തിരുവനന്തപുരം: കൊവിഡിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കുറച്ചുകാലമായി വിവാദങ്ങളില്ലാത്തത് ചിലരെ വിഷമിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പ്രിംക്ലര്‍ വിവാദത്തില്‍ സി.പി.ഐ നേതാവ് ഡി രാജയുടെയും ജനയുഗം പത്രത്തിന്റെ മുഖപ്രസംഗത്തെയും കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എങ്ങനെയെങ്കിലും വിവാദമുണ്ടാക്കണമെന്നാണ് ഒരു കൂട്ടരുടെ ആലോചന. ഇതിന്റെ ഭാഗമായാണ് പിന്നെയും പിന്നെയും ഇക്കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ചില വിശദീകരണങ്ങള്‍ നല്‍കിയിരുന്നു. വേറെ വഴിക്കാണ് കാര്യങ്ങള്‍ പോവുന്നതെന്ന് കണ്ടപ്പോഴാണ് വിശദീകരണം നല്‍കുന്നത് നിര്‍ത്തിയത്. വിശദീകരണം തേടലോ കാര്യങ്ങള്‍ മനസിലാക്കലോ അല്ല അവരുടെ ലക്ഷ്യമെന്ന് മനസിലായെന്നും അദ്ദേഹം പ്രതികരിച്ചു.
അമേരിക്ക സന്ദര്‍ശനത്തിനിടെ സ്പ്രിംഗ്ലറുമായി ചര്‍ച്ച നടത്തിയോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യവും അദ്ദേഹം തള്ളിക്കളഞ്ഞു. ‘അവര്‍ ശീലിച്ച കാര്യങ്ങള്‍ മറ്റുള്ളവരുടെ മേല്‍ ആരോപിക്കാന്‍ ശ്രമിക്കരുത്. അത്തരം ശീലങ്ങളില്‍ വളര്‍ന്നു വന്നവരല്ല ഇവിടെ ഇരിക്കുന്നത്. തെളിവുണ്ടെങ്കില്‍ കൊണ്ടുവരട്ടെ. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ നിങ്ങള്‍ക്ക് എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞോ? ബോധപൂര്‍വം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്’, അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളുടെ ഏതെങ്കിലും ചോദ്യത്തിന് മുന്നില്‍ താന്‍ അസഹിഷ്ണുത കാണിച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചിലര്‍ ഇതിനെക്കുറിച്ച് ശുദ്ധ നുണയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.