| Tuesday, 5th November 2013, 8:54 pm

അരവിന്ദ് കേജ്‌രിവാളിന് പ്രചരണത്തിനിറങ്ങാന്‍ തസ്‌ലിമക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച മുസ്‌ലിം പുരോഹിതന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: ദല്‍ഹി ഇലക്ഷനില്‍ ആദ്യമായി മത്സരത്തെ നേരിടുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി വിവാദങ്ങളില്‍ അകപ്പെട്ട ഉത്തര്‍പ്രദേശ് പുരോഹിതന്‍ മൗലാന തൗഖീര്‍ റാസാ ഖാന്‍ പ്രചരണത്തിനിറങ്ങുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്‌റിനെതിരെ അവരുടെ എഴുത്തുകള്‍  ഇസ്‌ലാമികവിരുദ്ധമാണെന്ന് കാണിച്ച് ഫത്‌വ പുറപ്പെടുവിച്ചതിലൂടെ വിവാദങ്ങളില്‍ അകപ്പെട്ട പുരോഹിതനാണ് ഇദ്ദേഹം.

ആംആദ്മി പാര്‍ട്ടിയുടെ ചില റാലികളെ താന്‍ അഭിസംബോധന ചെയ്യാം എന്ന് പുരോഹിതന്‍ വാക്ക് നല്‍കിയിരുന്നു. അതേസമയം ഖാനിനെ സന്ദര്‍ശിക്കുന്നതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നാണ് അരവിന്ദ് കേജ്‌രിവാളിന്റെ വാദം.

താന്‍ ഈ സന്ദര്‍ശനത്തില്‍ സാമുദായികപരമായി ഒന്നും കാണുന്നില്ലെന്നും പിന്‍തുണ അഭ്യര്‍ത്ഥിച്ച് തങ്ങളുടെ പാര്‍ട്ടി പള്ളികളും അമ്പലങ്ങളും ഒരുപോലെ സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കേജ്‌രിവാള്‍ ദേശീയവിരുദ്ധകാര്യങ്ങളെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ബി.ജെ.പി യുടെ സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.

ബറേലിയില്‍ ധാരാളം സുന്നി മുസ്ലിം അനുയായികളുള്ള ഖാന്‍ പ്രശസ്തമായ പുരോഹിത കുടുംബത്തിലെ അംഗവും കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു സീറ്റ് നേടിയ ഇതിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സിലിന്റെ നേതാവുമാണ്.

സംസ്ഥാനത്തിലെ ഭരണകക്ഷി സമാജ്‌വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയുമാണ് ഇതിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍.

എന്നാല്‍ മുസാഫിര്‍ നഗര്‍ പ്രശ്‌നത്തിലെ അഖിലേഷ് യാദവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തൗഖീര്‍ റാസാഖാന്‍ സര്‍ക്കാര്‍ പദവി രാജി വെക്കുകയും പിന്നീട് മുലായം സിങ് യാദവുമായി ചേര്‍ന്ന് ഭിന്നത പറഞ്ഞൊതുക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more