| Friday, 12th September 2025, 10:08 am

അടങ്ങാത്ത പോരാട്ടവീര്യമുള്ള നേതാവ്; സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: സി.പി.ഐ.എം മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഓര്‍മ പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുപമമായ ധൈഷണികതയും സംഘടനാപാടവവുമുള്ള നേതാവായിരുന്നു സഖാവ് സീതാറാമെന്നും സംഘാടകന്‍, സാമാജികന്‍, രാഷ്ട്രതന്ത്രജ്ഞന്‍ തുടങ്ങിയ നിലകളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം യെച്ചൂരിയെ അനുസ്മരിച്ചത്.

2024 സെപ്റ്റംബര്‍ 12നാണ് യെച്ചൂരി വിടപറഞ്ഞത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

എഴുപതുകളില്‍ അടിയന്തരാവസ്ഥക്കെതിരെ പോരാടി രാഷ്ട്രീയ ജീവിതം ആരംഭിച്ച യെച്ചൂരി അവസാന നാളുകളില്‍ സംഘപരിവാര്‍ ഭരണത്തിനെതിരെ ബഹുജന മുന്നേറ്റങ്ങളുടെ നേതൃത്വമായിരുന്നുവെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു. അടങ്ങാത്ത പോരാട്ടവീര്യമായിരുന്നു സഖാവിന്റെ പ്രത്യേകത. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തപ്പോള്‍ ജമ്മു കശ്മീരിലേക്ക് പുറത്ത് നിന്നും പ്രവേശിക്കുന്ന ആദ്യ പൊതുപ്രവര്‍ത്തകനായിരുന്നു യെച്ചൂരിയെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

‘സഖാവ് സീതാറാമാണ് അന്ന് കശ്മീരിലെ യഥാര്‍ത്ഥ അവസ്ഥ ലോകത്തോട് വിളിച്ചു പറഞ്ഞത്.
ഭരണഘടനാ മൂല്യങ്ങള്‍ക്കായും അടിസ്ഥാന വര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കായുമുള്ള പോരാട്ടത്തിന്റെ വേദിയായി സീതാറാം പാര്‍ലമെന്റിനെ മാറ്റി,’ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മതനിരപേക്ഷ പക്ഷത്തിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്നു യെച്ചൂരിയെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു. കര്‍ഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

മുഖ്യമന്തി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകന്‍, സാമാജികന്‍, രാഷ്ട്രതന്ത്രജ്ഞന്‍ തുടങ്ങിയ നിലകളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. എഴുപതുകളില്‍ അടിയന്തരാവസ്ഥക്കെതിരെ പോരാടി രാഷ്ട്രീയ ജീവിതം ആരംഭിച്ച സഖാവ് തന്റെ അവസാന നാളുകളിലുള്‍പ്പെടെ സംഘപരിവാര്‍ ഭരണത്തിനെതിരെ രാജ്യത്തുയര്‍ന്നുവന്ന ബഹുജന മുന്നേറ്റങ്ങളുടെ നേതൃത്വമായി നിലകൊണ്ടു.

അടങ്ങാത്ത പോരാട്ടവീര്യമായിരുന്നു സഖാവ് സീതാറാമിന്റെ സവിശേഷത. അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായി ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്യപ്പെട്ടതിന് ശേഷം സമ്പൂര്‍ണ തടവറയായി മാറിയിരുന്ന ജമ്മു കശ്മീരിലേക്ക് പുറത്ത് നിന്നും പ്രവേശിക്കുന്ന ആദ്യ പൊതുപ്രവര്‍ത്തകനായിരുന്നു സഖാവ് സീതാറാം. അദ്ദേഹത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടു തവണ മടക്കി അയച്ചെങ്കിലും സീതാറാം സുപ്രീം കോടതിയെ സമീപിക്കുകയും റിട്ട് ഹര്‍ജിയിലൂടെ സന്ദര്‍ശനാനുമതി നേടുകയും ചെയ്യുകയായിരുന്നു. സഖാവ് സീതാറാമാണ് അന്ന് കശ്മീരിലെ യഥാര്‍ത്ഥ അവസ്ഥ ലോകത്തോട് വിളിച്ചു പറഞ്ഞത്.

ഭരണഘടനാ മൂല്യങ്ങള്‍ക്കായും അടിസ്ഥാന വര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കായുമുള്ള പോരാട്ടത്തിന്റെ വേദിയായി സീതാറാം പാര്‍ലമെന്റിനെ മാറ്റി. അഴിമതിയെ നിയമവിധേയമാക്കുന്ന ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ബില്‍ അവതരണ വേളയില്‍ തന്നെ ശക്തമായ ഭാഷയില്‍ രംഗത്തുവന്ന അദ്ദേഹം പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്യുകയായിരുന്നു.

2006-ല്‍ നേപ്പാളില്‍ രണ്ടാം ജന ആന്ദോളനെ തുടര്‍ന്ന് രാജഭരണത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ ഐക്യമൊരുക്കുന്നതിലും രാജ്യത്തെ ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിലും പ്രധാന പങ്കുവഹിച്ച സീതാറാം യെച്ചൂരിയുടെ ഇടപെടല്‍ ഓര്‍ത്തുപോവുകയാണ്. രാജഭരണത്തിനെതിരെ പ്രക്ഷോഭം നയിച്ച നേപ്പാളിലെ സപ്തകക്ഷി സഖ്യത്തിനും മാവോയിസ്റ്റുകള്‍ക്കും ഇടയില്‍ സഹകരണം സാധ്യമാക്കിയതിലും മാവോയിസ്റ്റ് പാര്‍ട്ടിയെ ജനാധിപത്യത്തിന്റെ പാതയിലേയ്ക്ക് നയിക്കാന്‍ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രശംസയ്ക്ക് പാത്രമായതാണ്.

പല ഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിക്കാന്‍ സഖാവ് സീതാറാമിന് കഴിഞ്ഞു. ഇന്ത്യയിലെ മതനിരപേക്ഷ പക്ഷത്തിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്നു അദ്ദേഹം. കര്‍ഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്ക് മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

Content Highlight: CM Pinarayi Vijayan remeberes Sitaram Yechury on his first death anniversary

We use cookies to give you the best possible experience. Learn more