ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ബെന്‍ഫിക്കയെ പരാജയപ്പെടുത്തി ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സി ക്വാര്‍ട്ടറില്‍. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് നിലവിലെ കോണ്‍ഫറന്‍സ് ലീഗ് ചാമ്പ്യന്‍മാര്‍ വിജയിച്ചുകയറിയത്.
ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് ബെന്‍ഫിക്ക ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. അധികസമയത്ത് മൂന്ന് ഗോള്‍ നേടിയാണ് ബ്ലൂസ് പോര്‍ച്ചുഗല്‍ സൂപ്പര്‍ ടീമിനെ തകര്‍ത്തുവിട്ടത്.
4-3-3 എന്ന ഫോര്‍മേഷനില്‍ ബെന്‍ഫിക്ക കളത്തിലിറങ്ങിയപ്പോള്‍ 4-2-3-1 എന്ന ആക്രമണശൈലിയാണ് ചെല്‍സി പുറത്തെടുത്തത്.
തുടക്കം മുതല്‍ തന്നെ ചെല്‍സിയാണ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്. എതിരാളികള്‍ കൂടുതല്‍ സമയവും പന്ത് കൈവശം വെച്ച് ആക്രമണം നടത്തിയിട്ടും, തങ്ങളുടെ ഭാഗത്ത് നിന്ന് പിഴവുകളുണ്ടായിട്ടും ആദ്യ പകുതി ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ ബെന്‍ഫിക്കയ്ക്ക് സാധിച്ചു.
മത്സരത്തിന്റെ 64ാം മിനിട്ടില്‍ റീസ് ജെയിംസിലൂടെ ചെല്‍സി ലീഡ് നേടി. ബോക്‌സിന് പുറത്ത് നിന്നും ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് ഇംഗ്ലീഷ് താരം ബ്ലൂസിന് ലീഡ് സമ്മാനിച്ചു.
മത്സരം ആഡ് ഓണ്‍ ടൈമിലേക്ക് കടന്നപ്പോഴും ചെല്‍സിയുടെ കൈവശം ഒറ്റ ഗോളിന്റെ ലീഡ് ഭദ്രമായി തന്നെ തുടര്‍ന്നു. എന്നാല്‍ ആഡ് ഓണ്‍ ടൈമിന്റെ അവസാന നിമിഷം ഹാന്‍ഡ് ബോളിന്റെ പേരില്‍ ലഭിച്ച പെനാല്‍ട്ടി സൂപ്പര്‍ താരം ആന്‍ഹല്‍ ഡി മരിയ പിഴവേതും കൂടാതെ വലയിലെത്തിച്ചതോടെ സ്‌റ്റേഡിയം ആവേശത്താല്‍ ആര്‍ത്തിരമ്പി.
മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്ന് രണ്ടാം മിനിട്ടില്‍ ബെന്‍ഫിക്കയ്ക്ക് തിരിച്ചടിയേറ്റു. പ്രതിരോധ താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി.
എതിര്‍ ടീമില്‍ ഒരാള്‍ കുറഞ്ഞതിന്റെ അഡ്വാന്റേജ് മുതലാക്കിയ ചെല്‍സി എക്‌സ്ട്രാ ടൈമിന്റെ സെക്കന്‍ഡ് ഹാഫില്‍ മൂന്ന് ഗോളുകള്‍ അടിച്ചെടുത്തു. 108ാം മിനിട്ടില്‍ ക്രിസ്റ്റഫര്‍ എന്‍കുകുവും 114ാം മിനിട്ടില്‍ പെഡ്രോ നെറ്റോയും ഗോളടിച്ചപ്പോള്‍ 117ാം മിനിട്ടില്‍ ഡ്യൂസ്ബറി-ഹാളും ഗോള്‍ കണ്ടെത്തിയതോടെ ബെന്‍ഫിക്കയുടെ പോരാട്ടത്തിന് അന്ത്യമായി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ സൂപ്പര്‍ ടീം പാല്‍മീറസിനെയാണ് ചെല്‍സിക്ക് നേരിടാനുള്ളത്. ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മറ്റൊരു ബ്രസില്‍ ടീമായ ബൊട്ടാഫോഗോയെ ഒറ്റ ഗോളിന് തകര്‍ത്താണ് പാല്‍മീറസ് വിജയിച്ചത്. ജൂലൈ അഞ്ചിനാണ് മത്സരം. ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡാണ് വേദി.
Content Highlight: Club World Cup: Chelsea defeated Benfica and advanced to quarter final