| Tuesday, 28th October 2025, 4:41 pm

എം. ലീലാവതിയുടെ ഗസ പരാമര്‍ശം; പത്തി താഴ്‌ത്തേണ്ടി വന്നത് പ്രസ്താവന വിവാദമാക്കിയവര്‍ക്ക്: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എഴുത്തുകാരി ഡോ. എം. ലീലാവതിയുടെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കിയവര്‍ക്ക് തന്നെയാണ് പത്തി താഴ്‌ത്തേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തന്റെ വാക്കുക്കള്‍ ചിലര്‍ വിവാദമാക്കിയെങ്കിലും എം. ലീലാവതി പരാമര്‍ശം പിന്‍വലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്ര സംഭാവനയ്ക്കുള്ള ദേശാഭിമാനിയുടെ പുരസ്‌കാരം എം. ലീലാവതിയ്ക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീലാവതിയുടെ ഫലസ്തീന്‍ പ്രസ്താവന വിവാദമായതിനെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ‘വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗസയിലെ കുഞ്ഞുങ്ങള്‍’ എന്ന ലീലാവതിയുടെ പരാമര്‍ശമാണ് സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടത്.

തന്റെ 98ാം പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചുകൊണ്ടായിരുന്നു എം. ലീലാവതിയുടെ പ്രസ്താവന. പിറന്നാള്‍ ആശംസകളുമായി എത്തിയവരോട് ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ തനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുകയെന്നാണ് ലീലാവതി അന്ന് ചോദിച്ചത്.

എം. ലീലാവതിയെ ഒരു നൂറ്റാണ്ടിന്റെ സാക്ഷിയെന്ന് ആലങ്കാരികമായി പറയാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാലമത്രയും വെറുതെ നോക്കിക്കണ്ടിരിക്കുക എന്ന നിലപാടല്ല എം. ലീലാവതി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ജീവിച്ച കാലത്തെ തിരുത്താന്‍ ശ്രമിച്ചവരുടെ കൂട്ടത്തിലുള്ള ഒരാളാണ് ലീലാവതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യകാലത്ത് ഒഴിവാക്കല്‍ നേരിട്ട വ്യക്തി കൂടിയാണ് എം. ലീലാവതി. ഇക്കാലയളവില്‍ എം. ലീലാവതി എന്നത് പ്രമുഖനായ ഒരു നിരൂപകന്റെ അപരനാമമാണെന്ന് ചിലര്‍ കരുതിയിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു സ്ത്രീയ്ക്ക് ഇത്രയ്ക്കും കണിശമായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നായിരുന്നു ചിലരുടെ ചിന്ത. ആണ്‍കോയ്മ നിലനിന്നിരുന്ന മലയാള സാഹിത്യത്തിൽ ലീലാവതി അവരുടെ സ്ഥാനം കണ്ടുപിടിച്ചു. അതും ഉന്നത സ്ഥാനത്ത് തന്നെയുള്ള ഇരിപ്പിടമായിരുന്നു അതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം എം. ലീലാവതി തനിക്ക് ലഭിച്ച പുരസ്‌കാര തുകയില്‍ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കളമശേരി കുസാറ്റ് ഹാളില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ലീലാവതിക്ക് പുരസ്‌കാരം കൈമാറിയത്.

Content Highlight: CM Pinarayi vijayan handover deshabhimani literary award to M.Leelavathy

We use cookies to give you the best possible experience. Learn more