| Thursday, 17th July 2025, 10:45 pm

മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതിയുടെ സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നവകേരള സദസിലെ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതിയുടെ സ്റ്റേ. ഹരജിയിലെ തുടര്‍നടപടികളാണ് കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് വി.ജി. അരുണിന്റേതാണ് തീരുമാനം.

അടുത്ത മൂന്ന് മാസത്തേക്കാണ് ഹരജിയിലെ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഹരജിയില്‍ പരാതിക്കാരനും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒക്ടോബര്‍ 14നകം നിലപാട് അറിയിക്കണമെന്നാണ് നിര്‍ദേശം.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം ഐ.പി.സി സെക്ഷന്‍ 109 (പ്രേരണാക്കുറ്റത്തിനുള്ള ശിക്ഷ) പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന വാദം പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിക്കെതിരായ പരാതി ഇപ്പോള്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഈ പരാതിയില്‍ തുടര്‍നടപടികളുണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജൂണ്‍ മൂന്നിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രഥമദൃഷ്ട്യാ മുഖ്യമന്ത്രിക്കെതിരെ കേസ് നിലവിലുണ്ടെന്ന് നിരീക്ഷിച്ചിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണെന്നും കോടതി പറഞ്ഞിരുന്നു.

കേസ് ഫയലില്‍ സ്വീകരിക്കാനും ഗവര്‍ണറില്‍ നിന്ന് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി തേടാനും മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു.

എറണാകുളം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഷിയാസാണ് മുഖ്യമന്ത്രിക്കെതിരെ കേസടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. നവകേരള സദസിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നായിരുന്നു പരാതി.

നവകേരള സദസിനിടെ 2023 നവംബര്‍ 20ന് ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആലപ്പുഴയ്ക്ക് പുറമെ മറ്റ് ജില്ലകളിലും സമാനമായ പ്രതിഷേധം നടന്നിരുന്നു.

എന്നാല്‍ ആലപ്പുഴയില്‍ ഉണ്ടായത് രക്ഷാപ്രവര്‍ത്തനം മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ വാഹനത്തിന്റെ മുന്നിലേക്ക് ചാടിയവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രക്ഷാപ്രവര്‍ത്തനം ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയത്.

Content Highlight: High Court stays petition seeking prosecution of Chief Minister

We use cookies to give you the best possible experience. Learn more