| Monday, 6th October 2025, 2:54 pm

'സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷം'; ചീഫ് ജസ്റ്റിസിന് നേരെ ഷൂവെറിഞ്ഞ അഭിഭാഷകനെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെ അഭിഭാഷകന്‍ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് (തിങ്കള്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിയില്‍ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാന്‍ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വര്‍ഗീയ പ്രചരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉത്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരത്തിലുള്ള കടന്നാക്രമണങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസും അതിന്റെ പരിവാരവും നൂറ് വര്‍ഷംകൊണ്ട് സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാഗാന്ധിക്ക് നേരെ നിറയൊഴിക്കാന്‍ മടിച്ചിട്ടില്ലാത്ത വര്‍ഗീയ ഭ്രാന്തിന് ഒട്ടും കുറവുവന്നിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയില്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസാരവത്കരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയങ്ങോട്ട് നമ്മള്‍ പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതും സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

അതേസമയം കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഡയസിനരികിലേക്ക് എത്തിയ അഭിഭാഷകന്‍ ബി.ആര്‍. ഗവായ്ക്ക് നേരെ കാലില്‍ കിടന്നിരുന്ന ഷൂ ഊരി എറിയുകയായിരുന്നു. സനാതന ധര്‍മത്തെ അപമാനിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകന്റെ അക്രമം.

നേരത്തെ ഖജുരാഹോയിലെ ഏഴ് അടിയുള്ള മഹാവിഷ്ണുവിന്റെ തലയില്ലാത്ത വിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ‘ദൈവത്തോട് പോയി ചോദിക്കൂ’ എന്ന പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്.

‘എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ ദൈവത്തോട് പോയി പറയൂ, നിങ്ങള്‍ മഹാവിഷ്ണുവിന്റെ അടിയുറച്ച വിശ്വാസിയാണെന്ന് പറയുന്നു. എന്നാല്‍ പോയ് പ്രാര്‍ത്ഥിക്കൂ. ഇതിപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ്. എ.എസ്.ഐ ആണ് അനുമതി നല്‍കേണ്ടത്’, എന്നായിരുന്നു അന്ന് കേസ് റദ്ദാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ഈ പരാമര്‍ശത്തെ മുന്‍നിര്‍ത്തിയായിരുന്നു കോടതി മുറിക്കുള്ളിലെ അഭിഭാഷകന്റെ പ്രകടനമെന്നാണ് വിലയിരുത്തല്‍.

Content Highlight: CM Pinarayi vijayan slams lawyer who threw shoe at Supreme court Chief Justice

We use cookies to give you the best possible experience. Learn more