| Saturday, 5th July 2025, 9:05 am

ഒരു കോച്ചിന്റെ പഴയ ടീമിനെയും പുതിയ ടീമിനെയും തോല്‍പ്പിച്ച് സെമിയില്‍; ബ്രസീലിന്റെ വിജയഗാഥ അവസാനിക്കുന്നില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഏഷ്യന്‍ സൂപ്പര്‍ ടീം അല്‍ ഹിലാലിനെ വീഴ്ത്തി ലാറ്റിനമേരിക്കന്‍ കരുത്തരായ ഫ്ളുമിന്‍സ് സെമിയില്‍. ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് സൗദി പ്രോ ലീഗ് സൂപ്പര്‍ ടീമിനെ ഫ്ളുമിനന്‍സ് തകര്‍ത്തുവിട്ടത്.

ഫ്ളുമിനന്‍സിനായി മാത്യൂസ് മാര്‍ട്ടിനെല്ലിയും ഹെര്‍ക്കുലീസും ഗോള്‍ കണ്ടെത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയശില്‍പി മാര്‍കസ് ലിയനാര്‍ഡോയാണ് ഹിലാലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

റൗണ്ട് ഓഫ് സിക്സ്റ്റീന്‍ പോരാട്ടത്തില്‍ യൂറോപ്യന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനെ പരാജയപ്പെടുത്തിയാണ് ഫ്‌ളുമിനന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ സൂപ്പര്‍ ടീമിന്റെ വിജയം. ഇപ്പോള്‍ അല്‍ ഹിലാലിനെയും തകര്‍ത്ത് ഫ്‌ളുമിനന്‍സ് മുന്നേറുകയാണ്.

ഇതോടെ രസകരമായ ഒരു കാര്യമാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. സൂപ്പര്‍ പരിശീലകന്‍ സിമോണ്‍ ഇന്‍സാഗി പരിശീലിപ്പിച്ച രണ്ട് ടീമുകളെയാണ്, ഇന്റര്‍ മിലാനെയും അല്‍ ഹിലാലിനെയും, ഫ്‌ളുമിനന്‍സ് തുടര്‍ച്ചയായ നോക്ക്ഔട്ട് മത്സരങ്ങളില്‍ പരാജയപ്പെടുത്തിയിരിക്കുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പി.എസ്.ജിയുടെ വമ്പന്‍ തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ഇന്റര്‍ മിലാന്‍ ഇന്‍സാഗിയിയെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാലിയന്‍ മാനേജര്‍ അല്‍ ഹിലാലിന്റെ കപ്പിത്താനായി ചുമതലയേറ്റത്.

ഇതേ രണ്ട് ടീമുകളെയാണ് ഫ്‌ളുമിനന്‍സ് പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പരാജയപ്പെടുത്തിയതും പുറത്താക്കിയതും.

അതേസമയം, സെമി ഫൈനല്‍ ലക്ഷ്യമിട്ട് 3-5-2 എന്ന ഫോര്‍മേഷനിലാണ് ഫ്‌ളുമിനന്‍സ് കളത്തിലിറങ്ങിയത്. ഇതേ ഫോര്‍മേഷന്‍ തന്നെയാണ് ഇന്‍സാഗിയും കൈക്കൊണ്ടത്.

തുടക്കം മുതല്‍ തന്നെ ഇരുടീമുകളും ആക്രമിച്ചുകളിച്ചിരുന്നു. പലതവണ ഇരുവരുടെയും ഗോള്‍മുഖം ഭീഷണയിലായി.

മത്സരത്തിന്റെ 40ാം മിനിട്ടില്‍ മാത്യൂസ് മാര്‍ട്ടിനെല്ലിയിലൂടെ ഫ്ളുമിനന്‍സ് ലീഡ് സ്വന്തമാക്കി. അല്‍ ഹിലാലിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മാര്‍ട്ടിനെല്ലി ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു. സ്‌കോര്‍ 1-0.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അല്‍ ഹിലാല്‍ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. കോര്‍ണര്‍ കിക്കിലൂടെയായിരുന്നു ഹിലാല്‍ ഗോള്‍ കണ്ടെത്തിയത്. റൂബന്‍ നെവെസ് എടുത്ത കിക്ക് മാര്‍കസ് ലിയനാര്‍ഡോ കൃത്യമായി വലയിലെത്തിച്ചു. ഈ ടൂര്‍ണമെന്റില്‍ ഫ്ളുമിനന്‍സ് ഗോള്‍ കീപ്പര്‍ ഫാബിയോയെ കടന്ന് വലയിലെത്തുന്ന മൂന്നാമത് മാത്രം ഗോളായിരുന്നു അത്.

തുടര്‍ന്നും ഇരു ടീമുകളും കളമറിഞ്ഞ് കളിച്ചു. 70ാം മിനിട്ടില്‍ ഫ്ളുമിനന്‍സ് രണ്ടാം ഗോളും അടിച്ചെടുത്തു. ഇന്ററിനെതിരെ ടീമിന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ ഹെര്‍ക്കുലീസ് തന്നെ ഇത്തവണയും ടീമിന്റെ രക്ഷകനായി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ടീം ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ചുകയറി.

Content Highlight: Club World Cup: Fluminense defeated Simone Inzaghi’s current team and former team

We use cookies to give you the best possible experience. Learn more