| Tuesday, 1st July 2025, 6:46 am

തുടക്കവും ഒടുക്കവും ഗോള്‍! ജോഗോ ബൊണീറ്റയില്‍ ഇന്ററിന് അകാലമരണം

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ തകര്‍ത്ത് ബ്രസീല്‍ ചാമ്പ്യന്‍ ടീം ഫ്‌ളുമിനന്‍സ്. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്‌ളുമിനന്‍സ് ഇന്ററിനെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ പ്രതിരോധത്തിനും ആക്രമണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി 3-5-2 എന്ന ഫോര്‍മേഷനിലാണ് ഇന്റര്‍ മിലാന്‍ കളത്തിലിറങ്ങിയത്. അതേസമയം, ഫ്‌ളുമിനന്‍സ് പരിശീലകന്‍ റെനേറ്റോ ഗൗച്ചോ 3-4-1-2 എന്ന രീതിയിലും തന്റെ കുട്ടികളെ കളത്തിലിറക്കി.

ആദ്യ വിസില്‍ മുഴങ്ങി മൂന്നാം മിനിട്ടില്‍ തന്നെ ഇറ്റാലിയന്‍ വമ്പന്‍മാരുടെ നെറുകില്‍ ഇടിത്തീ വീഴ്ത്തി ഫ്‌ളുമിനന്‍സ് ലീഡ് നേടി. ബ്രസീലിയന്‍ അറ്റാക്കില്‍ അപകടമൊഴിവാക്കാനുള്ള ശ്രമത്തില്‍ ഇന്റര്‍ താരത്തിന്റെ കാലില്‍ തട്ടി ഉയര്‍ന്നുപൊങ്ങിയ പന്തിനെ ഒരു ലോ ഹെഡ്ഡറിലൂടെ ജെര്‍മെയ്ന്‍ കാനോ വലയിലെത്തിച്ചു.

ആദ്യ ഗോള്‍ പിറന്നതോടെ ഇന്ററും കാര്യങ്ങള്‍ വേഗത്തിലാക്കി. ഇരു ടീമിന്റെയും ഗോള്‍ മുഖങ്ങള്‍ പല തവണ ആക്രമിക്കപ്പെട്ടെങ്കിലും ഇത് പലപ്പോഴും പരുക്കന്‍ കളിയിലേക്കും വഴി മാറി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാത്രം ഇരു ടീമിനുമായി റഫറി അഞ്ച് തവണ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു.

മത്സരത്തിന്റെ 39ാം മിനിട്ടില്‍ ഇഗ്നാഷിയോയിലൂടെ ഫ്‌ളുമിനന്‍സ് രണ്ടാം ഗോള്‍ നേടിയെങ്കിലും വാറില്‍ റഫറി ആ ഗോള്‍ തിരിച്ചെടുത്തു.

ഇതോടെ ഒരു ഗോളിന്റെ ലീഡില്‍ ഫ്‌ളുമിനന്‍സ് ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ രണ്ട് ടീമുകളും കാര്യമായ സബ്സ്റ്റിറ്റ്യൂഷനുകളും നടത്തി. ഒരു ഗോളിന് പിന്നില്‍ നില്‍ക്കുകയാണെന്ന ബോധ്യം വേട്ടയാടിയതോടെ ഇന്റര്‍ തിരിച്ചടിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തി. 75ാം മിനിട്ടിലും 83ാം മിനിട്ടിലും ഗോളെന്നുറപ്പിച്ച മുന്നേറ്റങ്ങള്‍ ഇന്ററിന്റെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും ഒന്നും വലയിലെത്തിയില്ല.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കവെ 90+4ാം മിനിട്ടില്‍ ഇന്ററിന്റെ പെട്ടിയിലെ അവസാന ആണിയുമടിച്ച് ഹെര്‍ക്കുലീസ് ഇറ്റാലിയന്‍ വമ്പന്‍മാര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുക്കി.

ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന രണ്ടാം ബ്രസീല്‍ ടീമാണ് ഫ്‌ളുമിനന്‍സ്. നേരത്തെ പാല്‍മീറസും വിജയം സ്വന്തമാക്കിയിരുന്നു.

ജൂലൈ അഞ്ചിനാണ് ഫ്‌ളുമിനന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ ആരെന്ന് ഉറപ്പായിട്ടില്ല.

Content Highlight: Club World Cup: Fluminense defeated Inter Milan

We use cookies to give you the best possible experience. Learn more