്ന ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാരെ സസ്പെൻഡ് ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ പൊലീസ് ഈ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. മർദനത്തിന്റെ വീഡിയോ ഇല്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്, എന്നാൽ ഇരകളായ കുട്ടികൾ വീഡിയോ ഹാജരാക്കിയതോടെ കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നിലവിൽ ദുർബലമായ വകുപ്പുകളാണ് ഗൺമാന്മാർക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും, റിപ്പോർട്ട് പൂർണമായി പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Content highlight: CM VD Satheesan Press Conference

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more