ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ബൊട്ടഫോഗോയെ പരാജയപ്പെടുത്തി പാല്‍മീറസ് ക്വാര്‍ട്ടറില്‍. ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡില്‍ നടന്ന റൗണ്ട് ഓഫ് 16 മത്സരത്തില്‍ എതിരില്ലാത്ത ഒറ്റ ഗോളിനാണ് പാല്‍മീറസ് വിജയിച്ചുകയറിയത്.
മത്സരത്തില്‍ നിശ്ചിത സമയത്തും ആഡ് ഓണ്‍ സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചപ്പോള്‍ എക്‌സ്ട്രാ ടൈമിലാണ് പാല്‍മീറസ് ഗോള്‍ സ്വന്തമാക്കിയത്. രണ്ട് ബ്രസീല്‍ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്‌സിന്റെ പോരാട്ടത്തിനും അവസാനമായി.
വിടോര്‍ റോക്വെയെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 എന്ന ഫോര്‍മേഷനിലാണ് പാല്‍മീറസ് കളത്തിലിറങ്ങിയത്. അതേസമയം ബോട്ടാഫോഗോ 4-3-3 ഫോര്‍മേഷനും അവലംബിച്ചു.
മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. കൊണ്ടും കൊടുത്തും ഇരുവരും മുന്നേറിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. മത്സരത്തിലൊന്നാകെ ഇരു ടീമുകളുടെയും മികച്ച മുന്നേറ്റങ്ങള്‍ക്കാണ് ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സാക്ഷിയായത്.
90 മിനിട്ട് പൂര്‍ത്തിയായിട്ടും ആഡ് ഓണ്‍ സമയം അനുവദിച്ചിട്ടും ഇരുവരെയും തമ്മില്‍ വേര്‍തിരിക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം അധികസമയത്തേക്ക് കടന്നു.
100ാം മിനിട്ടില്‍ മത്സരത്തിലെ ഏക ഗോള്‍ പിറന്നു. റിച്ചാര്‍ഡ് റയോസിന്റെ അസിസ്റ്റില്‍ പൗളീന്യോയാണ് ഗോള്‍ കണ്ടെത്തിയത്. പെനാല്‍ട്ടി ബോക്‌സിന്റെ തൊട്ടുമുമ്പില്‍ വെച്ച് റയോസ് ഇട്ടുനല്‍കിയ പന്ത് മികച്ച ഫിനിഷിലൂടെ പൗളീന്യോ വലയിലെത്തിച്ചു.
ഗോള്‍ വഴങ്ങിയതിന് പിന്നാലെ ബൊട്ടാഫോഗോയും ആക്രമണത്തിന് ശക്തികൂട്ടി. പാല്‍മീറസ് ഗോള്‍മുഖം പലവുരു ഭീഷണിയിലായെങ്കിലും ഒന്നും ഗോളിലേക്ക് വഴിമാറിയില്ല.
117ാം മിനിട്ടില്‍ പ്രതിരോധ താരം ഗുസ്താവോ ഗോമസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് പാല്‍മീറസിനെ അല്‍പ്പമൊന്ന് ബാക്ക്ഫൂട്ടിലേക്കിറക്കി. അവസാന മൂന്ന് മിനിട്ടില്‍ എതിര്‍ ടീം പത്ത് പേരായി ചുരുങ്ങിയതിന്റെ അഡ്വാന്റേജ് മുതലാക്കാനും ബോട്ടാഫോഗോയ്ക്ക് സാധിച്ചില്ല. 120ാം മിനിട്ടില്‍ ലഭിച്ച കോര്‍ണറും വലയിലെത്താതെ പോയതോടെ ബൊട്ടാഫോഗോയ്ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങി.
ഇതേ വേദിയില്‍ ജൂലൈ അഞ്ചിനാണ് പാല്‍മീറസ് ക്വാര്‍ട്ടറിനിറങ്ങുന്നത്. ഇംഗ്ലണ്ട് വമ്പന്‍മാരായ ചെല്‍സിയാണ് എതിരാളികള്‍.
Content Highlight: Club Football: Palmeiras defeated Botafogo and advances to quarter finals