കൊച്ചി: വൈറ്റിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച വെല്‍കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം. ചടങ്ങില്‍ വിളക്ക് കൊളുത്തവെ ആരും എഴുന്നേല്‍ക്കേണ്ടതില്ല എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വിഡിയോയാണ് വൈറലാകുന്നത്.
വിളക്ക് കൊളുത്താന്‍ ആരംഭിക്കവെ എല്ലാവരോടും എഴുന്നേറ്റു നില്‍ക്കാന്‍ അവതാരക പറയുകയായിരുന്നു. എന്നാല്‍ ആരും തന്നെ എഴുന്നേല്‍ക്കേണ്ടതില്ല ഇരുന്നാല്‍ മതിയെന്ന് പുഞ്ചിരിയോടെ ആംഗ്യഭാഷയില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികള്‍ ചില ആഗോള കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുകയാണെന്ന് ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഇവിടെയൊക്കെ താങ്ങാനാകുന്ന ചികിത്സ ലഭ്യമായിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ ഈ ആശുപത്രികള്‍ ചിലവേറിയ ചികിത്സയിലേക്ക് മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തെ സേവിക്കാം എന്ന താത്പര്യത്തോടെ വന്നവരല്ല ഇവരെന്നും ഈ മാറ്റത്തെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്, വ്യവസായ മന്ത്രി പി. രാജീവ്, സഹകരണ വകുപ്പ് മന്ത്രി വി. വാസവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
350 കിടക്കകളുള്ള ആശുപത്രിയില്‍ ഒന്‍പത് മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍ സജ്ജമാണ്. കാര്‍ഡിയോളജി, ന്യൂറോ ട്രാന്‍സ്പ്ലാന്റ്, പീഡിയാട്രിക്‌സ് വിഭാഗങ്ങളില്‍ 100 ഐ.സി.യു ബെഡുകളും ഒരുക്കിയിട്ടുണ്ട്.
ഓരോ യൂണിറ്റിലും കാത്ത് ലാബ്, സി.ടി സ്‌കാന്‍, എം.ആര്‍.ഐ, വെന്റിലേറ്ററുകള്‍ എന്നിവയടക്കമുള്ള സജ്ജീകരണങ്ങളുണ്ട്. രോഗികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സി.ഇ.ഒ. പ്രഫ. ഡോ. പി.എസ്. ജോണ്‍ അറിയിച്ചു.
Content highlight: CM Pinarayi Vijayan’s during gesture during hospital inauguration goes viral