ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ബ്രസീല്‍ ടീമുകളുടെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ഡി-യില്‍ നടന്ന ഫ്‌ളമെംഗോ – ചെല്‍സി മത്സരത്തില്‍ നിലവിലെ യുവേഫ കോണ്‍ഫെറന്‍സ് ലീഗ് ചാമ്പ്യന്‍മാരെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ ചെമ്പട കരുത്തുകാട്ടിയത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് യുവേഫ ചാമ്പ്യന്‍മാര്‍ ബ്രസീലിയന്‍ കളിയഴകിന് മുമ്പില്‍ പരാജയപ്പെടുന്നത്. കഴിഞ്ഞ ദിവസം നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടജേതാക്കളായ പി.എസ്.ജിയെ ബൊട്ടാഫോഗോ തോല്‍പ്പിച്ചുവിട്ടിരുന്നു.
റോസ്ബൗള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിയന്‍ ക്ലബ്ബിന്റെ വിജയം. ഇപ്പോള്‍ നിലവിലെ കോണ്‍ഫെറന്‍സ് ലീഗ് ചാമ്പ്യന്‍മാരും ‘ഫ്‌ളമെംഗോയുടെ’ ജോഗോ ബൊണീറ്റയോട് പരാജയമേറ്റുവാങ്ങി.
ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഫ്‌ളമെംഗോ പരിശീലകന്‍ ഫിലിപ്പെ ലൂയീസ് ടീമിനെ കളത്തില്‍ വിന്യസിച്ചത്. അതേസമയം ചെല്‍സിയാകട്ടെ 4-3-3 ഫോര്‍മേഷവനും അവലംബിച്ചു.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്‌ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13ാം മിനിട്ടില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ രാജാക്കന്‍മാര്‍ ഗോള്‍ നേടി. ഏഴാം നമ്പര്‍ താരം പെഡ്രോ നേറ്റോയാണ് ഗോള്‍ കണ്ടെത്തിയത്.
അടിയും തിരിച്ചടിയുമായി ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നതോടെ ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡില്‍ ഇംഗ്ലീഷ് സൂപ്പര്‍ ടീം ആധിപത്യമുറപ്പിച്ചു.
62ാം മിനിട്ടില്‍ ബ്രസീലിയന്‍ ആരാധകര്‍ കാത്തിരുന്ന മുഹൂര്‍ത്തമെത്തി. ഗോണ്‍സാലോ പ്ലാറ്റോയുടെ അസിസ്റ്റില്‍ ബ്രൂണോ ഹെന്‌റിക്വാണ് ഗോള്‍ നേടി ഫ്‌ളമെംഗോയെ ഒപ്പമെത്തിച്ചത്.
ആദ്യ ഗോള്‍ പിറന്ന് കൃത്യം മൂന്നാം മിനിട്ടില്‍ ഡാനിലോയിലൂടെ ബ്രസീല്‍ ടീമിന്റെ രണ്ടാം ഗോളും പിറന്നു. ഈക്വലൈസര്‍ ഗോള്‍ നേടിയ ബ്രൂണോ ഹെന്‌റിക്വാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്.
ലീഡ് വഴങ്ങിയതോടെ തിരിച്ചടിക്കാനായി ചെല്‍സിയുടെ ശ്രമം. എന്നാല്‍ 83ാം മിനിട്ടില്‍ വലാസ് യാനിലൂടെ ഫ്‌ളമെംഗോ മൂന്നാം ഗോളും ചെല്‍സിയുടെ പെട്ടിയിലെ അവസാന ആണിയുമടിച്ചു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഫ്‌ളമെംഗോ 3-1ന് ജയിച്ചുകയറി.
മത്സരത്തിന്റെ സര്‍വമേഖലിയും ആധിപത്യം പുലര്‍ത്തിയാണ് ഫ്‌ളമെംഗോ വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ഗ്രൂപ്പ് ഡി-യില്‍ ഒന്നാം സ്ഥാനത്ത് തുടരാനും റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടാനും ഫ്‌ളമെംഗോയ്ക്ക് സാധിച്ചു.
ജൂണ്‍ 25നാണ് ഫ്‌ളമെംഗോയുടെ അടുത്ത മത്സരം. ക്യാംപിങ് വേള്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ ലോസ് ആഞ്ചലസ് എഫ്.സിയാണ് എതിരാളികള്‍.
Content Highlight: Club World Cup: Flamengo defeated Chelsea