| Thursday, 26th June 2025, 8:33 am

ക്ലബ്ബ് വേള്‍ഡ് കപ്പ് യാത്ര അവസാനിച്ചു, ന്യൂസിലാന്‍ഡിന്റെ ഹീറോ ഇനി അധ്യാപകനായി തിരികെ സ്‌കൂളിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ഓക്‌ലന്‍ഡ് എഫ്.സി ക്ലബ്ബ് വേള്‍ഡ് കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരവും കളിച്ചത്. അര്‍ജന്റൈന്‍ സൂപ്പര്‍ ടീമായ ബോക്ക ജൂനിയേഴ്‌സിനെതിരായ മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടി സമനില സ്വന്തമാക്കിയാണ് ഓക്‌ലന്‍ഡ് തിരികെ മടങ്ങുന്നത്.

ഒരു പ്രതീക്ഷകളുമില്ലാതെയാണ് ഓക്‌ലന്‍ഡ് സിറ്റിയെന്ന ന്യൂസിലാന്‍ഡ് ടീം ക്ലബ്ബ് വേള്‍ഡ് കപ്പിനെത്തിയത്. ഓഷ്യാനിക് ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ എന്ന ഒ.എഫ്.സിയെ പ്രതിനിധീകരിച്ച് ക്ലബ്ബ് വേള്‍ഡ് കപ്പിനെത്തിയ ഏക ടീമായിരുന്നു ഓക്‌ലന്‍ഡ് സിറ്റി. ടൂര്‍ണമെന്റിലെ ഏക അമേച്വര്‍ ടീം.

ഗ്രൂപ്പ് തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ഓക്‌ലന്‍ഡിന്റെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കും പോര്‍ച്ചുഗല്‍ ചാമ്പ്യന്‍ ടീമായ ബെന്‍ഫിക്കയും അടങ്ങുന്ന ഗ്രൂപ്പ് സി-യിലാണ് ഓക്‌ലന്‍ഡ് ഇടം നേടിയത്.

ബയേണ്‍ മ്യൂണിക്കിന്റെ നൂറിലൊന്ന് സ്‌ക്വാഡ് വാല്യൂ പോലുമില്ലാത്ത ടീമായിരുന്നു ഓക്‌ലന്‍ഡ് സിറ്റി. പ്രൊഫഷണല്‍ ഫുട്ബോളിനൊപ്പം തന്നെ മറ്റ് ജോലികളും ചെയ്താണ് ടീമിലെ ഓരോ താരങ്ങളും ജീവിതം മുമ്പോട്ട് കൊണ്ടുപോയത്.

ബയേണ്‍ മ്യൂണിക്കിലെ ഹാരി കെയ്ന്‍ ഫുട്ബോളില്‍ നിന്നും ഒരു മാസം കൊണ്ട് സമ്പാദിക്കുന്ന തുക സ്വന്തമാക്കണമെങ്കില്‍ ജീവിതകാലം മുഴുവന്‍ പന്തുതട്ടേണ്ടിയിരുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

അക്കൂട്ടത്തിലൊരാളാണ് ബോക്ക ജൂനിയേഴ്‌സിനെതിരെ ഗോള്‍ നേടി മത്സരം സമനിലയിലെത്തിച്ച പ്രതിരോധ താരം ക്രിസ്റ്റ്യന്‍ ഗ്രേ. രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടീമിലെ അംഗമാണെങ്കിലും അദ്ദേഹം ഒരു അധ്യാപകന്‍ കൂടിയാണ്.

അധ്യാപകവൃത്തിയില്‍ നിന്നും അവധിയെടുത്താണ് അദ്ദേഹം ക്ലബ്ബ് വേള്‍ഡ് കപ്പ് കളിക്കാനെത്തിയത്. ടൂര്‍ണമെന്റില്‍ ടീമിന്റെ യാത്ര അവസാനിച്ചതോടെ അദ്ദേഹം തിരികെ സ്‌കൂളിലേക്ക് മടങ്ങുകയാണ്.

‘ഞാനൊരു ട്രെയ്‌നി പി.ഇ ടീച്ചറാണ്. ഞാന്‍ സ്‌കൂളില്‍ വര്‍ക് ചെയ്യുന്നതിനൊപ്പം പഠിക്കുന്നുമുണ്ട്. ഞാന്‍ വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ നിരവധി അസൈന്‍മെന്റുകള്‍ എന്നെ കാത്തിരിക്കുന്നുണ്ട്,’ ഗ്രേ പറയുന്നു.

കഴിഞ്ഞ ദിവസം ജിയോഡിസ് പാര്‍ക്കില്‍ നടന്ന മത്സരത്തിലാണ് ഓക്‌ലന്‍ഡ് ബോക്ക ജൂനിയേഴ്‌സിനെ സമനിലയില്‍ തളച്ചത്.

മത്സരത്തിന്റെ 26ാം മിനിട്ടിലാണ് അര്‍ജന്റൈന്‍ ടീമിന്റെ പേരില്‍ ആദ്യ ഗോള്‍ കുറിക്കപ്പെടുന്നത്. ബോക്ക ജൂനിയേഴ്സെടുത്ത കോര്‍ണര്‍ കിക്ക് വിഫലമാക്കാനായിരുന്നു ക്രിസ്റ്റ്യന്‍ ഗ്രേയുടെ ശ്രമം.

ഹെഡ്ഡറിലൂടെ താരം അപകടമൊഴിവാക്കാന്‍ ശ്രമം നടത്തിയെങ്കിലും ആ ഷോട്ട് പോസ്റ്റിലിടിക്കുകയും റീബൗണ്ട് ചെയ്ത് ഗോള്‍ കീപ്പര്‍ നഥാന്‍ കൈല്‍ ഗാരോയുടെ ദേഹത്തിടിച്ച് വലയിലെത്തുകയുമായിരുന്നു.

ഇതോടെ ആദ്യ പകുതി ഒരു ഗോളിന്റെ ലീഡുമായി ബോക്ക ജൂനിയേഴ്സ് മുന്നിട്ടുനിന്നു.

മത്സരത്തിന്റെ 52ാം മിനിട്ടിലാണ് ചരിത്രം കുറിച്ചുകൊണ്ട് ഗ്രേ ഓക്‌ലന്‍ഡിനായി വലകുലുക്കിയത്. ലാഗോസ് ജിറാള്‍ഡോയുടെ അസിസ്റ്റില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് താരം സകോര്‍ ചെയ്തത്. ഇതോടെ തിരിച്ചടിക്കാനായി ബോക്ക ജൂനിയേഴ്സ് പലവുരു ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരുവരും ഓരോ ഗോളിന് സമനില പാലിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന സ്ഥാനക്കാരായാണ് മടക്കമെങ്കിലും ഓരോ ഫുട്ബോള്‍ ആരാധകരന്റെയും സ്നേഹവും ബഹുമാനവും നേടിയാണ് ഇവര്‍ പടിയിറങ്ങുന്നത്.

Content Highlight: Club World Cup: Auckland City superstar Christian Grey returns to work as a teacher

We use cookies to give you the best possible experience. Learn more