ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ യൂവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ പാരീസ് സെന്റ് ജെര്‍മെയ്‌നിനെ തകര്‍ത്ത് ബ്രസീലിയന്‍ സൂപ്പര്‍ ടീം ബൊട്ടാഫോഗോ. റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബൊട്ടഫോഗോ വിജയം സ്വന്തമാക്കിയത്.
4-3-3 ഫോര്‍മേഷനിലാണ് ലൂയീസ് എന്റിക്വ് തന്റെ കുട്ടികളെ കളത്തിലിറക്കിവിട്ടത്. അതേസമയം, ബ്രസീലിയന്‍ ടീമിന്റെ പരിശീലകനും സമാന ഫോര്‍മേഷന്‍ അവലംബിച്ചു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പി.എസ്.ജി അറ്റാക്കിങ് ഗെയ്മിലൂടെ ബൊട്ടാഫോഗോ ഗോള്‍മുഖം ആക്രമിച്ചു. ജൂനിയര്‍ മറഡോണ ഖ്വിച്ച ക്വരാത്‌ഷെലിയ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഗോളിലേക്കെത്തിയില്ല.
മത്സരത്തിന്റെ 36ാം മിനിട്ടിലാണ് ബൊട്ടാഫോഗോ ഗോള്‍ കണ്ടെത്തിയത്. ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ച ഇഗോര്‍ ജീസസ് പി.എസ്.ജി ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡൊണാറൂമ്മയെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
തുടര്‍ന്നും ഇരു ടീമുകളും കൊണ്ടും കൊടുത്തും ഗോളിനായി പൊരുതിക്കളിച്ചെങ്കിലും ഇരുവര്‍ക്കും സ്‌കോര്‍ ചെയ്യാന്‍ മാത്രം സാധിച്ചില്ല.
മത്സരത്തില്‍ 75 ശതമാനവും പന്ത് കൈവശം വെച്ചത് പി.എസ്.ജിയായിരുന്നു. വെറും 25 ശതമാനം സമയം മാത്രമാണ് പന്ത് തട്ടാന്‍ അവസരം ലഭിച്ചതെങ്കിലും ലഭിച്ച അവസരം മുതലാക്കിയതാണ് ബ്രസീലിയന്‍ ക്ലബ്ബിന് തുണയായത്.
പി.എസ്.ജി 16 ഷോട്ടുകളുതിര്‍ത്തെങ്കിലും രണ്ട് ഷോട്ട് മാത്രമാണ് ഗോള്‍വല ലക്ഷ്യമിട്ടുണ്ടായിരുന്നത്. അതേസമയം ബൊട്ടാഫോഗോ തൊടുത്ത നാല് ഷോട്ടും ലക്ഷ്യത്തിലേക്ക് തന്നെയായിരുന്നു.
ഈ വിജയത്തോടെ ഗ്രൂപ്പ് ബി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തെത്താനും ബൊട്ടാഫോഗോയ്ക്ക് സാധിച്ചു. കളിച്ച രണ്ട് മത്സരത്തിലും വിജയിച്ച് ആറ് പോയിന്റുമായാണ് ടീം സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതുള്ളത്.
പി.എസ്.ജി പട്ടികയില്‍ രണ്ടാമതാണ്. അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്. രണ്ട് മത്സരത്തില്‍ നിന്നും മൂന്ന് പോയിന്റാണ് ഇരുവര്‍ക്കമുള്ളത്. രണ്ട് മത്സരത്തില്‍ ഒന്നുപോലും ജയിക്കാനാകാത്ത സിയാറ്റില്‍ സൗണ്ടേഴ്‌സാണ് ഗ്രൂപ്പ് ബി-യിലെ അവസാനക്കാര്‍.
ജൂണ്‍ 24നാണ് ബൊട്ടാഫോഗോയുടെ അടുത്ത മത്സരം. റോസ് ബൗളില്‍ നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് എതിരാളികള്‍.
Content Highlight: Club World Cup: Botafogo defeated PSG