ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്. ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗദി വമ്പന്‍മാരായ അല്‍ ഹിലാലിനോട് പരാജയപ്പെട്ടാണ് മുന്‍ ചാമ്പ്യന്‍മാര്‍ മടങ്ങിയത്. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു സിറ്റിസണ്‍സിന്റെ പരാജയം.
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചിരുന്നു. അധിക സമയത്താണ് അല്‍ ഹിലാല്‍ വിജയം സ്വന്തമാക്കിയത്.
ആദ്യ വിസില്‍ മുഴങ്ങി ഒമ്പതാം മിനിട്ടില്‍ തന്നെ സിറ്റി ഗോള്‍ നേടി. ഗോള്‍ മുഖത്തിലെ അടിതടകള്‍ക്ക് ശേഷം ക്യാപ്റ്റന്‍ ബെര്‍ണാര്‍ഡോ സില്‍വ സിറ്റിക്ക് ലീഡ് സമ്മാനിച്ചു.
മത്സരത്തിന്റെ ആദ്യ പകുതി മാഞ്ചസ്റ്റര്‍ സിറ്റിയാണ് അടക്കിഭരിച്ചത്. നിരവധി ഷോട്ടുകളുമായി അല്‍ ഹിലാല്‍ ഗോള്‍ മുഖം വിറപ്പിച്ചുനിര്‍ത്താന്‍ സിറ്റിക്കായി. ഗോള്‍ കീപ്പര്‍ യാസിന്‍ ബോണോയുടെ മികവ് ഒന്ന് മാത്രമാണ് കൂടുതല്‍ ഗോള്‍ വീഴാതിരിക്കാന്‍ കാരണമായത്.
ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച സിറ്റിയെ ഞെട്ടിച്ച് ആദ്യ മിനിട്ടില്‍ തന്നെ ഹിലാല്‍ സ്‌കോര്‍ ചെയ്തു. സിറ്റി ഗോള്‍ പോസ്റ്റിന് മുമ്പിലെ കൂട്ടപ്പൊരിച്ചിലിന് പിന്നാലെ മാര്‍ക്കസ് ലിയാനാര്‍ഡോ ടീമിനെ ഒപ്പമെത്തിച്ചു.
52ാം മിനിട്ടില്‍ ജാവോ കാന്‍സെലോയുടെ അസിസ്റ്റില്‍ മാല്‍കം ടീമിനെ മുമ്പിലെത്തിച്ചു. ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്നും പന്ത് സ്വീകരിച്ച മാല്‍ക്കം ഒറ്റയ്ക്ക് മുന്നേറി സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണെ മറികടന്ന് പന്ത് വലയില്‍ നിക്ഷേപിച്ചു.
ലീഡ് വഴങ്ങി മൂന്നാം മിനിട്ടില്‍ തന്നെ എര്‍ലിങ് ഹാലണ്ട് സിറ്റിയെ ഒപ്പമെത്തിച്ചു. കോര്‍ണറില്‍ നിന്നുമാണ് മാന്‍ സിറ്റിയുടെ ഈക്വലൈസര്‍ ഗോള്‍ പിറന്നത്.
തുടര്‍ന്ന് നിരവധി മുന്നേറ്റങ്ങളുണ്ടായെങ്കിലും ഇരുവര്‍ക്കും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
94ാം മിട്ടില്‍ കാലിദൗ കലിബൗലിയിലൂടെ ഹിലാല്‍ വീണ്ടും മുമ്പിലെത്തി. റൂബന്‍ നെവെസെടുത്ത കോര്‍ണര്‍ കിക്കില്‍ കൃത്യമായി തലവെച്ചാണ് താരം സൗദി ക്ലബ്ബിനെ മുമ്പിലെത്തിച്ചത്. എന്നാല്‍ അധികം വൈകാതെ ഫില്‍ ഫോഡനിലൂടെ സിറ്റിയും തിരിച്ചടിച്ചു.
എന്നാല്‍ 112ാം മിനിട്ടില്‍ മറ്റൊരു കൂട്ടപ്പൊരിച്ചിലിന് പിന്നാലെ മാര്‍കസ് ലിയനാര്‍ഡോ ഒരിക്കല്‍ക്കൂടി വലകുലുക്കിയതോടെ സിറ്റിയുടെ യാത്രയ്ക്ക് അന്ത്യമായി.
ശേഷിച്ച എട്ട് മിനിട്ടില്‍ സിറ്റി മുന്നേറ്റത്തെ സ്‌കോര്‍ ചെയ്യാന്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്തിയതോടെ അല്‍ ഹിലാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
ജൂലൈ അഞ്ചിനാണ് അല്‍ ഹിലാല്‍ സൂപ്പര്‍ 8 പോരാട്ടത്തിനിറങ്ങുന്നത്. ഇന്റര്‍ മിലാനെ തോല്‍പ്പിച്ചെത്തിയ ബ്രസീല്‍ സൂപ്പര്‍ ടീം ഫ്‌ളുമിനന്‍സാണ് എതിരാളികള്‍.
Content Highlight: Club World Cup: Al Hilal defeated Manchester City