| Monday, 30th June 2025, 7:31 am

2014 ലോകകപ്പ് പോലെ... ജര്‍മന്‍ കരുത്തറിഞ്ഞ് ബ്രസീല്‍; ക്വാര്‍ട്ടറിലേക്ക് ബയേണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ബ്രസീല്‍ സൂപ്പര്‍ ടീം ഫ്‌ളമെംഗോയെ തകര്‍ത്ത് ബുണ്ടസ് ലീഗ സൂപ്പര്‍ ടീം ബയേണ്‍ മ്യൂണിക്. മയാമി ഗാര്‍ഡന്‍സിയലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ബയേണ്‍ വിജയം സ്വന്തമാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ പി.എസ്.ജിയാണ് ബയേണിന്റെ എതിരാളികള്‍.

സൂപ്പര്‍ താരം ഹാരി കെയ്‌നിന്റെ ഇരട്ട ഗോളാണ് ബയേണ്‍ മ്യൂണിക്കിന് തുണയായത്. ലിയോണ്‍ ഗോറെറ്റ്‌സ്‌ക മൂന്നാം ഗോള്‍ നേടിയപ്പോള്‍ എറിക് പുള്‍ഗറിന്റെ സെല്‍ഫ് ഗോളും വലയിലെത്തി. ഫ്‌ളമെംഗോയ്ക്കായി ജെര്‍സണും ജോര്‍ജീന്യോയും ഗോളടിച്ചു.

മത്സരത്തില്‍ ഹാരി കെയ്‌നിനെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ബയേണ്‍ പരിശീലകന്‍ വിന്‍സെന്റ് കോംപാനി ടീമിനെ കളത്തിലിറക്കിയത്. അതേസമയം സമാന ഫോര്‍മേഷനാണ് ഫ്‌ളമെംഗോ പരിശീലകന്‍ ലൂയീസ് ഫിലിപ്പെയും കൈക്കൊണ്ടത്.

ഇരു ടീമുകളും കൊണ്ടും കൊടുത്തും കാണികള്‍ക്ക് വിരുന്നൊരുക്കിയ മത്സരത്തില്‍ ആറാം മിനിട്ടില്‍ തന്നെ ബയേണ്‍ ലീഡ് നേടി. ജര്‍മന്‍ ടീമിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കിലെ അപകടമൊഴിവാക്കാനുള്ള എറിക് പുള്‍ഗറിന്റെ ശ്രമം സ്വന്തം വലയിലെത്തി.

എതിരാളികളുടെ വക ആദ്യ ഗോള്‍ സമ്മാനമായി ലഭിച്ച് കൃത്യം മൂന്നാം മിനിട്ടില്‍ ഹാരി കെയ്ന്‍ ടീമിന്റെ ലീഡ് ഇരട്ടിയാക്കി. ഡയോട്ട് ഉപെംകാനോയുടെ അസിസ്റ്റില്‍ താരം വലകുലുക്കി.

രണ്ട് ഗോള്‍ വഴങ്ങേണ്ടി വന്നതോടെ ബ്രസീല്‍ ടീമും കൂടുതല്‍ ഉണര്‍ന്നുകളിച്ചു. 33ാം മിനിട്ടില്‍ ടീം ഗോള്‍ കണ്ടെത്തുകയും ചെയ്തു. സൂപ്പര്‍ താരം ഗെര്‍സണിന്റെ ബുള്ളറ്റ് ഷോട്ട് ബയേണ്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറിന് ഒരു അവസരവും നല്‍കാതെ വലയിലെത്തി.

എന്നാല്‍ ആദ്യ പകുതിക്ക് മുമ്പ് തന്നെ ഈ ഷോട്ടിന് ബയേണ്‍ ലിയോണ്‍ ഗോറെറ്റ്‌സ്‌കയിലൂടെ മറുപടി നല്‍കി. പോസ്റ്റിന് വെളിയില്‍ നിന്നും തൊടുത്ത ഷോട്ട് അഗസ്റ്റിന്‍ റോസിയെ കാഴ്ചക്കാരനാക്കി ഗോള്‍ പോസ്റ്റില്‍ വിശ്രമിച്ചു.

ഇതോടെ ആദ്യ പകുതി 3-1 എന്ന നിലയില്‍ ബയേണ്‍ അവസാനിപ്പിച്ചു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനും ഒപ്പമെത്താനുമായി ബ്രസീല്‍ ടീമിന്റെ ശ്രമം. ഈ ലക്ഷ്യവുമായുള്ള മുന്നേറ്റം 55ാം മിനിട്ടില്‍ പെനാല്‍ട്ടിയിലെത്തി. ഷോട്ടെടുത്ത ജോര്‍ജീന്യോയ്ക്ക് പിഴക്കാതിരുന്നപ്പോള്‍ സ്‌കോര്‍ 3-2.

മത്സരത്തിന്റെ 73ാം മിനിട്ടിലാണ് ഹാരി കെയ്ന്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തുന്നത്. ഇതോടെ രണ്ട് ഗോളിന്റെ ലീഡ് ബയേണ്‍ തിരിച്ചുപിടിക്കുകയും ചെയ്തു. ഫൈനല്‍ വിസില്‍ മുഴങ്ങുന്നതുവരെ ഈ ലീഡ് നിലനിര്‍ത്താന്‍ ജര്‍മന്‍ ടീമിന് സാധിച്ചതോടെ ക്വാര്‍ട്ടറില്‍ സ്ഥാനവുമുറപ്പിച്ചു.

ജൂലൈ അഞ്ചിനാണ് ബയേണ്‍ മ്യൂണിക് – പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. മെഴ്‌സിഡെസ് ബെന്‍സ് സ്‌റ്റേഡിയമാണ് വേദി.

Content Highlight: Club World Cup: Bayern Munich defeated Flamengo

We use cookies to give you the best possible experience. Learn more