| Monday, 30th June 2025, 1:42 pm

മെസിക്കെതിരെ കളിക്കുകയെന്നത് വളരെയധികം ബുദ്ധിമുട്ടായിരുന്നു; വിജയത്തിന് പിന്നാലെ പി.എസ്.ജി പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി പുറത്തായിരിക്കുകയാണ്. ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയോടായിരുന്നു ടീമിന്റെ പരാജയം. മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാര്‍ മയാമിയെ തകര്‍ത്തുവിട്ടത്.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ജാവോ നെവസിന്റെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ അഷ്‌റഫ് ഹാക്കിമിയും പി.എസ്.ജിക്കായി ഗോള്‍ കണ്ടെത്തി. തോമസ് അവിലസിന്റെ സെല്‍ഫ് ഗോളും പി.എസ്.ജിക്ക് തുണയായി.

ഇപ്പോള്‍ മെസിക്കെതിരെ കളിക്കുക എന്ന ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു എന്ന് വ്യക്തമാക്കുകയാണ് പി.എസ്.ജി പരിശീകന്‍ ലൂയീസ് എന്‌റിക്വ്. മെസിയെ പോലെ ഒരു താരത്തിനെതിരെ കളിക്കുക എന്നത് പ്രയാസകരമായിരുന്നെങ്കിലും ഒരു ടീം എന്ന നിലയില്‍ തങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ലൂച്ചോ വ്യക്തമാക്കി.

‘ഇതുപോലെ കാലിബറുള്ള താരങ്ങള്‍ക്കെതിരെ കളിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ്, അതെ അത് തീര്‍ത്തും ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ മികച്ച പ്രകടനം നടത്തി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയും രണ്ടാം പകുതിയും തമ്മില്‍ പ്രകടമായ മാറ്റങ്ങളുണ്ടായിരുന്നു. അവരുടെ ക്വാളിറ്റി വ്യക്തമായിരുന്നു. ഞങ്ങള്‍ വിജയത്തിന് അര്‍ഹരായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ മുന്‍ ബാഴ്‌സലോണ കോച്ച് കൂടിയായിരുന്നു എന്‌റിക്വ് വ്യക്തമാക്കി.

മയാമിക്കെതിരായ മത്സരത്തിന്റെ ആറാം മിനിട്ടില്‍ തന്നെ പി.എസ്.ജി ആദ്യ ഗോള്‍ നേടിയിരുന്നു. ബോക്‌സിന് വെളിയില്‍ നിന്നും ലഭിച്ച ഫ്രീകിക്ക് ടീം എഫേര്‍ട്ടിലൂടെ ഫ്രഞ്ച് ചാമ്പ്യന്‍മാര്‍ വലയിലെത്തിച്ചു. വിറ്റിന്‍ഹയെടുത്ത കിക്കില്‍ കൃത്യമായി തലവെച്ച നെവെസ് പി.എസ്.ജിയെ മുമ്പിലെത്തിച്ചു. 39ാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ താരം തന്റെ രണ്ടാം ഗോളും കണ്ടെത്തി.

ആദ്യ പകുതി അവസാനത്തോട് അടുക്കവെ ഹെറോണ്‍സിന്റെ നെഞ്ചില്‍ ഇടിത്തീവെട്ടി മൂന്നാം ഗോള്‍ പിറന്നു, അതാകട്ടെ സെല്‍ഫ് ഗോളും. മയാമി പോസ്റ്റിന് മുമ്പില്‍ ഭീഷണിയുമായി പി.എസ്.ജി നടത്തിയ കുതിപ്പ് വിഫലമാക്കാന്‍ ശ്രമിക്കവെ തോമസ് അവിലസിന് പിഴയ്ക്കുകയും പി.എസ്.ജിയുടെ പേരില്‍ മൂന്നാം ഗോള്‍ കുറിക്കപ്പെടുകയുമായിരുന്നു.

ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ സൂപ്പര്‍ താരം അഷ്‌റഫ് ഹാക്കിമി കൂടി ഗോള്‍ കണ്ടെത്തിയതോടെ നാല് ഗോളിന്റെ ലീഡുമായി പി.എസ്.ജി മത്സരത്തില്‍ ആധിപത്യം നേടി.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ 4-0ന് പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനലിന് ടിക്കറ്റെടുത്തു. മത്സരത്തില്‍ ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഏറ്റവുമധികം ഗോള്‍ സ്വന്തമാക്കുന്ന താരം എന്ന ക്രിസറ്റിയാനോ റൊണാള്‍ഡോയുടെ റെക്കോഡ് മറികടക്കാനും മെസിക്ക് സാധിച്ചില്ല.

ജൂലൈ അഞ്ചിനാണ് പി.എസ്.ജി ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് എതിരാളികള്‍.

Content Highlight: Club World Cup: Luis Enrique about Lionel Messi

We use cookies to give you the best possible experience. Learn more