| Tuesday, 1st July 2025, 5:01 pm

സാക്ഷാല്‍ ജിജി ബഫണേയും മറികടന്ന് ബ്രസീലിലെ ഗോള്‍വല കാക്കും ഭൂതത്താന്‍; ചരിത്രം തിരുത്തിയെഴുതി ഫാബിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ബ്രസീല്‍ സൂപ്പര്‍ ടീമായ ഫ്ളുമിനന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ തകര്‍ത്താണ് ഫ്ളുമിനന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തിരിക്കുന്നത്.

ഫ്ളുമിനന്‍സിനായി ജെര്‍മെയ്ന്‍ കാനോയും ഹെര്‍ക്കുലീസുമാണ് ഗോള്‍ കണ്ടെത്തിയത്. ഇരു ടീമും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തില്‍ ഇന്ററിന്റെ ആക്രമണങ്ങള്‍ ഫ്ളുമിനന്‍സിന്റെ പ്രതിരോധത്തിലും ഗോള്‍ മുഖം സംരക്ഷിച്ച ഭൂതത്താനിലും തട്ടി ഇല്ലാതായി.

ക്ലബ്ബ് ലോകകപ്പില്‍ ഇതുവരെ കളിച്ച നാല് മത്സരത്തില്‍ മൂന്നിലും ഫ്‌ളുമിനന്‍സ് ഗോള്‍ കീപ്പര്‍ ഫാബിയോ ഗോള്‍ വഴങ്ങിയിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടും മാമലോഡി സണ്‍ഡൗണ്‍സിനെയും ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന ഫാബിയോ പ്രീ ക്വാര്‍ട്ടറില്‍ ഇന്റര്‍ മിലാനെയും വലകുലുക്കാന്‍ അനുവദിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ കൊറിയന്‍ ടൈറ്റന്‍സായ ഉല്‍സന്‍ എച്ച്.ഡി എഫ്.സി മാത്രമാണ് ഫാബിയോയെ മറികടന്ന് ഗോള്‍ വലകുലുക്കിയത്.

ഇന്ററിനെതിരെയും ക്ലീന്‍ഷീറ്റ് പൂര്‍ത്തിയാക്കിയതോടെ ഒരു ചരിത്ര നേട്ടവും ഫാബിയോയുടെ പേരില്‍ കുറിക്കപ്പെട്ടു. സീനിയര്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം ക്ലീന്‍ഷീറ്റുകള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോഡാണ് ഫാബിയോയുടെ പേരില്‍ കുറിക്കപ്പെട്ടത്. ഇന്ററിനെതിരെ തന്റെ കരിയറിലെ 507ാം ക്ലീന്‍ഷീറ്റാണ് താരം സ്വന്തമാക്കിയത്.

കരിയറിലെ 1378 മത്സരത്തില്‍ 507ലും താരം ഗോള്‍ വഴങ്ങിയിരുന്നില്ല. 1151 മത്സരത്തില്‍ നിന്നും 506 ക്ലീന്‍ ഷീറ്റുകളാണ് ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരില്‍ പ്രധാനിയായ ജിയാന്‍ലൂജി ബഫണിന്റെ പേരിലുള്ളത്.

ജിയാന്‍ലൂജി ബഫണ്‍

ഇതിനൊപ്പം തന്നെ മറ്റൊരു ചരിത്ര നേട്ടവും ഫാബിയോയുടെ കയ്യകലത്തുണ്ട്. ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഫൈനലിലെത്തിയാലും ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കില്ല, എങ്കിലും കരിയറില്‍ അധികം വൈകാതെ താരത്തിന് ഈ നേട്ടത്തിലെത്താനാകും.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡാണ് ഫാബിയോക്ക് മുമ്പിലുള്ളത്. ഇംഗ്ലണ്ട് ഇതിഹാസം പീറ്റര്‍ ഷില്‍ട്ടണാണ് നിലവില്‍ ഫാബിയോക്ക് മുമ്പിലുള്ളത്.

പീറ്റര്‍ ഷില്‍ട്ടണ്‍

കണക്കുകള്‍ പ്രകാരം ഷില്‍ട്ടണ്‍ 1390 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്, എന്നാല്‍ താന്‍ 1387 മത്സരത്തില്‍ കളിത്തിലറങ്ങിയെന്നാണ് ഷില്‍ട്ടണ്‍ പറയുന്നത്.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം

(താരം – മത്സരം എന്നീ ക്രമത്തില്‍)

പീറ്റര്‍ ഷില്‍ട്ടണ്‍ – 1387 / 1390

ഫാബിയോ – 1378

ക്രിസ്റ്റിയാനോ റൊണാള്‍ഡോ – 1286

പോള്‍ ബാസ്‌റ്റോക് – 1284

റോജെറിയോ സെനി – 1226

അതേസമയം, ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ അല്‍ ഹിലാലിനെയാണ് ഫാബിയോക്കും ഫ്‌ളുമിനന്‍സിനും നേരിടാനുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയെ മൂന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് സൗദി ക്ലബ്ബ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തിരിക്കുന്നത്. അല്‍ ഹിലാലിനെതിരെയും ഫാബിയോ തന്റെ കരുത്ത് വ്യക്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Club World Cup: Fabio surpassed Gianluigi Buffon in most clean sheets

We use cookies to give you the best possible experience. Learn more