| Saturday, 5th July 2025, 9:40 am

സെല്‍ഫ് ഗോളില്‍ നഷ്ടപ്പെട്ടത് ബ്രസീല്‍ vs ബ്രസീല്‍ സെമി പോരാട്ടം; ക്ലബ്ബ് വേള്‍ഡ് കപ്പിലേക്ക് അടുത്ത് ചെല്‍സി

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ബ്രസീല്‍ സൂപ്പര്‍ ടീം പാല്‍മീറസിനെ പരാജയപ്പെടുത്തി ചെല്‍സി സെമിയില്‍. ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് നിലവിലെ യുവേഫ കോണ്‍ഫറന്‍സ് ലീഗ് ചാമ്പ്യന്‍മാര്‍ വിജയിച്ചുകയറിയത്.

ചെല്‍സിക്കായി കോള്‍ പാല്‍മറും പാല്‍മീറസിനായി എസ്റ്റാവിയോയും ഗോള്‍ കണ്ടെത്തി. 83ാം മിനിട്ടില്‍ ലഭിച്ച സെല്‍ഫ് ഗോളിന്റെ കരുത്തിലാണ് ചെല്‍സി സെമി പോരാട്ടത്തിന് ടിക്കറ്റെടുത്തത്.

വിടര്‍ റോക്വെയെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 എന്ന ഫോര്‍മേഷനിലാണ് പാല്‍മീറസ് കളത്തിലറങ്ങിയത്. ലിയാം ഡെലാപ്പിനെ മുന്‍നിര്‍ത്തി ചെല്‍സിയും സമാന ഫോര്‍മേഷന്‍ അവലംബിച്ചു.

16ാം മിനിട്ടില്‍ കോള്‍ പാല്‍മറിലൂടെ ചെല്‍സി ലീഡ് സ്വന്തമാക്കി. ട്രെവോ ചലോബയുടെ പാസ് പെനാല്‍ട്ടി ബോക്‌സില്‍ നിന്നും സ്വീകരിച്ച് പാല്‍മര്‍ തൊടുത്ത ഷോട്ട് പാല്‍മീറസ് ഗോള്‍വല തുളച്ചുകയറി.

ആദ്യ ഗോള്‍ പിറന്നതിന് പിന്നാലെ ചെല്‍സി കൂടുതല്‍ ഉണര്‍ന്നുകളിച്ചു. എന്‍സോ ഫെര്‍ണാണ്ടസ് അടക്കമുള്ളവര്‍ ആദ്യ പകുതിയില്‍ പാല്‍മീറസ് ഗോള്‍മുഖം വിറപ്പിച്ചു.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കെ ഒപ്പമെത്താന്‍ പാല്‍മീറസിന് അവസരമൊരുങ്ങിയെങ്കിലും മികച്ച സേവുമായി ഗോള്‍കീപ്പര്‍ റോബര്‍ട്ട് സാഞ്ചസ് രക്ഷകനായി. ഒടുവില്‍ ഒരു ഗോളിന്റെ ലീഡുമായി ചെല്‍സി ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ എട്ടാം മിനിട്ടില്‍ പാല്‍മീറസ് ഒപ്പമെത്തി. എസ്റ്റാവിയോയാണ് ഈക്വലൈസര്‍ ഗോള്‍ സ്വന്തമാക്കിയത്. ഇതോടെ ലീഡ് നേടാനായി പാല്‍മീറസ് കിണഞ്ഞു ശ്രമിച്ചു.

എന്നാല്‍ മത്സരത്തിന്റെ 83ാം മിനിട്ടില്‍ പാല്‍മീറസിന്റെ പെട്ടിയിലെ ആണിയടിച്ച് പിറന്ന സെല്‍ഫ് ഗോള്‍ ചെല്‍സിയെ വിജയത്തിലെത്തിച്ചു.

ജൂലൈ ഒമ്പതിനാണ് സെമി ഫൈനല്‍ പോരാട്ടം. ഏഷ്യന്‍ സൂപ്പര്‍ ടീം അല്‍ ഹിലാലിനെ പരാജയപ്പെടുത്തിയെത്തിയ തിയാഗോ സില്‍വയുടെ ഫ്‌ളുമിനന്‍സാണ് എതിരാളികള്‍. ക്വാര്‍ട്ടറില്‍ ചെല്‍സി വിജയിച്ചതോടെ ബ്രസീല്‍ ടീമുകളുടെ സെമി പോരാട്ടമെന്ന സ്വപ്‌നത്തിനും അവസാനമായി.

Content Highlight: Club World Cup: Chelsea defeated Palmeiras and advanced to Semi Final

We use cookies to give you the best possible experience. Learn more