| Friday, 2nd May 2025, 5:12 pm

കാലാവസ്ഥ വ്യതിയാനം; സംസ്ഥാനത്ത് ഡെങ്കിപ്പനി എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് വിലയിരുത്തല്‍.

എല്ലാ തദ്ദേശസ്ഥാപനങ്ങളും മെയ് 15നകം മൈക്രോ പ്ലാന്‍ തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ എല്ലായിടത്തും ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

കൊതുക് ജന്യരോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ആരോഗ്യ ജാഗ്രത കലണ്ടറുകള്‍ പ്രകാരം ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങള്‍ കൃത്യമായി കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി പൊതുജനാരോഗ്യം ശക്തമാക്കണമെന്നും പൊതുജനാരോഗ്യ നിയമപ്രകാരം സ്വകാര്യ ആശുപത്രികളുള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

മഴക്കാലം മുന്നില്‍ കണ്ട് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ഇത്തരത്തില്‍ കൃത്യമായ വിലയിരുത്തല്‍ നടത്തി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

Content Highlight: Climate change; Dengue fever, rabies likely to increase in the state, says Health Department

We use cookies to give you the best possible experience. Learn more