ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ റൗണ്ട് ഓഫ് സിക്‌സറ്റീനില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരും നിലവിലെ കോണ്‍ഫറന്‍സ് ലീഗ് ചാമ്പ്യന്‍മാരുമായ ചെല്‍സി പോര്‍ച്ചുഗീസ് സൂപ്പര്‍ ടീം ബെന്‍ഫിക്കയെ നേരിടും. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ ജൂണ്‍ 29നാണ് ഇരുവരും കൊമ്പുകോര്‍ക്കുന്നത്.
മത്സരം ചെല്‍സിയും ബെന്‍ഫിക്കയും തമ്മിലാണെങ്കിലും അര്‍ജന്റൈന്‍ ഇതിഹാസം ആന്‍ഹല്‍ ഡി മരിയയും യുവതാരം എന്‍സോ ഫെര്‍ണാണ്ടസും തമ്മിലുള്ള പോരാട്ടമായാണ് ആരാധകര്‍ ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്.
ഇരു ടീമിന്റെയും മുമ്പോട്ടുള്ള കുതിപ്പില്‍ ഈ അര്‍ജന്റൈന്‍ സൂപ്പര്‍ താരങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്. ബാങ്ക് ഓഫ് അമേരിക്കയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്.
ക്ലബ്ബ് വേള്‍ഡ് കപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ഒന്നാമനാണ് ആന്‍ഹല്‍ ഡി മരിയ. മൂന്ന് മത്സരത്തില്‍ നിന്നും മൂന്ന് ഗോളാണ് താരം കണ്ടെത്തിയത്. മൂന്ന് ഗോളും പെനാല്‍റ്റിയിലൂടെയാണ് പിറവിയെടുത്തതും.
ഡി മരിയക്ക് കൂട്ടായി അര്‍ജന്റൈന്‍ സൂപ്പര്‍ താരം നിക്കോളാസ് ഓട്ടമെന്‍ഡിയും ബെന്‍ഫിക്കയിലുണ്ട്.
കളിച്ച മത്സരങ്ങളില്‍ ഒന്നുപോലും പരാജയപ്പെടാതെയാണ് ബെന്‍ഫിക്ക നോക്ക്ഔട്ടിനിറങ്ങുന്നത്. അര്‍ജന്റൈന്‍ സൂപ്പര്‍ ടീം ബോക്ക ജൂനിയേഴ്‌സിനോട് സമനില വഴങ്ങിയെങ്കിലും ഓക്‌ലന്‍ഡ് സിറ്റിക്കും ബയേണ്‍ മ്യൂണിക്കിനുമെതിരെ വിജയം സ്വന്തമാക്കി ഗ്രൂപ്പ് സി-യില്‍ നിന്നും ഒന്നാമതായി മുമ്പോട്ട് കുതിച്ചു.
അതേസമയം, ഗ്രൂപ്പ് ഡി-യില്‍ നിന്നും രണ്ടാമന്‍മാരായിട്ടാണ് ചെല്‍സി റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടിയത്. ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ളമെംഗോയോട് പരാജയപ്പെട്ടപ്പോള്‍ അമേരിക്കന്‍ സൂപ്പര്‍ ടീം ലോസ് ആഞ്ചലസ് എഫ്.സിയോടും ടുണീഷ്യന്‍ ക്ലബ്ബ് ഇ.എസ്. ടുണീസിനോടും വിജയിച്ചു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടുണീസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഇതില്‍ രണ്ട് ഗോളിന് വഴിയൊരുക്കിയത് എന്‍സോ ഫെര്‍ണാണ്ടസായിരുന്നു.
അതേസമയം, ചെല്‍സി – ബെന്‍ഫിക്ക പോരാട്ടത്തിന് പുറമെ മറ്റ് മൂന്ന് നോക്ക്ഔട്ട് മാച്ചുകളുടെ ഫിക്‌സ്ചര്‍ കൂടി തയ്യാറായിട്ടുണ്ട്. ജൂലൈ രണ്ടോടെ റൗണ്ട് ഓഫ് സിക്‌സ്റ്റീന്‍ മത്സരങ്ങള്‍ അവസാനിക്കും.
ജൂണ്‍ 28: പാല്‍മീറസ് vs ബൊട്ടഫോഗോ, ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ്
ജൂണ്‍ 29: ബെന്‍ഫിക്ക vs ചെല്‍സി, ബാങ്ക് ഓഫ് അരീന സ്റ്റേഡിയം
ജൂണ്‍ 29: പി.എസ്.ജി vs ഇന്റര്‍ മയാമി, മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയം
ജൂണ്‍ 30: ഫ്‌ളമെംഗോ vs ബയേണ്‍ മ്യൂണിക്, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം
ജൂലൈ 1: TBD vs TBD, ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം
ജൂലൈ 1: TBD vs TBD, ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയം
ജൂലൈ 2: TBD vs TBD, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം
ജൂലൈ 2: TBD vs TBD, മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയം
Content Highlight: Club World Cup: Chelsea will face Benfica FC at Round of 16