| Saturday, 29th November 2025, 1:08 pm

'കൈ' കോര്‍ത്തുപിടിച്ച് ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും; ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ സമവായത്തിലെത്തി മുഖ്യമന്ത്രി കെ. സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും. മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവരും ഒത്തുപോകാന്‍ തീരുമാനിച്ചതായാണ് വിവരം.

ചര്‍ച്ചയ്ക്ക് ശേഷം ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടു. 2028ല്‍ ഒരുമിച്ച് നിന്ന് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുമെന്ന് സിദ്ധരാമയ്യയും ശിവകുമാറും പറഞ്ഞു.

തങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ല. പാര്‍ട്ടിയെ തങ്ങള്‍ ഒരുമിച്ച് നയിക്കും. ഈ ഐക്യം എന്നുമുണ്ടാകുമെന്നും സിദ്ധരാമയ്യ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ ആഭ്യന്തര ചര്‍ച്ചകള്‍ ഒരു പതിവ് മാത്രമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചു.

‘മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന് ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെ പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തീരുമാനമുണ്ടാകാന്‍ സമയമെടുക്കും. ഏതൊരു പാര്‍ട്ടിയിലും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സ്വാഭാവികമാണ്. പക്ഷെ അവ സംഘര്‍ഷത്തിലേക്ക് നയിക്കില്ല. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അതിലൊന്നും വിഷമിക്കേണ്ടതില്ല,’ സന്ദീപ് ദീക്ഷിത് പറഞ്ഞു.

‘കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ ഒന്നും സംഭവിക്കില്ല. കോണ്‍ഗ്രസ് ഐക്യപ്പെടും,’ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.

കര്‍ണാടകയിലെ അധികാരമാറ്റം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിരുന്നു. 2023ലാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ച കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ ശക്തിപ്പെട്ടിരുന്നു.

ഇതുസംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളും നിലനിന്നിരുന്നു. ഇതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു.

പിന്നാലെ രണ്ടര വര്‍ഷത്തിന് ശേഷം ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന റൊട്ടേഷന്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടരവര്‍ഷം പിന്നിട്ടതോടെ സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ഇതിനിടെ ഹൈക്കമാന്‍ഡ് നടത്തിയ ഇടപെടലും നിര്‍ണായകമായി.

Content Highlight: CM K. Siddaramaiah and Deputy Chief Minister D.K. Shivakumar reach consensus in Karnataka

We use cookies to give you the best possible experience. Learn more