ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ കലാശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. ജൂലൈ 14ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ടീമും മുന്‍ ചാമ്പ്യന്‍മാരുമായ ചെല്‍സിയെ നേരിടും.
ബ്രസീലിയന്‍ സൂപ്പര്‍ ടീം ഫ്ളുമിനന്‍സിനെ പരാജയപ്പെടുത്തിയാണ് ചെല്‍സി ഫൈനലിന് ടിക്കറ്റെടുത്തത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പെന്‍ഷനേഴ്സിന്റെ വിജയം. സെമിയില്‍ റയല്‍ മാഡ്രിഡായിരുന്നു പി.എസ്.ജിയുടെ എതിരാളികള്‍. എതിരില്ലാത്ത നാല് ഗോളിനാണ് പി.എസ്.ജി ലോസ് ബ്ലാങ്കോസിനെ തകര്‍ത്തുവിട്ടത്.
രണ്ട് യുവേഫ ചാമ്പ്യന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം എന്ന പ്രത്യേകതയും ചെല്‍സി-പി.എസ്.ജി മത്സരത്തിനുണ്ട്. നിലവിലെ യുവേഫ കോണ്‍ഫറന്‍സ് ലീഗ് ജേതാക്കളാണ് ചെല്‍സി. അതേസമയം, പി.എസ്.ജിയാകട്ടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും.
തങ്ങളുടെ ചരിത്രത്തിലെ മൂന്നാം ഫൈനലിനാണ് ചെല്‍സി കളത്തിലിറങ്ങുന്നത്. 2012ലെ ആദ്യ ഫൈനലില്‍ ബ്രസീല് സൂപ്പര്‍ ടീം കോറിന്തിയന്‍സിനോട് പരാജയപ്പെട്ടപ്പോള്‍ 2021ല്‍ ബ്രസീല്‍ ക്ലബ്ബായ പാല്‍മീറസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ആദ്യ ക്ലബ്ബ് ലോകകപ്പും സ്വന്തമാക്കി.
അതേസമയം, ഇതാദ്യമായാണ് പി.എസ്.ജി ഫൈനലിന് യോഗ്യത നേടിയത്. ഇതുമാത്രമല്ല, ഒരു ഫ്രഞ്ച് ടീം ക്ലബ്ബ് ലോകകപ്പിന്റെ കലാശപ്പോരാട്ടം കളിക്കുന്നതും ഇതാദ്യമായാണ്.
ഇപ്പോള്‍ ഫൈനലിന് മുമ്പേ പി.എസ്.ജിക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ചെല്‍സി നായകന്‍ റീസ് ജെയിംസ്. പി.എസ്.ജി ഇതുവരെ തോല്‍പ്പിച്ച ടീമുകളെ പോലെയല്ല എന്നാണ് റീസ് ജെയിംസ് പറയുന്നത്.
‘പി.എസ്.ജി ഇതുവരെ നേരിട്ട ഇംഗ്ലീഷ് ടീമുകളെ പോലെയല്ല ഞങ്ങള്‍. പി.എസ്.ജി എല്ലാ ടീമുകളെയും തോല്‍പ്പിച്ചു. എന്നാല്‍ ഞായറാഴ്ച ഞങ്ങള്‍ ഒരുപാട് പേരെ അത്ഭുതപ്പെടുത്തും,’ റീസ് ജെയിംസ് പറഞ്ഞു.
റയല്‍ മാഡ്രിഡിനെതിരായ പി.എസ്.ജിയുടെ സെമി ഫൈനല്‍ മത്സരത്തെ കുറിച്ച് ചെല്‍സി സൂപ്പര്‍ താരം ലെവി കോള്‍വിനും സംസാരിച്ചിരുന്നു.
പി.എസ്.ജി മികച്ച ടീമാണ്. പക്ഷെ റയല്‍ മാഡ്രിഡ് ഞങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തരാണ്. അവര്‍ ഞങ്ങളെ പോലെ എതിരാളികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയോ ഞങ്ങളെ പോലെ കളിക്കുകയോ ചെയ്യുന്നില്ല.
ഞങ്ങള്‍ റയല്‍ മാഡ്രിഡിനെ പോലെ അതേ രീതിയില്‍ കളിക്കുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിക്കരുത്. ഞങ്ങള്‍ വ്യത്യസ്തമായ കാര്യങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നു, ഞങ്ങള്‍ തീര്‍ത്തും മറ്റൊരു രീതിയില്‍ കളിക്കുന്നവരാണ്,’ കോള്‍വിന്‍ പറഞ്ഞു.
ഇരുവരും ഫൈനലിലെത്തിയത് ഇങ്ങനെ
ഗ്രൂപ്പ് ഡി-യില്‍ നിന്നുമാണ് നീലപ്പടയാളികള്‍ സെമിയിലേക്ക് കുതിച്ചത്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനക്കാരായാണ് ചെല്‍സി റൗണ്ട് ഓഫ് 16 പോരാട്ടത്തിന് യോഗ്യത നേടിയത്. ലോസ് ആഞ്ചലസ് എഫ്.സിയെയും ഇ.എസ്. ടുണീസിനെയും തകര്‍ത്ത ചെല്‍സി, എന്നാല്‍ ഫ്ളമെംഗോയോട് തോറ്റു.
റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ ടീം ബെന്‍ഫിക്കയായിരുന്നു ചെല്‍സിയുടെ എതിരാളികള്‍. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെന്‍ഷനേഴ്സ് ഒന്നിനെതിരെ നാല് ഗോളിന് ബെന്‍ഫിക്കയെ തകര്‍ത്തുവിട്ടു. ക്വാര്‍ട്ടറില്‍ ബ്രസിലിയന്‍ ക്ലബ്ബ് പാല്‍മീറസിനെയാണ് ചെല്‍സിക്ക് നേരിടേണ്ടി വന്നത്. ഒന്നിനെതിരെ രണ്ട് ഗോളുമായി റീസ് ജെയിംസും സംഘവും അവസാന നാലിന് ടിക്കറ്റെടുത്തു.
അപരാജിതരായി സെമി ഫൈനലിനെത്തിയ തിയാഗോ സില്‍വയുടെ ഫ്‌ളുമിനന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് രണ്ടാം കീരീടം ലക്ഷ്യമിട്ട് മൂന്നാം ഫൈനലിലിനും യോഗ്യതയുറപ്പിച്ചു.
ബൊട്ടാഫോഗോ, അത്ലറ്റിക്കോ മാഡ്രിഡ്, സിയാറ്റില്‍ സൗണ്ടേഴ്സ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ബി-യില്‍ നിന്നും ചാമ്പ്യന്‍മാരായാണ് പി.എസ്.ജി നോക്ക്ഔട്ടിനെത്തിയത്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയുമാണ് ഫ്രഞ്ച് വമ്പന്‍മാര്‍ക്കുണ്ടായിരുന്നത്.
പ്രീ ക്വാര്‍ട്ടറില്‍ മെസിയെയും സംഘത്തെയും എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയ പി.എസ്.ജി ക്വാര്‍ട്ടറില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനും വീഴ്ത്തി.
സെമി ഫൈനലില്‍ ആരും പ്രതീക്ഷിക്കാത്ത വിജയമാണ് പി.എസ്.ജി സ്വന്തമാക്കിയത്. കരുത്തരായ റയലിനെതിരെയാണ് ഏറ്റുമുട്ടുന്നതെങ്കിലും ഒരാള്‍ പോലും പി.എസ്.ജിയെ വിലകുറച്ച് കണ്ടിരുന്നില്ല. എന്നാല്‍ റയലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വികളിലൊന്നാണ് യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ സാബിക്കും സംഘത്തിനും സമ്മാനിച്ചത്.
ടൂര്‍ണമെന്റിന്റെ ആദ്യ ഫൈനലില്‍ ആദ്യ കിരീടമാണ് പി.എസ്.ജി ലക്ഷ്യമിടുന്നത്.
Content highlight: Club World Cup: Chelsea captain Reece James on the final against PSG