ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഏഷ്യന്‍ ടൈറ്റന്‍സ് അല്‍ ഹിലാലിനെ വീഴ്ത്തി ബ്രസീല്‍ സൂപ്പര്‍ ടീം ഫ്‌ളുമിന്‍സ് സെമിയില്‍. ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് സൗദി പ്രോ ലീഗ് സൂപ്പര്‍ ടീമിനെ ഫ്‌ളുമിനന്‍സ് തകര്‍ത്തുവിട്ടത്.
ഫ്‌ളുമിനന്‍സിനായി മാത്യൂസ് മാര്‍ട്ടിനെല്ലിയും ഹെര്‍ക്കുലീസും ഗോള്‍ കണ്ടെത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയശില്‍പി മാര്‍കസ് ലിയനാര്‍ഡോയാണ് ഹിലാലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
3-5-2 എന്ന ഫോര്‍മേഷനിലാണ് ഫ്‌ളുമിനന്‍സ് കളത്തിലിറങ്ങിയത്. സമാന ഫോര്‍മേഷനില്‍ തന്നെ ഇന്‍സാഗിയും തന്റെ കുട്ടികളെ കളത്തിലിറക്കി. കഴിഞ്ഞ ദിവസം കാറപകടത്തില്‍ മരണപ്പെട്ട ഡിയാഗോ ജോട്ടയ്ക്കും സഹോദരനും ആദരമര്‍പ്പിച്ച ശേഷമായിരുന്നു മത്സരം ആരംഭിച്ചത്.
തുടക്കം മുതല്‍ തന്നെ ഇരുടീമുകളും ആക്രമിച്ചുകളിച്ചിരുന്നു. പലതവണ ഇരുവരുടെയും ഗോള്‍മുഖം ഭീഷണയിലായി.
മത്സരത്തിന്റെ 40ാം മിനിട്ടില്‍ മാത്യൂസ് മാര്‍ട്ടിനെല്ലിയിലൂടെ ഫ്‌ളുമിനന്‍സ് ലീഡ് സ്വന്തമാക്കി. അല്‍ ഹിലാലിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മാര്‍ട്ടിനെല്ലി ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു. സ്‌കോര്‍ 1-0.
ഹാഫ് ടൈമിന്റെ ആഡ് ഓണ്‍ സമയത്ത് ഹിലാലിന് അനുകൂലമായി റഫറി വിധിയെഴുതി. എന്നാല്‍ വാറില്‍ ആ പെനാല്‍ട്ടി നിഷേധിക്കപ്പെട്ടു. ഇതോടെ ഒരു ഗോളിന്റെ ലീഡുമായി ഫ്‌ളുമിനന്‍സ് ഫസ്റ്റ് ഹാഫ് അവസാനിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അല്‍ ഹിലാല്‍ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. കോര്‍ണര്‍ കിക്കിലൂടെയായിരുന്നു ഹിലാല്‍ ഗോള്‍ കണ്ടെത്തിയത്. റൂബന്‍ നെവെസ് എടുത്ത കീക്ക് മാര്‍കസ് ലിയനാര്‍ഡോ കൃത്യമായി വലയിലെത്തിച്ചു. ഈ ടൂര്‍ണമെന്റില്‍ ഫ്‌ളുമിനന്‍സ് ഗോള്‍ കീപ്പര്‍ ഫാബിയോയെ കടന്ന് വലയിലെത്തുന്ന മൂന്നാമത് മാത്രം ഗോളായിരുന്നു അത്.
തുടര്‍ന്നും ഇരു ടീമുകളും കളമറിഞ്ഞ് കളിച്ചു. 70ാം മിനിട്ടില്‍ ഫ്‌ളുമിനന്‍സ് രണ്ടാം ഗോളും അടിച്ചെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ വിജയ ഗോള്‍ കണ്ടെത്തിയ ഹെര്‍ക്കുലീസ് തന്നെ ഇത്തവണയും ടീമിന്റെ രക്ഷകനായി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ടീം ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ചുകയറി.
ജൂലൈ ഒമ്പതിനാണ് ഫ്‌ളുമിനന്‍സ് സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. എതിരാളികള്‍ ആരെന്ന് ഇനിയും വ്യക്തമായിട്ടില്ല.
Content Highlight: Club World Cup: Fluminense defeated Al Hilal and advanced to Semi Final